സമസ്ത എ.പി വിഭാഗം വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അന്തരിച്ചു
കോഴിക്കോട്: എ.പി വിഭാഗം സമസ്തയുടെ വൈസ് പ്രസിഡന്റും കാരന്തൂർ മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി അന്തരിച്ചു. 88 വയസ്സായിരുന്നു. അസുഖ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എ.പി സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെ പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാളിയുമായിരുന്നു.
1978 മുതൽ എ.പി സമസ്തയുടെ സംഘടനാ രംഗത്ത് സജീവമായിരുന്നു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷറർ, ജാമിഅഃ നൂരിയ്യ പൂർവ വിദ്യാർഥി കൂട്ടായ്മയായ ഫൈസീസിന്റെ പ്രസിഡന്റ് എന്നീ നേതൃത്വങ്ങൾ വഹിച്ചിട്ടുണ്ട്.
സയ്യിദ് അഹ്മദ് ബാഫഖിയുടെയും സയ്യിദത്ത് നഫീസ ബീവിയുടെയും മകനായി 1938ൽ കൊയിലാണ്ടിയിലാണ് ജനിച്ചത്. കൊയിലാണ്ടി മുബാറക് റോഡിൽ വലിയകത്ത് ബംഗ്ലാവിലാണ് താമസം. തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം, കോഴിക്കോട് വലിയങ്ങാടി പാണ്ടികശാല, കൊയിലാണ്ടി, പരപ്പനങ്ങാടി പനയത്തിൽ, ജാമിഅഃ നൂരിയ്യ പട്ടിക്കാട് എന്നിവിടങ്ങളിലാണ് പഠനം.
നിര്യാണത്തിൽ എ.പി. അബൂബക്കർ മുസ്ലിയാർ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ തുടങ്ങിയവരടക്കം പ്രാസ്ഥാനിക, മത, സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പൗരപ്രമുഖരും നേതാക്കളും അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.