ഹൈദരാബാദ്: തെലുങ്കുദേശം പാർട്ടി സ്ഥാപകനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ.ടി. രാമറാവുവിന്റെ മകൾ കണ്ഠമനേനി ഉമാ മഹേശ്വരിയെ ഹൈദരാബാദ് ജൂബിലി ഹിൽസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് നിഗമനം.
ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണർ സി.വി. ആനന്ദ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
എൻ ടി രാമറാവുവിന്റെ 12 മക്കളിൽ ഇളയ മകളാണ് ഉമാ മഹേശ്വരി. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഡി. പുരന്ദേശ്വരിയും ടി.ഡി.പി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ നാരാ ഭുവനേശ്വരിയും സഹോദരിമാരാണ്.
കണ്ഠമനേനി ശ്രീനിവാസ് പ്രസാദാണ് ഉമാ മഹേശ്വരിയുടെ ഭർത്താവ്. ഇരുവരും ഹൈദരാബാദിലാണ് താമസിച്ചിരുന്നത്. ഇവരുടെ ഇളയ മകളും കുടുംബവും ഞായറാഴ്ച ഇവരെ കാണാൻ വന്നിരുന്നു. മരണവിവരമറിഞ്ഞ് ചന്ദ്രബാബു നായിഡുവും മകൻ നാരാ ലോകേഷും മറ്റ് കുടുംബാംഗങ്ങളും ഉമാ മഹേശ്വരിയുടെ വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.