‘അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം’ എന്നാണ് നാരായണഗുരു ‘ആത്മോപദേശ ശതക’ത്തില്‍ എഴുതിയിരിക്കുന്നത്. നടേശഗുരു ബൈഹാര്‍ട്ട് പഠിച്ച ഏകപദ്യം അതാണ്. അതനുസരിച്ചാണിപ്പോള്‍ കാര്യങ്ങള്‍ നടത്തുന്നത്. ഗുരുവിന്‍െറ വചനങ്ങള്‍ തന്നാലാവുംവിധം ജീവിതത്തില്‍ പകര്‍ത്തുന്നയാളാണ് നടേശഗുരു എന്ന സത്യം പലര്‍ക്കുമറിയില്ല. നാരായണഗുരുവിന്‍െറ ആത്മോപദേശ ശതകവും നടേശഗുരുവിന്‍െറ ആത്മസുഖാന്വേഷനടപടികളും ചേര്‍ത്തു വായിച്ചുനോക്കൂ. സംഗതി സത്യമാണ് എന്ന് തെളിയും. ഇത്രയുംനാള്‍ ഗുരുവിന്‍െറ കാല്‍പാടുകള്‍ സിമന്‍റിട്ട് അടക്കുന്ന ആള്‍ എന്ന പേരുദോഷമുണ്ടായിരുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുവചനം തിരുത്തി ജാതി ചോദിക്കണം, ചോദിച്ചില്ളെങ്കിലും പറയണം എന്നു പറഞ്ഞവന്‍. മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്നുപറഞ്ഞ ഗുരുവിനെ ധിക്കരിച്ച് മദ്യക്കച്ചവടം നടത്തിയവന്‍. അതൊക്കെ പഴങ്കഥ. കണിച്ചുകുളങ്ങരയില്‍നിന്ന് നവകേരളത്തിന്‍െറ നവോത്ഥാനകാഹളം മുഴക്കുകയാണ് ഇപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍.
വയസ്സ് എഴുപത്തെട്ട്. ഏതു പ്രായത്തിലായാലും ആത്മസുഖം ഇല്ലാതെവന്നാല്‍ ഡോക്ടറെ കാണുകയാണ് എല്ലാവരും ചെയ്യുക. ഈയിടെയായി ശരീരത്തിനും മനസ്സിനും വല്ലാത്ത സുഖക്കേട് തോന്നിത്തുടങ്ങിയിരിക്കുന്നു. കേരളത്തിലെ ഭിഷഗ്വരന്മാര്‍ ചികിത്സിച്ചാല്‍ ഭേദമാവാത്ത ഇനം സൂക്കേടാണ് പിടിപെട്ടിരിക്കുന്നത് എന്നു ബോധ്യമായതുകൊണ്ട് അങ്ങ് ഉത്തരേന്ത്യയില്‍നിന്നാണ് ഡോക്ടറെ കൊണ്ടുവന്നത്. പേര് ഡോ. പ്രവീണ്‍ തൊഗാഡിയ. ആള് അര്‍ബുദരോഗ വിദഗ്ധനാണ്. ശരീരത്തിലും മനസ്സിലും വര്‍ഗീയതയുടെ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകിക്കൊണ്ടിരിക്കുന്നതിന്‍െറ ചില സൂചനകള്‍ കിട്ടിത്തുടങ്ങിയിട്ട് കാലം കുറച്ചേ ആയിട്ടുള്ളൂ. കോശങ്ങളുടെ ഈ പെരുപ്പം ആത്മസുഖം കളയുമോ എന്നൊരു പേടി. ആദ്യം പരിശോധിച്ചത് രക്തസമ്മര്‍ദത്തിന്‍െറ അളവാണ്. ഈഴവഞരമ്പിലൊന്നു തൊട്ടതേയുള്ളൂ. ഹിന്ദുത്വമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാവുന്ന നടേശഗുരുവിന്‍െറ അന്തരംഗം ആ സിരകളില്‍ തുടിക്കുന്നുണ്ടായിരുന്നു. ധമനികളില്‍ പതഞ്ഞൊഴുകുന്നുണ്ടായിരുന്നു വര്‍ഗീയവികാരം. പകച്ചുപോയി നടേശഗുരുവിന്‍െറ വാര്‍ധക്യം. വര്‍ഗീയസമ്മര്‍ദത്തിന്‍െറ കൃത്യമായ അളവും കണക്കും തൊഗാഡിയ ഡോക്ടറുടെ പക്കലുണ്ട്. ഈ സുഖക്കേടു മാറ്റി ആത്മസുഖം നേടാനായി ആചരിക്കുന്നവ കേരളത്തിലുള്ളവര്‍ക്ക് സുഖത്തിനായി വരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. യോഗം വൈസ് പ്രസിഡന്‍റും നടേശഗുരുവിന്‍െറ പുത്രനുമായ തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭയിലത്തെിച്ച് കേന്ദ്രമന്ത്രിയാക്കിയാല്‍ സിരകളില്‍ തുടിച്ചുകയറുന്ന വര്‍ഗീയ സമ്മര്‍ദത്തിന് ആക്കം കിട്ടും. വിശ്വഹിന്ദു പരിഷത്ത് തുടങ്ങുന്ന സ്ഥാപനങ്ങളുടെ മേല്‍നോട്ടം വെള്ളാപ്പള്ളിക്കു കിട്ടുമെന്നാണ് ഡോ. തൊഗാഡിയ മറ്റൊരു ചികിത്സാവിധിയായി പറഞ്ഞത്. അതും ആത്മസുഖം തരുന്ന വാഗ്ദാനം. അഖിലരുമാത്മസുഖത്തിനായ് പ്രയത്നം സകലവുമിങ്ങു സദാപി ചെയ്തിടുന്നു എന്നു ഗുരു പറഞ്ഞത് വെറുതെയല്ല. ഈ പ്രയത്നത്തിന്‍െറ ഭാഗമായിരുന്നു ശ്രീ നടേശധര്‍മപരിപാലനയോഗം ചേര്‍ത്തലയില്‍ സംഘടിപ്പിച്ച കാര്‍ഷിക-ആരോഗ്യ സെമിനാറും ഡല്‍ഹിയില്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയും.
ഹിന്ദുത്വവീര്യം കൂടിയതിന്‍െറ അസുഖം മാറ്റാന്‍ ആത്മോപദേശ ശതകത്തില്‍ ഗുരു ഇങ്ങനെ ഉപദേശിക്കുന്നുണ്ട്. നടേശഗുരുവിന്‍െറ ഓര്‍മയിലേക്കായി അത് ഇവിടെ കുറിക്കട്ടെ: ‘പല മതസാരവുമേകമെന്നു പാരാതുലകിലൊരാനയിലന്ധരെന്നപോലെ പലവിധയുക്തി പറഞ്ഞു പാമരന്മാരലവതു കണ്ടലയാതമര്‍ന്നിടേണം.’ എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയാണെന്നു മനസ്സിലാക്കാതെ ആനയെക്കണ്ട അന്ധന്മാരെപ്പോലെ പലതരത്തിലുള്ള യുക്തികള്‍ പറഞ്ഞ് മഠയന്മാര്‍ എങ്ങുമത്തൊതെ അലയുന്നതുകണ്ട് അലയാതെ, സ്വയം ശാന്തരായി കഴിയുക എന്നാണ് ഗുരുവിന്‍െറ ഉപദേശം. ശ്രീ നടേശപരിപാലനയോഗത്തിന് ഹിന്ദുത്വ അജണ്ടയുണ്ട് എന്ന് കഴിഞ്ഞ ദിവസം നടേശഗുരു സമ്മതിച്ചിട്ടുള്ളതാണ്. അത് നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഹിന്ദു ജനതയുടെ ഐക്യമാണ് എന്നാണ് അഭിനവഗുരു പറഞ്ഞത്.
