അഭിമന്യു, വട്ടവടയിലെ തിരുവോണം

മധുരയില്‍ നി​ന്നെത്തി മലയാളികളായവരാണ് വട്ടവട കൊട്ടക്കാമ്പൂര്‍ കോളനിക്കാര്‍. തമിഴ്ചുവ കലര്‍ന്ന മലയാളം പേശുന്നവര്‍. പൊങ്കലും ജെല്ലിക്കെട്ടും ആഘോഷമാക്കുന്ന അവര്‍ക്കിടയിൽ പ്രതീക്ഷകളുടെ തിരുവോണമായി പൂത്തുനിന്ന അഭിമന്യു ഇന്നൊരോര്‍മ മാത്രമായി. എറണാകുളം മഹാരാജാസ് കോളജില്‍ രണ്ടാം വര്‍ഷ ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ഥിയായിരിക്കെ കുത്തേറ്റ് മരിച്ച ‘വട്ടവടയിലെ ശാസ്ത്രജ്ഞന്‍’ ഇല്ലാത്ത ആദ്യ ഓണമാണ് ഇന്നാട്ടുകാര്‍ക്ക്. നിറഞ്ഞുചിരിക്കുന്ന അവ​​​​​​െൻറ ചിത്രങ്ങള്‍ ഇനിയും മാഞ്ഞിട്ടില്ല ഇവിടുത്തെ ചുവരുകളിലും മനസ്സുകളിലും. അവനെയടക്കിയ കുടീരത്തില്‍ കുന്നുകൂടിയ പുഷ്പചക്രങ്ങളും കൊടികളും തോരാമഴയില്‍ കുതിര്‍ന്നുനനഞ്ഞു ബാക്കിയായി.

അവധിനാളുകളില്‍ നാട്ടിലെ ആഘോഷങ്ങളുടെ കൈകാര്യക്കാരന്‍ തന്നെയായിരുന്നു ഈ ഇരുപതുകാരന്‍. തമിഴ് മീഡിയത്തില്‍ പഠിച്ച് വളര്‍ന്നിട്ടും നന്നായി മലയാളത്തില്‍ പ്രസംഗിച്ച് നാട്ടില്‍ ആളെക്കൂട്ടിയ ഡി.വൈ.എഫ്.ഐ നേതാവ്. നാട്ടിലുള്ളപ്പോള്‍ വട്ടവട പഞ്ചായത്ത് ഓഫിസിലും സര്‍ക്കാര്‍ കാര്യാലയങ്ങളിലും അഭിമന്യു ചുറ്റിക്കറങ്ങി നടക്കും. അവിടെ പലയാവശ്യങ്ങള്‍ക്കും എത്തുന്നവര്‍ക്ക് അപേക്ഷ പൂരിപ്പിച്ച് നല്‍കാന്‍ ഒരുകൈ സഹായവുമായി.

എറണാകുളം ജില്ലക്ക് ഓണമൊരുക്കാന്‍ വട്ടവടയില്‍ നല്ല മഴ പെയ്യണം. സമുദ്രനിരപ്പില്‍ നിന്ന് 3500 മുതല്‍ 8500 അടിവരെ ഉയരത്തിലുള്ള പ്രദേശം. നട്ടുച്ചക്കും കുളിരും കാറ്റും തഴുകുന്ന താഴ്വരകള്‍. കാരറ്റും ബീന്‍സും കാബേജും ഉരുളക്കിഴങ്ങും സ്ട്രോബറിയും ഓറഞ്ചും വിളയുന്ന തട്ടുതട്ടായ കൃഷിയിടങ്ങള്‍. ഇവിടെനിന്ന് 45 കിലോമീറ്റര്‍ യാത്രചെയ്യണം മൂന്നാറിലേക്ക്. പാമ്പാടുംചോല വന്യജീവി സങ്കേതത്തിലൂടെയുള്ള ആ യാത്രക്ക് നിശ്ചിത സമയത്തെ ബസ് പോയാല്‍ പിന്നെ പച്ചക്കറി കയറ്റി എറണാകുളത്തേക്ക് പോകുന്ന മിനിലോറികളാണ് ശരണം. അത്തരത്തില്‍ ഒരു പച്ചക്കറി ലോറിയില്‍ കയറിയാണ് നവാഗതര്‍ക്ക് സ്വീകരണം ഒരുക്കാന്‍ മഹാരാജാസിലേക്ക് നേരംതെറ്റിയ നേരത്ത് അഭിമന്യു യാത്രയായത്. അത് അന്ത്യയാത്രയായിരുന്നെന്ന് ഇന്നും വിശ്വസിക്കാനാകുന്നില്ല വട്ടവടയിലും കൊട്ടക്കാമ്പൂരുമുള്ള അവ​​​​​​െൻറ നാട്ടുകാര്‍ക്ക്.

