നിലവിളക്കും ലീഗിലെ കമാലിസ്റ്റുകളും

കേരളത്തിലെ മുന്‍നിര ‘സെക്കുലര്‍’ എഴുത്തുകാരനായ ഹമീദ് ചേന്ദമംഗലൂര്‍ എഡിറ്റ് ചെയ്ത് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ഏകീകൃത സിവില്‍ കോഡ്: അകവും പുറവും’. പ്രമുഖ യുക്തിവാദി നേതാവായ യു. കലാനാഥന്‍, ഇന്ത്യയില്‍ നടപ്പാക്കേണ്ട ഏകീകൃത സിവില്‍ കോഡിന്‍െറ ഒരു മാതൃക ഈ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. കലാനാഥന്‍െറ മാതൃകാ സിവില്‍ കോഡില്‍ ‘ശവസംസ്കാരം’ എന്ന തലക്കെട്ടിലെ നിര്‍ദേശം ഇങ്ങനെയാണ്: ‘ദഹിപ്പിക്കല്‍ രീതിയാണ് ഉത്തമമായിട്ടുള്ളത്. അതിന് തടസ്സമുണ്ടെങ്കില്‍ കുഴിച്ചിടുന്ന രീതിയാവാം’. യുക്തിവാദി നേതാവ് സമര്‍പ്പിക്കുന്ന ഏകീകൃത സിവില്‍ കോഡില്‍, പഞ്ചായത്തുകള്‍ തോറും മൃതദേഹങ്ങള്‍ ഉപയോഗിച്ചുള്ള വളനിര്‍മാണ ഫാക്ടറികള്‍ തുടങ്ങണമെന്ന് നിര്‍ദേശിക്കുന്നതായിരുന്നു കൂടുതല്‍ യുക്തിസഹമാവുക. അതിനു പകരം, നാട്ടിലെ സവര്‍ണവിഭാഗങ്ങളുടെ ശവസംസ്കാര രീതി ഏകീകൃത സിവില്‍ കോഡിന്‍െറ ഭാഗമാക്കണമെന്ന്  നിഷ്കര്‍ഷിക്കുന്നത് വെറുതെയങ്ങ് സംഭവിക്കുന്നതല്ല. കളങ്കമില്ലാത്ത സവര്‍ണബോധമാണ് നമ്മുടെ നാട്ടില്‍ യുക്തിവാദമായും മതേതരത്വമായും മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത് എന്നതിന്‍െറ മികച്ചൊരു സൂചകം മാത്രമാണത്. സവര്‍ണ സംസ്കാരത്തെ മതേതര സംസ്കാരമായി വ്യാഖ്യാനിക്കുകയും തുടര്‍ന്ന് ദേശീയ സംസ്കാരമായി അടിച്ചേല്‍പിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമാണ്. ഈ ‘ദേശീയ സംസ്കാര’ത്തിന്‍െറ ഏറ്റവും മഹത്ത്വവത്കരിക്കപ്പെട്ട ബിംബമായി കേരളത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട വസ്തുവാണ് നിലവിളക്ക്. പരിപാടികള്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ നിലവിളക്ക് കത്തിക്കുകയെന്നത് ദേശീയ മതേതര സംസ്കാരത്തിന്‍െറ ഭാഗമാണെന്നാണ് നാട്ടില്‍ മതേതരവാദികളില്‍ ഒരു വിഭാഗവും ഹിന്ദുത്വവാദികളും വാദിക്കുന്നത്. ഇങ്ങനെ വിളക്ക് കത്തിക്കുന്നതില്‍ തങ്ങള്‍ക്ക് വിശ്വാസപരമായ വിയോജിപ്പുകളുണ്ടെന്ന് പറയുന്നവരെ ദേശദ്രോഹികളും തീവ്രവാദികളുമാക്കുകയെന്നതാണ് അടുത്ത പടി.
