മസ്കത്ത്: ഒമാനിലെ നിസ്‌വക്കു സമീപം ഇസ്‌കിയിൽ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ശശികുമാർ മേലേക്കളങ്ങര (54) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം അംഗമായിരുന്നു.
വെള്ളിയാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നിസ്‌വ യിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശിയാണ്. വർഷങ്ങളായി ഇസ്‌കിയിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. ഇസ്‌കിയിലെ അസ്‌റി ആർക്കിടെക്റ്റ് എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.
ഇസ്‌കിയിലെയും നിസ്‌വയിലെയും മലയാളി സമൂഹത്തിനിടയിൽ സൗഹൃദപരമായ ഇടപെടലുകളിലൂടെയും പൊതുപ്രവർത്തനങ്ങളിലൂടെയും പ്രിയങ്കരനായിരുന്നു. ശശികുമാറിന്റെ അപ്രതീക്ഷിത വിയോഗം ഇസ്‌കിയിലെയും നിസ്‌വയിലെയും പ്രവാസി മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. അദ്ദേഹത്തിന്റെ വേർപാട് സാമൂഹിക-സാംസ്കാരിക രംഗങ്ങൾക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും അനുസ്മരിച്ചു.
പരേതനായ രാമചന്ദ്രൻ നായരുടെയും ശാന്താകുമാരിയുടെയും മകനാണ്. ഭാര്യ: രാജശ്രീ. മക്കൾ: ശ്രീലക്ഷ്മി, നവനീത്. സഹോദരങ്ങൾ: വിനോദ്കുമാർ, രാജേഷ് കുമാർ. ശശികുമാറിന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കൈരളി ഇസ്‌കിയുടെ നേതൃത്വത്തിൽ പുരോഗമിച്ചുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.