ഫാദർ ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
തൃശൂർ: തൃശൂർ അതിരൂപത മുൻ വികാരി ജനറൽ ഫാദർ ഡോ. ഫ്രാൻസിസ് ആലപ്പാട്ട് (72) അന്തരിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ജൂബിലി മിഷൻ മെഡിക്കൽ കോളജ്, ജൂബിലി മിഷൻ കോളജ് ഓഫ് നഴ്സിങ്, ജൂബിലി മിഷൻ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് സയൻസസ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപക ഡയറക്ടറുമായിരുന്നു. അതിരൂപതയുടെ തീരദേശ ആരോഗ്യമിഷൻ കേന്ദ്രമായ ഏങ്ങണ്ടിയൂർ മേരി ഇമ്മാക്കുലേറ്റ് ആശുപത്രിയുടെ ഡയറക്ടറും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ചെയർമാനുമാണ്.
പാവറട്ടി, ഇരവിമംഗലം, കണ്ണംകുളങ്ങര, വിജയപുരം ചേറൂർ, കൊളങ്ങാട്ടുകര, നെഹ്രു നഗർ എന്നിവിടങ്ങളിൽ ശുശ്രൂഷകനായിരുന്നു. മാനസികാരോഗ്യ ആശുപത്രിക്കായി ഹൈകോടതി നിയമിച്ച മോണിറ്ററിങ് കമ്മിറ്റിയിലും ജില്ലാ ആശുപത്രി, തൃശൂർ മെഡിക്കൽ കോളജ്, കൊരട്ടി ഗവ. ലെപ്രസി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉപദേശക സമിതിയിലും അംഗം, ജൂബിലി മിഷൻ മെഡിക്കൽ കോളജ് പ്രസിഡന്റ്, സാന്ത്വനം ചെയർമാൻ, സത്സംഗ് രക്ഷാധികാരി, ബ്ലഡ് ഡോണേഴ്സ് ഫോറം സ്ഥാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് ഷോർട്ട് ഫിലിമുകളുടെ സംവിധാനം നിർവഹിച്ചു.
വിവാഹവേദിയിലേക്ക്, ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു, കന്തൻചാവടി, ആറ്റുവഞ്ചി(ഞ്ഞി), രാഘവാ കൃഷ്ണാ, അനഘ, അവൾക്കൊപ്പം, എന്റെ പ്രിയകഥകൾ, മറുവശം, സാറ്റലൈറ്റ്സ്, ഒരു വ്രണിതമാനസൻ, ഞാൻ എന്ന ഞാൻ, മാഞ്ചിറപ്പാലം, രേണു രാജസ്ഥാനി, അടർത്താനാകാതെ അടരാനാകാതെ, പൊഴിയുന്ന റോസാദളങ്ങൾ; സുഭാഷിതങ്ങളും ഒരു ദീർഘകഥയും, കാണാപ്പുറങ്ങൾ എന്നിവയാണ് പ്രധാന കൃതികൾ. വെള്ളിയാഴ്ച തൃശൂർ പുത്തൻപള്ളിയിലെ പ്രാർഥനക്ക് ശേഷം മൃതദേഹം തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിന് കൈമാറും. ആലപ്പാട്ട് എ.കെ. ആന്റണിയുടെയും റോസിയുടെയും മകനാണ്. സഹോദരങ്ങൾ: ജോൺസൺ, മേരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.