നിലവിളക്ക് അടുത്തിടെ വീണ്ടും വിവാദങ്ങളിലേക്ക് വന്നതിന് പല കാരണങ്ങളുണ്ട്. നടന്‍ മമ്മൂട്ടി മന്ത്രി അബ്ദുറബ്ബിനെ മഹത്തായ ഈ ‘ദേശീയ സംസ്കാരം’ ഉള്‍ക്കൊള്ളേണ്ടതിന്‍െറ പ്രാധാന്യത്തെക്കുറിച്ച് പൊതുവേദിയില്‍ വിസ്തരിച്ച് ഉപദേശിച്ചതാണ് ഒന്ന്. മമ്മൂട്ടിയുടെ ഉപദേശത്തെ പക്ഷേ, മന്ത്രിയും മന്ത്രിയുടെ പാര്‍ട്ടിയും ഗൗനിച്ചില്ല. സാമൂഹിക മാധ്യമങ്ങളിലാവട്ടെ, ചെറുപ്പക്കാര്‍ മന്ത്രി അബ്ദുറബ്ബിനൊപ്പം നില്‍ക്കുന്ന അപൂര്‍വ സാഹചര്യവും ഉണ്ടായി. അബ്ദുറബ്ബിനെ നിലവിളക്ക് കൊളുത്തി എതിരേറ്റുകൊണ്ട് ഡി.വൈ.എഫ്.ഐ കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ സമരമായിരുന്നു മറ്റൊന്ന്. ‘ദുര്‍വ്യാഖ്യാനത്തിന് സാധ്യതയുള്ളതിനാല്‍’ ഈ സമരം മുന്നോട്ട് കൊണ്ടുപോവേണ്ടതില്ളെന്ന് സംഘടനയുടെ നേതാവ് എം. സ്വരാജ് പത്രസമ്മേളനത്തില്‍ പറഞ്ഞെങ്കിലും അതിന്‍െറ യഥാര്‍ഥ വ്യാഖ്യാനമെന്തെന്ന് അദ്ദേഹം ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. നിലവിളക്ക് വിട്ടുകളിക്കാന്‍ സഖാക്കള്‍ക്കും കഴിഞ്ഞില്ല എന്നതിന്‍െറ തെളിവായിരുന്നു ആ സമരം.
പക്ഷേ, നിലവിളക്ക് ഏറ്റവും ചൂടില്‍ ഇപ്പോള്‍ കത്തിനില്‍ക്കുന്നത് മുസ്ലിം ലീഗിനകത്താണ്. ലീഗിലെ ‘മതേതര-ദേശീയ’ ബ്രിഗേഡിന്‍െറ സ്വയം പ്രഖ്യാപിത കമാന്‍ഡറായ യുവ എം.എല്‍.എ നിയമസഭയില്‍ നടത്തിയ പ്രസംഗമാണ് വിവാദത്തിന്‍െറ തുടക്കം. സവര്‍ണ പൊതുബോധത്തോട് ശൃംഗരിച്ച് മുഖ്യധാരയുടെ പരിലാളന വേണ്ടതിലധികം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നയാളാണ് പ്രസ്തുത നേതാവ്. അടിച്ചേല്‍പിക്കപ്പെടുന്ന പൊതുസംസ്കാരത്തെ വിമര്‍ശിക്കുന്നവരെല്ലാം തീവ്രവാദികളാണെന്ന നാട്ടുനടപ്പിന്‍െറ ശക്തനായ പ്രചാരകനാണ് അദ്ദേഹം. അതിനാല്‍തന്നെ മുഖ്യധാരാ മാധ്യമങ്ങളുടെ പിന്തുണയും കക്ഷിക്ക് ആവശ്യത്തിനുണ്ട്. മുസ്ലിം യുവാക്കളെ തീവ്രവാദക്കെണിയില്‍ കുടുക്കുന്ന ഇന്‍റലിജന്‍സ് ഏജന്‍സികളുമായി സഹകരിക്കുകയും അങ്ങനെ സഹകരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.
നിലവിളക്കിന്‍െറ പേരില്‍ ശക്തമായ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും തങ്ങളുടെ നിലപാടില്‍ എന്നും ഉറച്ചുനിന്നിട്ടുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. തങ്ങളുടെ വിശ്വാസ, ആചാരങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന കാരണത്താല്‍ ദേശീയ ഗാനം ആലപിക്കപ്പെടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരാണ് യഹോവാ സാക്ഷികള്‍. അവരുടെ ആ അവകാശത്തെ നാട്ടിലെ കോടതികള്‍ വരെ അംഗീകരിച്ചതുമാണ്. അത്തരമൊരു നാട്ടിലാണ് ഭരണഘടനയിലോ ഏതെങ്കിലുമൊരു നിയമത്തിലോ പരാമര്‍ശം പോലുമില്ലാത്ത നിലവിളക്കിന്‍െറ പേരില്‍ ഒരു സമുദായത്തെയും അതിനെ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയെയും വേട്ടയാടുന്ന പ്രവണതയുള്ളത്. അതിനാല്‍തന്നെ, ലീഗിന്‍െറ നിലപാട് വലതു കൈയുയര്‍ത്തി അഭിവാദ്യം ചെയ്യപ്പെടേണ്ടതാണ്.
