ഒമാൻ ദേശീയ ദിനത്തിൽ അൽ- മുതഫ ക്യാമ്പിൽ നടന്ന സൈനിക പരേഡിൽ സുൽത്താൻ
സല്യൂട്ട് സ്വീകരിക്കുന്നു
മസ്കത്ത്: ത്രിവർണ ശോഭയിൽ സുൽത്താനേറ്റ് ഒാഫ് ഒമാൻ 51ാം ദേശീയദിനം ആഘോഷിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കൂട്ടംകൂടലുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും ദേശസ്നേഹം പ്രകടിപ്പിച്ചും രാജ്യത്തിന് കൂറു പ്രഖ്യാപിച്ചും ജനങ്ങൾ ആഘോഷത്തിൽ പങ്കാളികളായി.
വ്യാഴാഴ്ച രാത്രി എട്ടു മുതൽ അൽ അമിറാത്തിലും അൽ ഖൂദ് ഡാമിന് സമീപവും വെടിെക്കട്ടും കരിമരുന്ന് പ്രയോഗവും നടന്നു. സ്ഥലത്തേക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വാഹനങ്ങളിൽ ഇരുന്നും മറ്റുമാണ് ആളുകൾ ഇത്തവണ വെടിക്കെട്ടും കരിമരുന്നു പ്രയോഗവും വീക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി എട്ടിന് ദോഫാര്‍ ഗവര്‍ണറേറ്റില്‍ സലാലയിലെ നഗരസഭ എൻറര്‍ടെയ്ൻമെൻറ് കേന്ദ്രത്തിലും വെടിക്കെട്ട് നടക്കും.
വിവിധ ഗവർണറേറ്റുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവിധ ആഘോഷപരിപാടികൾ നടന്നു. മുസന്ദം ഗവർണറേറ്റിൽ നടന്ന ആഘോഷപരിപാടിയിൽ യു.എ.ഇയിൽ നിന്നുള്ള പ്രതിനിധി സംഘം പങ്കെടുത്തു. അബൂദബി എമിറേറ്റിൽ നിന്നുള്ള മറ്റൊരു പ്രതിനിധി സംഘവും ഹഫീത്തിൽ നടന്ന ആഘോഷത്തിലും പങ്കാളികളായി. കുവൈത്തിലെ ടവറുകളിൽ ഒമാൻ പതാകയുടെ നിറങ്ങളടങ്ങിയ അലങ്കാര വെളിച്ചം പ്രദർശിപ്പിച്ചു.
പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയപതാകകള്‍ കൊണ്ടും വര്‍ണങ്ങള്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. റൂവി, മത്ര, അല്‍ ഖുവൈര്‍, ഗുബ്ര, ഗാല, അസൈബ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദീപങ്ങള്‍ തെളിഞ്ഞു. സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളിൽ ദേശീയദിനാഘോഷം നടന്നു.
ആളുകള്‍ സംഘം ചേരുന്നതിന് വിലക്കുള്ളതിനാല്‍ സാമൂഹിക അകലം പാലിച്ചും കോവിഡ് പ്രതിരോധ നടപടികള്‍ പാലിച്ചും ആഘോഷങ്ങള്‍ കൂടുതലും ഒാൺലൈൻ സംവിധാനങ്ങള്‍ വഴിയാണ് നടക്കുന്നത്. പൊതുപരിപാടികൾക്ക് വിലക്കുണ്ടായിരുന്നതിനാൽ സ്കൂളുകളിൽ വിപുലമായ പരിപാടികളൊന്നും നടന്നില്ല. അതേ സമയം, രാവിലെ തന്നെ വിദ്യർഥികൾ പതാക ൈകയിലേന്തിയും ഷാളുകൾ കഴുത്തിലണിഞ്ഞുമായിരുന്നു വിദ്യാലയത്തിലേക്കെത്തിയിരുന്നത്.
അന്നം തരുന്ന രാജ്യത്തോട് ഐക്യപ്പെട്ട് പ്രവാസി സമൂഹവും ആഘോഷങ്ങളില്‍ പങ്കുചേർന്നു.
കോവിഡ് പശ്ചാത്തലത്തില്‍ വ്യാപാര, തൊഴില്‍ മേഖലകള്‍ ദേശീയദിന സമയങ്ങളിലെ ഉണര്‍വിലേക്ക് എത്തിയില്ലെങ്കിലും ആഘോഷങ്ങള്‍ക്ക് കുറവു വരുത്താന്‍ വിദേശികളും ഒരുക്കമായിരുന്നില്ല. സംഘടനകളുടെയും കൂട്ടായ്മകളുടെയും ആഘോഷങ്ങള്‍ ഏറെയും ഇത്തവണ നിയന്ത്രിത രൂപങ്ങളിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.