അവന്‍ കണ്ട സ്വപ്നങ്ങളിലൊക്കെ സ്കൂളും ലൈബ്രറിയും ആശുപത്രിയുമുള്ള വട്ടവട നിറഞ്ഞുനിന്നു. ‘പെരിയ സ്കൂളില്‍’ പഠിക്കുന്ന അവനെ നന്മ സ്വപ്നമായി കൊണ്ടുനടന്നു വട്ടവടക്കാരും. 250 കുടുംബങ്ങളുണ്ട് കൊട്ടക്കാമ്പൂരിലെ ആ കോളനിയില്‍. അതില്‍ സൂപ്പ് വീടെന്ന അഭിമന്യുവിന്‍െറ ഒറ്റമുറിയില്‍ കഴിഞ്ഞിരുന്നത് അമ്മ ഭൂപതിയും അച്ഛന്‍ മനോഹരനും ജ്യേഷ്ഠന്‍ പരിശിതും പെങ്ങള്‍ കൗസല്യയും പിന്നെ അഭിജിത്തും. കിടക്കാന്‍ ഒരു മരക്കട്ടില്‍. രണ്ടുമൂന്നു തകരപ്പെട്ടിയിലായി പുസ്തകങ്ങളും രേഖകളും. ടിന്‍ഷീറ്റ് മേഞ്ഞ മേല്‍ക്കൂരക്ക് താഴെ അടുക്കിവെച്ച മരക്കഷണങ്ങള്‍. വിറകിനായി സൂക്ഷിച്ചിരിക്കുന്നതാണ് അത്.

എറണാകുളത്തെ കോളജില്‍നിന്ന് അവധിക്ക് നാട്ടിലത്തെി ആ മരക്കട്ടിലില്‍ കിടക്കുന്ന അവനെ കണ്ടിട്ടാണ് ജൂലൈ ഒന്നിന് ഞായറാഴ്ച രാവിലെ അച്ഛന്‍ മനോഹരന്‍ വീട്ടില്‍നിന്ന് പണിക്കിറങ്ങിയത്. ‘‘കിടക്കുമ്പോള്‍ അവ​​​​​​െൻറ ഒരു കാല്‍ പുറത്താണ്. അത് നീക്കി കട്ടിലിലേക്ക് വെച്ചാണ് ഞാനിറങ്ങിയത്. പിറ്റേന്ന്, അവനെന്തോ പറ്റിയെന്നറിഞ്ഞ് എറണാകുളത്ത് ചെല്ലുമ്പോ കാണുന്നത് എ​​​​​​െൻറ മക​​​​​​െൻറ രണ്ടുകാലുകളും കൂട്ടിക്കെട്ടി കിടത്തിയിരിക്കുന്നതാണ്​’’-പൊട്ടിക്കരയുന്ന ആ അച്ഛ​​​​​​െൻറ വിലാപം കൊട്ടക്കാമ്പൂര്‍ കോളനിയിലെ ഓരോരുത്തരുടെയും ഉള്ളിലുണ്ട്.