രാഷ്ട്രീയ വലതുപക്ഷം സാമൂഹിക ജീവിതങ്ങള്‍ക്കുമേല്‍ തങ്ങളുടെ ചമ്മട്ടി പ്രയോഗിക്കുന്ന സമകാലിക സാഹചര്യത്തില്‍ നിലവിളക്കുമായി ബന്ധപ്പെട്ട നിലപാടുകള്‍ രാഷ്ട്രീയമായി കൂടുതല്‍ ആഴമുള്ളതാണ്. നിലവിളക്ക് കൊളുത്തുന്നതില്‍ വിശ്വാസപരമായി പ്രശ്നമില്ലാത്തവര്‍പോലും നിലവിളക്ക് കൊളുത്തിച്ചേ അടങ്ങൂ എന്ന വാശിക്കെതിരെ നിലകൊള്ളുന്ന സന്ദര്‍ഭമാണിത്. ഫാഷിസത്തിനെതിരായിട്ടുള്ള സമരത്തിന്‍െറ ഭാഗമായിട്ടാണ് അവര്‍ അതിനെ കാണുന്നത്. അത്തരമൊരു സന്ദര്‍ഭത്തില്‍, ആ സമരത്തിന്‍െറ മുന്‍നിരയില്‍ നില്‍ക്കേണ്ട മുസ്ലിം ലീഗിനകത്തുനിന്നുതന്നെ വിരുദ്ധാഭിപ്രായങ്ങള്‍ പുറത്തുവരുന്നത് നിസ്സാര കാര്യമല്ല. പക്ഷേ, ആ വിരുദ്ധാഭിപ്രായങ്ങള്‍ നിലവിളക്കുമായി മാത്രം ബന്ധപ്പെട്ട, ഒറ്റപ്പെട്ട കാര്യമല്ല എന്നതാണ് വസ്തുത. കൂടുതല്‍ ആഴങ്ങളുള്ള, മറ്റു ചില ലക്ഷ്യങ്ങളുള്ള ഒരു പദ്ധതിയുടെ മുന മാത്രമാണത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയായിരിക്കെ തന്നെ, മുസ്ലിം സമുദായത്തിന്‍െറ വിശ്വാസ, സാംസ്കാരിക സവിശേഷതകളെ കൂടി പ്രതിനിധാനംചെയ്യാന്‍ മുസ്ലിം ലീഗ് ആവുംവിധം ശ്രദ്ധിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ മതസംഘടനയുടെ മുന്‍നിര നേതാവുതന്നെയാണ് മുസ്ലിം ലീഗിന്‍െറ സംസ്ഥാന പ്രസിഡന്‍റ്. അദ്ദേഹം (അദ്ദേഹത്തിന്‍െറ മുന്‍ഗാമിയും) മുസ്ലിം ലീഗിന്‍െറ സംസ്ഥാന പ്രസിഡന്‍റായിരിക്കെതന്നെ സംസ്ഥാനത്തെ നൂറുകണക്കിന് മഹല്ലുകളുടെ ഖാദി കൂടിയാണ്. മന്ത്രിമാരെ മാത്രമല്ല, മാസപ്പിറവിയും പ്രഖ്യാപിക്കുന്ന ഒരു പദവിയാണത്. അതിനാല്‍തന്നെ സമുദായത്തിന്‍െറ വിശ്വാസ, ആചാരപരമായ വശത്തെകൂടി മുസ്ലിം ലീഗ് പ്രതിനിധാനംചെയ്യുന്നുണ്ട്. ഒരു മതേതര ജനാധിപത്യക്രമത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി അങ്ങനെ നിലനില്‍ക്കാമോ എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് വിയോജിപ്പുകളുണ്ടാവാം. അതെന്തായാലും മുസ്ലിം ലീഗ് അങ്ങനെയാണ്. അങ്ങനെയായതുകൊണ്ടുകൂടിയാണ് മുസ്ലിം സമുദായത്തില്‍ അത് ഇന്നും പ്രബല ശക്തിയായി നിലനില്‍ക്കുന്നത്. ലീഗിന്‍െറ ഈ ആന്തരിക ജൈവഘടനയുടെ സദ്ഫലങ്ങള്‍ പലതും കേരള മുസ്ലിംകള്‍ അനുഭവിക്കുന്നുമുണ്ട്.
