ജോസ് കുറ്റിയാനി
കോണ്‍ഗ്രസ് നേതാവും മുന്‍ എം.എൽ.എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു
തൊടുപുഴ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഇടുക്കി എം.എൽ.എയുമായ ജോസ് കുറ്റ്യാനി (87) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം ചൊവ്വാഴ്ച രാവിലെ തൊടുപുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം പിന്നീട് .
ഇടുക്കി ജില്ലയുടെ പ്രഥമ ഡി.സി.സി പ്രസിഡന്റ് എന്ന നിലയിൽ ജില്ലയിൽ കോൺഗ്രസിന് അടിത്തറ പാകിയതിൽ പ്രഥമ സ്ഥാനീയനാണ് ഇദ്ദേഹം. 1939 നവംബർ 11ന് കുറ്റിയാനിക്കൽ ജോസഫിന്റെയും മണ്ണാറാത്ത് മറിയാമ്മയുടെയും മകനായി ജനനം. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയായിരുന്നു കോൺഗ്രസിലെത്തിയത്. ‘ഒരണ’ സമരത്തിൽ പങ്കെടുത്ത് രണ്ടാഴ്ച പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞു.
കവീക്കുന്ന്, മുട്ടം, തുടങ്ങനാട് എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പാലാ സെന്റ് തോമസ് കോളജിൽ നിന്ന് പി.യു.സി.യും, തേവര എസ്.എച്ച്. കോളജിൽ നിന്ന് ബി.എസ്സിയും നേടി. അതിന് ശേഷം എറണാകുളം ലോ കോളജിൽ നിയമ പഠനം. ഈ കാലയളവിൽ യൂനിയൻ ചെയർമാനായിരുന്നു. പിന്നീട് തൊടുപുഴ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ പ്രാക്റ്റീസ് ആരംഭിച്ചു. 1963ൽ മുട്ടം മണ്ഡലം പ്രസിഡൻറായി.
1965 ൽ കരിമണ്ണൂർ ബ്ലോക്ക് പ്രസിഡൻറ്, 1967ൽ കെ.പി.സി.സി അംഗം എന്നീ സ്ഥാനങ്ങളിലെത്തി. 1972 ൽ ഇടുക്കി ജില്ല രൂപവത്കരിച്ചതോടെ അന്ന് കെ.പി.സി.സി അംഗമായിരുന്ന ഇദ്ദേഹം ആദ്യ ഡി.സി.സി പ്രസിഡന്റായി. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം 2001 വരെ എ.ഐ.സി.സി അംഗമായിരുന്നു. 1967ൽ 27 ാം വയസിൽ കോൺഗ്രസ് സ്ഥാനാഥിയായി കരിമണ്ണൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1980ലും 1982 ലും ഇടുക്കി മണ്ഡലത്തിൽനിന്ന് ജയിച്ച് നിയമസഭയിലെത്തി. നിയമസഭയുടെ പെറ്റിഷൻ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 1983ൽ മുഖ്യമന്ത്രി കെ കരുണാകരന് എതിരെയുള്ള അവിശ്വാസത്തെ പിന്തുണച്ച് കെ.കെ. ബാലകൃഷ്ണൻ, സിറിയക് ജോൺ എന്നിവർക്കൊപ്പം കോൺഗ്രസിൽ നിന്നും പുറത്തായി. പിന്നീട് കോൺഗ്രസിൽ മടങ്ങിയെത്തിയ ഇദ്ദേഹം നേതൃത്വത്തെ വിമർശിച്ച് 2006ൽ വീണ്ടും പുറത്തായി. 2009ൽ എൻ.സി.പി സ്ഥാനാർഥിയായി ഇടുക്കി ലോക്സഭ മണ്ഡലത്തിൽ മത്സരിച്ചു.
കുറച്ച് കാലം തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനവും വഹിച്ചു. പിന്നീട് വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, മാർക്കറ്റിങ് ഫെഡറേഷൻ ചെയർമാൻ, നാഫഡ് ചെയർമാൻ, കിസ്കോ വൈസ് പ്രസിഡന്റ്, ക്രിപ്കൊ ഡയറക്ടർ, എൻ.സി.എച്ച്.എഫ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചു.
കാഞ്ഞിരപ്പള്ളി നീലക്കത്താനത്ത് കുടുംബാംഗം പരേതയായ റാണിയമ്മയാണ് ഭാര്യ. മക്കൾ: സാം, മനോജ് (യു.കെ.), ക്ഷേമ (തൃശൂർ), പോൾ (സീനിയർ ഗവ. പ്ലീഡർ, ഹൈകോടതി), പരേതരായ മജു, ബിന്ദു. മരുമക്കൾ: റീന, നിഷ, എബി, ജോളി, സന്തോഷ്, ലെനി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് തൊടുപുഴയിലെ വസതിയിൽ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് മുട്ടം സിബിഗിരി സന്റെ്സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.