ഹിന്ദുമതത്തെ താന്‍ കൈയൊഴിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞയാളാണ് നാരായണഗുരു. നൂറുകൊല്ലം മുമ്പ് 1091 മിഥുനമാസത്തിലെ പ്രബുദ്ധകേരളമെന്ന പ്രസിദ്ധീകരണത്തില്‍ ഗുരു അത് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നടേശഗുരുവിന്‍െറ അസുഖം മാറി അദ്ദേഹത്തിന് ആത്മസുഖം കൈവരിക്കാന്‍ അത് ഇവിടെ ഉദ്ധരിക്കട്ടെ. ‘നാം ജാതിമതഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവില്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേകജാതിയിലോ മതത്തിലോ പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗത്തില്‍ നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായിവരത്തക്കവിധം ആലുവ അദൈ്വതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും മേലും ചേര്‍ക്കുകയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.’ ഗുരുധര്‍മപരിപാലനം നൂറ്റാണ്ടു പിന്നിട്ടപ്പോള്‍ നടേശനും അനന്തരാവകാശി തുഷാറും ഹിന്ദുജനതയുടെ ഐക്യത്തിനായി വിയര്‍പ്പൊഴുക്കുകയാണ്.
രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കാനായിരുന്നു നീക്കം. മണ്ടത്തരമല്ളേ അത്, മറ്റു ജാതിസംഘടനകള്‍ അതിനെ അനുകൂലിക്കുമോ എന്ന് അമിത് ഷാ ജി ചോദിച്ചപ്പോഴാണ് അക്കാര്യത്തിലൊരു തീര്‍പ്പായത്. തല്‍ക്കാലം രാഷ്ട്രീയ പാര്‍ട്ടി വേണ്ട എന്നു തീരുമാനിച്ചു. ആര്‍. ശങ്കറും കെ. സുകുമാരനും സി.ആര്‍. കേശവന്‍ വൈദ്യരുമൊക്കെയുള്‍പ്പെടെയുള്ളവര്‍ നയിച്ച പ്രസ്ഥാനമാണ്. സംഘടനയുടെ പ്രഖ്യാപിതലക്ഷ്യങ്ങളില്‍നിന്ന് വഴിമാറി നടക്കാന്‍ അവര്‍ തയാറായിരുന്നില്ല. ഇപ്പോള്‍ നാരായണനുമില്ല ധര്‍മവുമില്ല പരിപാലനവുമില്ല. ഉള്ളത് തീവ്രഹിന്ദുത്വധര്‍മപരിപാലനമാണ്. ബി.ജെ.പിക്ക് ആള്‍ബലം കൂടുന്നതില്‍ ആനന്ദിച്ചു തുടങ്ങിയിട്ട് കാലം കുറച്ചേ ആയിട്ടുള്ളൂ. മോദിജിയും ഷാ ജിയുമാണ് ഇപ്പോള്‍ ഗുരുവിന്‍െറ സ്ഥാനത്ത്. ‘അനിയന്ത്രിതമായ് ചിലപ്പോഴീ മനമോടാത്ത കുമാര്‍ഗമില്ളെടോ’ എന്ന് എസ്.എന്‍.ഡി.പി യോഗത്തിന്‍െറ ആദ്യ സെക്രട്ടറി കുമാരനാശാന്‍ പാടിയിട്ടുണ്ട്. അങ്ങനെയുള്ള കുമാര്‍ഗങ്ങളിലൂടെയാണിപ്പോള്‍ വഴിനടപ്പ് എന്നു തിരിച്ചറിയണമെങ്കില്‍ നടേശഗുരു വിശദമായ ഒരു ആത്മപരിശോധന നടത്തണം. ‘ഒരുവനു നല്ലതുമന്യനല്ലലും ചേര്‍പ്പൊരു തൊഴിലാത്മവിരോധി,യോര്‍ത്തിടേണം. പരനു പരം പരിതാപമേകിടുന്നോരെരിനരകാബ്ധിയില്‍ വീണെരിഞ്ഞിടുന്നു’ എന്നാണ് ഗുരു പറഞ്ഞത്. ബി.ജെ.പിക്കു നല്ലതും കേരളീയര്‍ക്ക് അല്ലലും നല്‍കുന്ന നടപടി നല്ലതോ എന്ന് ആത്മോപദേശശതകം വായിച്ച് ഉറപ്പാക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.