എന്നാല്‍, മുസ്ലിം ലീഗിന്‍െറ ഈ ഘടനയെയും സ്വഭാവത്തെയും നശിപ്പിക്കുകയെന്ന വിശാല അജണ്ടയുമായി ചിലര്‍ നടക്കുന്നുണ്ട്. മുസ്ലിംകളെ സാംസ്കാരികമായി നിരായുധരാക്കി നശിപ്പിക്കാന്‍ അത് ആവശ്യമാണ് എന്നു വിചാരിക്കുന്നവരാണവര്‍. മതേതരത്വത്തിന്‍െറ മേല്‍വിലാസത്തില്‍ സവര്‍ണ/ഹിന്ദുത്വ ആശയങ്ങള്‍ കൊണ്ടുനടക്കുന്നവരാണവര്‍. ലീഗിനകത്തെ ഒരു വിഭാഗമായി മികച്ച തുരങ്ക സൗഹൃദം വികസിപ്പിച്ചെടുക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്. സൗകര്യത്തിനുവേണ്ടി, ലീഗിനകത്തെ ‘കമാലിസ്റ്റു’കള്‍ എന്ന് നമുക്കവരെ വിളിക്കാം. തുര്‍ക്കിയില്‍, സാമൂഹിക ജീവിതത്തിന്‍െറ സകല ഇടപാടുകളില്‍നിന്നും ഇസ്ലാമിക സാംസ്കാരിക ചിഹ്നങ്ങള്‍ തുടച്ചുനീക്കാന്‍, സ്വേച്ഛാധിപത്യ നടപടികള്‍ സ്വീകരിച്ച മുസ്തഫാ കമാല്‍ അത്താതുര്‍ക്കിന്‍െറ രീതിയെയാണ് കമാലിസം പ്രതിനിധാനംചെയ്യുന്നത്. പെണ്‍കുട്ടികളുടെ തട്ടം മാത്രമല്ല, അറബി ഭാഷയും ലിപിയും വരെ നിരോധിച്ചവരാണവര്‍. മതേതര ഫാഷിസം എന്നു വിളിക്കാവുന്ന പ്രതിഭാസം. അതിന്‍െറ സൂചനകളും ലക്ഷണങ്ങളും കേരളത്തിലും കാണാം. ബാങ്കുവിളി മലയാളത്തിലാക്കണമെന്ന കാമ്പയിന് കേരളത്തില്‍ നേതൃത്വം നല്‍കുന്നത് നേരത്തേപറഞ്ഞ മതേതര പൊതുധാരയുടെ ത്രസിക്കുന്ന ബിംബമായ എഴുത്തുകാരനാണ്. സംസ്കൃത ശ്ളോകങ്ങളും ബിഷപ് മുതല്‍ മെത്രാപ്പോലീത്ത വരെയുള്ള ക്രിസ്ത്യന്‍ ടെര്‍മിനോളജികളും പ്ളീനം മുതല്‍ പോളിറ്റ് ബ്യൂറോ വരെ കമ്യൂണിസ്റ്റ് പദാവലികളും മലയാളീകരിക്കണമെന്ന് അദ്ദേഹം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ഇദ്ദേഹത്തെക്കുറിച്ചുതന്നെയാണ് ആര്‍.എസ്.എസ് മുഖവാരിക ‘കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കപ്പെടേണ്ട എഴുത്തുകാരന്‍’ എന്ന് വിലയിരുത്തിയത്. വലതുപക്ഷ മതേതരവാദത്തിന്‍െറ പ്രചാരകരായ ചില റിട്ടയേര്‍ഡ് മാഷന്മാരും കോഴിക്കോട്ടെ ഒരു വിദ്യാലയ നടത്തിപ്പുകാരനും അവരുമായി ബന്ധപ്പെട്ട ചിലരും ചേര്‍ന്ന ഒരു കോക്കസ് ആണ് ലീഗിലെ നിലവിളക്ക് വിരുദ്ധ മുന്നണിയെ പിന്നില്‍നിന്ന് നയിക്കുന്നത്. നേരത്തേപറഞ്ഞ യുവ എം.എല്‍.എയുടെ നിയമസഭാ പ്രസംഗം നടക്കുന്നതിന് മുമ്പ് അവരില്‍ ചിലര്‍ കോഴിക്കോട്ട് യോഗം ചേര്‍ന്നിരുന്നു എന്നതും വസ്തുതയാണ്. നിലവിളക്കിലെ ലീഗ് നിലപാടിനെ തള്ളിക്കളയുന്ന പ്രസ്താവം നിയമസഭയില്‍തന്നെ നടത്താന്‍ പ്രസ്തുത എം.എല്‍.എക്ക് ധൈര്യം നല്‍കിയത് ഇത്തരമൊരു കോക്കസിന്‍െറ പ്രോത്സാഹനവും മുഖ്യധാരയുടെ പിന്തുണ ലഭിക്കുമെന്ന വിശ്വാസവുമാണ്. എന്നാല്‍, നിലപാടിനെ തള്ളിക്കൊണ്ട് ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ തന്നെ രംഗത്തുവന്നത് പ്രശ്നത്തെ കൂടുതല്‍ തെളിച്ചത്തിലേക്ക് കൊണ്ടുവന്നു.
