റിയാദ്: തലച്ചോറിലെ അസുഖത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ തമിഴ്‌നാട് സ്വദേശി റിയാദിൽ മരിച്ചു. തെങ്കാശി കടയനല്ലൂർ സ്വദേശി അബ്ദുൽ കരീം (30) ആണ് ശുമൈസി കിങ് സൗദ് ആശുപത്രിയിൽ മരിച്ചത്. ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെയായിരുന്നു അപ്രതീക്ഷിത മരണം. നാല് മാസം മുമ്പാണ് റിയാദ് ന്യൂ സനാഇയയിലെ ഒരു കാറ്ററിങ് കമ്പനിയിൽ അക്കൗണ്ടൻറായി അബ്ദുൽ കരീം ജോലിയിൽ പ്രവേശിച്ചത്. കടുത്ത തലവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിൽ വെള്ളം കെട്ടുന്നതായി കണ്ടെത്തി. തുടർന്ന് ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. ആരോഗ്യനില മെച്ചപ്പെട്ട് മൂന്നാം ദിവസം ആശുപത്രി വിടാൻ ഒരുങ്ങുന്നതിനിടെയായിരുന്നു അന്ത്യം.
പരേതനായ മീരാൻ മൊയ്തീന്റെ മകനാണ്. മുവാറ്റുപുഴ സ്വദേശികളായിരുന്ന അബ്ദുൽ കരീമിന്റെ കുടുംബം വർഷങ്ങൾക്ക് മുമ്പാണ് തമിഴ്‌നാട്ടിലേക്ക് കുടിയേറിയത്. മാതാവ്: റാബിയത് ബശീറ, ഭാര്യ: ഫാത്തിമ ബീവി, മക്കൾ: മുഹമ്മദ് അബ്ബാസ്, മുസ്സമർ (7), ജുമാന മഹത്തിയ്യ (3), അമീറാ ആലിയ (നാല് മാസം). സഹോദരങ്ങൾ: സയിദ് അബ്ദുറഹ്‌മൻ (മുമ്പ് യാംബുവിൽ ജോലി ചെയ്തിരുന്നു), ഫാത്തിമ പർവീൻ.
റിയാദ് നസീമിലെ ഹയ്യുൽ സലാം മഖ്‌ബറയിൽ ഖബറടക്കം നടന്നു. അബ്ദുൽ കരീമിന്റെ അമ്മാവൻ കബീർ മുവാറ്റുപുഴ, സുഹൃത്ത് ഹസ്സൻ കോയ തങ്ങൾ പൊന്നാനി, സാമൂഹിക പ്രവർത്തകൻ തെന്നല മൊയ്തീൻ കുട്ടി എന്നിവർ നിയമനടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.