ഡോ. ടി. അനിതകുമാരി
ഡോ. ടി. അനിതകുമാരി അന്തരിച്ചു
തിരുവനന്തപുരം: എഴുത്തുകാരിയും കോളജ് അധ്യാപികയുമായിരുന്ന ഡോ. ടി. അനിതകുമാരി (63) അന്തരിച്ചു. തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല മുൻ രജിസ്ട്രാറാണ്.
ചേർത്തല, ചേളന്നൂർ, ചെമ്പഴന്തി, കണ്ണൂർ, കൊല്ലം എന്നിവിടങ്ങളിലെ എസ്.എൻ കോളജുകളിൽ അധ്യാപികയായിരുന്ന അനിതാകുമാരി 2015 ലാണ്, തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ പ്രഫസറായത്. ഇവിടെ വകുപ്പ് മേധാവി, ഫാക്കൽറ്റി ഡീൻ, സ്റ്റുഡന്‍റ്സ് വെൽഫെയർ ഡീൻ തുടങ്ങിയ പദവികളും വഹിച്ചു.
പത്തനംതിട്ട മൈലപ്ര അശോക് ഭവനിൽ പരേതരായ എം.എസ്. തങ്കപ്പന്റെയും ടി.എൻ. ശാരദയുടെയും മകളാണ്. നാഷനൽ ഇൻഷുറൻസിൽ ഡവലപ്മെന്റ് ഓഫിസറായിരുന്ന, പരേതനായ സജീവ് രവിയാണ് അനിതകുമാരിയുടെ ഭർത്താവ്.
നാഷനൽ ഫിലിം സെൻസർ ബോർഡിലും സംസ്ഥാന ടെലിവിഷൻ അവാർഡ് കമ്മിറ്റിയിലും സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റിയിലും അംഗമായിരുന്നു. ജർമനിയിലെ ട്യൂബിംഗൻ സർവകലാശാലയിലെ ഗുണ്ടർട്ട് ചെയർ ഹോൾഡറായിരുന്നു. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്, ഗവേഷണ കൃതിക്കുള്ള ഡോ. കെ.എം. ജോർജ് പുരസ്കാരം, തായാട്ട് പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
സൂസന്നയ്ക്ക് പറയാനുള്ളത് (കഥകൾ), ഒരു ഫെമിനിസ്റ്റിന്റെ ദയനീയാവസ്ഥ (കഥകൾ), സാന്ത്വനത്തിന്റെ സന്ധ്യ (നോവൽ), പത്മരാജൻ; സിനിമ സാഹിത്യം ജീവിതം, ഭ്രമാത്മകതയുടെ വസന്തങ്ങൾ (പ്രബന്ധങ്ങൾ), ഭാഷാ സാഹിത്യ ചരിതം: ആറ്റൂർ (എഡിറ്റർ) തുടങ്ങിയവയാണ് രചനകൾ.
സുഗതകുമാരിയെ കുറിച്ചുള്ള ‘കവിത പൂക്കും കാട്’ ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവഹിച്ചു. മകൾ: ഡോ. അപർണ സജീവ് (അസി. പ്രഫസർ, കാലിക്കറ്റ് സർവകലാശാല കോമേഴ്സ് വിഭാഗം).
തിരുവനന്തപുരം ഡി.പി.ഐ ജങ്ഷൻ അലയൻസ് ടവർ 9 ‘എ’യിലായിരുന്നു താമസം. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.