പത്രവാർത്തകളെ ചരിത്ര പുസ്തകങ്ങളാക്കിയ കരിപ്പത്ത് രാഘവൻ മാസ്റ്റർ നിര്യാതനായി

ചെറുവത്തൂർ: പത്രവാർത്തകളെ ചരിത്ര പുസ്തകങ്ങളാക്കി മാറ്റി തലമുറകൾക്ക് വിജ്ഞാനവും വിസ്മയവും പകർന്ന കൊടക്കാട് കുഞ്ഞിപ്പാറയിലെ റിട്ട. അധ്യാപകൻ കരിപ്പത്ത് രാഘവൻ (80) നിര്യാതനായി. പത്രവാർത്തകൾ വായിച്ച‌് വലിച്ചെറിയാനുള്ളതല്ലെന്നും അവ ഓരോന്നും വരും തലമുറയ്ക്ക് അറിവു പകരുന്ന അക്ഷയഖനികളാണെന്നും പഠിപ്പിച്ച ഇദ്ദേഹം നിർമ്മിച്ചത് 118 ഓളം ആൽബങ്ങളാണ്.

1992 ൽ തളങ്കര പടിഞ്ഞാറ് ഗവ.എൽ.പി.സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച ശേഷമുള്ള മുഴുവൻ ഒഴിവ് സമയവും വാർത്താപുസ്തകങ്ങൾ തയ്യാറാക്കാൻ മാറ്റി വെച്ച ഇദ്ദേഹം, കാൽ നൂറ്റാണ്ടിന്‍റെ വിശ്രമമില്ലാത്ത പരിശ്രമത്തിലൂടെയാണ്​ ഇത്രയധികം ആൽബങ്ങൾ നിർമിച്ചത്. ചരിത്രം, കൗതുകം, വിനോദം, കായികം, പരിസ്ഥിതി, അനുഷ്ഠാനം, ആഘോഷങ്ങൾ, ഉത്സവങ്ങൾ, സ്മരണകൾ തുടങ്ങി ഇരുപതിലധികം വിഷയങ്ങളാക്കി തിരിച്ച് തയ്യാറാക്കിയ ആൽബങ്ങൾ ഉൾപ്പെട്ട റഫറൻസ് ലൈബ്രറി കാണാൻ അധ്യാപകരും വിവിധ വിദ്യാലങ്ങളിലെ കുട്ടികളും കുഞ്ഞിപ്പാറ തിമിരി റോഡിലുള്ള മാഷിന്‍റെ വീട്ടിൽ എത്താറുണ്ട്.

ആൽബങ്ങളുടെ പ്രദർശനം ഒരുക്കുന്നതിനും നിർമാണ രീതി പരിശീലിപ്പിക്കുന്നതിനും കണ്ണൂർ കാസർകോട‌് ജില്ലകളിലെ വിദ്യാലയങ്ങൾ സന്ദർശിച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്ന 'സഞ്ചാരികളെ ഇതിലേ.... ഇതിലേ.... ' എന്ന പുസ്തകമാണ് ഏറെ ആകർഷകം. കാസർകോട‌് ജില്ലയുടെ ഗൈഡായി ഉപയോഗിക്കാൻ പറ്റിയ കാസർകോട‌് 2018 നല്ലൊരു റഫറൻസ് ഗ്രന്ഥമാണ്. ഭാര്യ :പത്മിനി മക്കൾ: പ്രമോദ് കുമാർ, പ്രവീൺ, മരുമകൾ: ദിവ്യ.

Tags:    
News Summary - Karippath Raghavan Master passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.