ദേശീയ സെക്രട്ടറി വ്യക്തത വരുത്തിയിട്ടും അതിനെതിരെ പരസ്യനിലപാട് എടുത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മാത്രമായ എം.കെ. മുനീര്‍ രംഗത്തുവന്നതും ശ്രദ്ധിക്കപ്പെടുകയുണ്ടായി. നേരത്തേപറഞ്ഞ കുറുസഖ്യത്തിന്‍െറ ഭാഗം എന്ന നിലക്കാണ് മുനീര്‍ അങ്ങനെ രംഗത്തുവന്നത്. രഹസ്യാന്വേഷണ ഏജന്‍സികളിലും ഹിന്ദുത്വ വലതുപക്ഷത്തിലുംപെട്ട ചിലരുടെ പിന്തുണകൂടി ഈ കമാലിസ്റ്റ് കുറുമുന്നണിക്കുണ്ട്. ലീഗിന്‍െറ ജനിതകഘടനയില്‍ അടിമേല്‍ മാറ്റംവരുത്തിയാലേ തങ്ങളുടെ മറ്റുചില ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ കഴിയൂ എന്ന് വിചാരിക്കുന്ന ചില പുറംശക്തികളാണ് യഥാര്‍ഥത്തില്‍ ഇതിനുപിന്നില്‍. അവര്‍ തമ്മിലുള്ള സംഘര്‍ഷം ഇനിയുള്ള നാളുകളില്‍ ലീഗിനകത്തുണ്ടാവും. ഏതാനും വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കമെന്നതിനപ്പുറമുള്ള വ്യാപ്തി ഈ പ്രശ്നത്തിനുണ്ട് എന്നര്‍ഥം. വളരെ പ്രത്യക്ഷമായി ലീഗിനകത്ത് ഗ്രൂപ്പുണ്ടാക്കി കാര്യങ്ങള്‍ നടപ്പാക്കിക്കളയാം എന്ന് ഈ കുറുമുന്നണിയും വിചാരിക്കുന്നില്ല. അത് തിരിച്ചടിക്കുമെന്ന തികഞ്ഞ ബോധ്യവും അവര്‍ക്കുണ്ട്. പതിയപ്പതിയെ സംഘടനാ നേതൃസ്ഥാനങ്ങളിലേക്ക് കടന്നുകയറുക എന്നതാണ് പദ്ധതി. പാര്‍ലമെന്‍ററി രംഗത്തുനിന്ന് സംഘടനാ നേതൃസ്ഥാനത്തേക്കുവരാന്‍ താല്‍പര്യപ്പെട്ടുകൊണ്ട് ഈ ബ്രിഗേഡില്‍പെട്ട ചിലര്‍ സംസ്ഥാന നേതൃത്വത്തെ സമീപിച്ചതും ഇതിന്‍െറ ഭാഗമാണ്. ചുരുക്കത്തില്‍ നിലവിളക്ക് വെറുമൊരു വിളക്കിന്‍െറ വിഷയമല്ല. ഭാവി ലീഗിന്‍െറ ഘടനയെയും സ്വഭാവത്തെയും കുറിച്ച ഗൗരവപ്പെട്ട വിഷയമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.