കാസര്‍കോട്: ജില്ല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ഐ.എന്‍.എല്‍ നേതാവുമായ മുഹമ്മദ് മുബാറക് ഹാജി (91) അന്തരിച്ചു. കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ച 12 മണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
മുസ്ലിം ലീഗ് നേതാവായിരുന്ന മുഹമ്മദ് മുബാറക് ഹാജി സുലൈമാന്‍ സേട്ട് ഐ.എന്‍.എല്‍ രൂപവത്കരിച്ചപ്പോള്‍ ആ പ്രസ്ഥാനത്തോടൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു.
1931 ഡിസംബര്‍ 31ന് മേനങ്കോട് അബ്ദുല്‍ഖാദര്‍ ഹാജിയുടേയും ആയിശ ആലംപാടിയുടെയും മകനായാണ് ജനിച്ചത്. മലയാളം, കന്നഡ, ഉര്‍ദു, ഇംഗ്ലീഷ്, അറബി, തമിഴ് എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യുമായിരുന്നു. 1946ല്‍ എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. 1948 മുതല്‍ '85 വരെ മുസ്ലിംലീഗ് താലൂക്ക് സെക്രട്ടറി, '85 മുതല്‍ '93 വരെ ജില്ല സെക്രട്ടറി, ഐ.എന്‍.എല്‍ ജില്ല പ്രസിഡന്റ്, ട്രഷറര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. 1964 മുതല്‍ '95 വരെ ചെങ്കള പഞ്ചായത്ത് മെമ്പറായിരുന്നു. '90ല്‍ കാസര്‍കോട് ജില്ല കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ചെര്‍ക്കള-മധൂര്‍ ഡിവിഷനില്‍നിന്നും 2005ല്‍ ചെമ്മനാട് ഡിവിഷനില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ആ കാലയളവിലാണ് ജില്ല പഞ്ചായത് വൈസ് പ്രസിഡന്റായത്. ആലമ്പാടി നൂറുൽ ഇസ്ലാം ഓർഫനേജ് മുൻ പ്രസിഡന്റാണ്.
മലയാള മനോരമ കാസർകോട് ലേഖകനായിരുന്നു. മുബാറക് എന്ന പേരിൽ വസ്ത്രസ്ഥാപനവും നടത്തി.
ഭാര്യമാർ: മറിയം, പരേതയായ ഉമ്മുഹലീമ. മക്കൾ: എം.എം. അബൂബക്കർ (വ്യാപാരി), ഖദീജ, റഫീദ, പരേതനായ അബ്ദുല്ല. സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ ഹാജി, അബ്ബാസ് ഹാജി, നഫീസ, സൈനബ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.