ശരത്ത്
ചെറുതുരുത്തി: ദേശമംഗലം കടുകശ്ശേരിയിൽ തനിച്ച് താമസിക്കുന്ന വയോധികയെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയായ വെട്ടുകാട് വീട്ടിൽ ശരത്ത് (28) ആണ് പിടിയിലായത്. തച്ചോത്ത് പരേതനായ മുഹമ്മദിന്റെ (തങ്കൻ) ഭാര്യ സഫിയ (72) ആണ് മരിച്ചത്.
കഴിഞ്ഞദിവസം ഇവരെ കാണാതിരുന്നതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് വീടിനുള്ളിൽ മരിച്ചുകിടക്കുന്നത് കണ്ടത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടായിരുന്നു.
ആദ്യം ദുരൂഹതകൾ ഉണ്ടായിരുന്നെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഹൃദയാഘാതം മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചിരുന്നു.
സ്വർണാഭരണങ്ങൾ കാണാതായതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ചോദ്യം ചെയ്യുന്നതിനിടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം പ്രതി വീടിന്റെ പുറകിലൂടെ അകത്തു കയറുകയും സഫിയയുടെ സ്വർണാഭരണങ്ങൾ കവരുന്നതിന് വേണ്ടി ആക്രമിക്കുകയുമായിരുന്നു.
സ്വർണാഭരണങ്ങൾ മോഷ്ടിച്ച് സ്വന്തം വീടിന്റെ കുളിമുറിയിൽ സൂക്ഷിച്ചു. മൂന്ന് വളകളും ഒരു സ്വർണമാലയുമാണ് പ്രതിയിൽനിന്ന് കണ്ടെടുത്തത്. പ്രതി ഒരാഴ്ചയായി സഫിയയുടെ വീട്ടിലെ നാളികേരവും മറ്റും കൊണ്ടുപോകുന്നതിന് സഹായിയായി എത്താറുണ്ടായിരുന്നു.
കുന്നംകുളം എ.സി.പി മുരളീധരൻ, ചെറുതുരുത്തി സർക്കിൾ ഇൻസ്പെക്ടർ ശശിധരൻ നായർ, എസ്.ഐ കെ.ആർ. ജസ്റ്റിൻ, എസ്.ഐ സതീഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർ വിനീത് മോൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.