അടുക്കടുക്കായി കുടുസ്സുമുറികള്‍ നിറഞ്ഞ ആ വലിയ കോളനിയില്‍നിന്ന് ആദ്യമായാണ് ഒരാള്‍ കോളജില്‍ പഠിക്കാന്‍ പോകുന്നത്. അഭിമന്യുവി​​​​​​െൻറ  പ്രായത്തിനോളം വര്‍ഷങ്ങള്‍ നീണ്ട കഷ്ടതകള്‍ താണ്ടിയായിരുന്നു ആ നേട്ടം. കോവില്‍കടവിലും പിന്നീട് എറണാകുളം തൃക്കാക്കരയിലുമായി സ്കൂള്‍ പഠനം. ശേഷം കോവിലൂര്‍ ഗവ. സ്കൂളില്‍ നിന്ന് പ്ലസ്​ ടു കഴിഞ്ഞാണ് അഭിമന്യു എറണാകുളം നഗരത്തില്‍ വീണ്ടും എത്തുന്നത്. ഒരുവര്‍ഷം പല പണികള്‍ ചെയ്ത് കഴിഞ്ഞുകൂടി. എങ്ങനെയും മഹാരാജാസില്‍ ഡിഗ്രിക്ക് ചേരുകയായിരുന്നു ലക്ഷ്യം. ബി.എസ്​.സി കെമിസ്ട്രിക്ക് പ്രവേശനം കിട്ടി കാമ്പസിലേക്ക്.
‘പെരിയ മഹാരാജാസ് സ്കൂളി’ല്‍ പഠിക്കാന്‍ കിട്ടിയെന്ന് പറഞ്ഞപ്പോള്‍ തങ്ങളാകെ അതിശയപ്പെട്ടെന്ന് പറയുന്നത് അഭിമന്യുവിന്‍െറ അച്ഛന്‍െറ സഹോദരി പാപ്പമ്മാളുടെ ഭര്‍ത്താവ് ബലരാമനാണ്. ഇത്രമാത്രം പൈസയൊക്കെ അവനെങ്ങനെ ഒപ്പിച്ചുവെന്ന് ചോദിക്കുമ്പോള്‍, ‘എനിക്കെല്ലാം കിട്ടും, ശാപ്പാട്, താമസം...’ എന്നൊക്കെയായിരുന്നു മറുപടി. തങ്ങളെല്ലാം സന്തോഷിച്ച കാലമാണത്. ഈ കോളനിയില്‍ നിന്നൊരാള്‍ വല്യ കോളജില്‍ പഠിക്കുന്നുവെന്നതെന്നും ബലരാമന്‍െറ വാക്കുകള്‍.

ജീവിതം പാതിവഴിയില്‍ കത്തിപ്പിടിയില്‍ മുറിഞ്ഞുതീര്‍ന്നെങ്കിലും മരണം കൊണ്ട് ത​​​​​​െൻറ നാടിനെ അടയാളപ്പെടുത്തിയാണ് അഭിമന്യുവിന്​​​​​​െൻറ മടക്കം. ടൂറിസ്റ്റുകളും കൈയേറ്റക്കാരും ഇത്ര വര്‍ഷം ഒഴുകിയെത്തിയിട്ടും മുറിവേറ്റ് മാത്രം കിടന്ന വട്ടവടക്ക് ത​​​​​​െൻറ രക്തസാക്ഷിത്വം കൊണ്ട് ചില മാറ്റങ്ങള്‍ അവന്‍ കൊണ്ടുവന്നു. സ്വപ്നമായിരുന്ന വായനശാല ‘അഭിമന്യു മഹാരാജാസ് ലൈബ്രറി’യായി ഇവിടെ ഉയരുന്നു. നൂറുകണക്കിന് പുസ്തകങ്ങള്‍ ബലിപ്പൂക്കളായി അതിലേക്ക് അര്‍പ്പിക്കുകയാണ് കേരളമൊട്ടുക്ക്. ഒറ്റമുറി കുടുസ്സുവീട്ടില്‍ നിന്ന് അഭിമന്യുവിന്‍െറ കുടുംബം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സി.പി.എം പണിതുനല്‍കുന്ന പുതിയ വീട്ടിലേക്ക് മാറും. അവന്‍ ആഗ്രഹിച്ചപോലെ പെങ്ങള്‍ കൗസല്യയുടെ മാംഗല്യം ആഘോഷമായി നടക്കും.

അപ്പോഴും മനസിനേറ്റ മുറിവില്‍നിന്ന് സങ്കടമൊഴുകുകയാണ് ഈ നാട്ടില്‍. ഇല്ലാതായത് ഒരുപിടി സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. നീലക്കുറിഞ്ഞി പോലെ പതിറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന പ്രതീക്ഷ...

Tags:    
News Summary - abhimanyu-onam-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.