റിയാദ്: വിസ സംബന്ധമായ നിയമക്കുരുക്കുകൾ കാരണം കഴിഞ്ഞ ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരിക്കെ സൗദി അറേബ്യയിൽ നിര്യാതനായ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം വർക്കല ജനാർദ്ദനപുരം ‘ശ്രീ ജനാർദ്ദനം’ വീട്ടിൽ ആർ. ഹരിദാസിൻ്റെ (57) മൃതദേഹമാണ് നിയമനടപടികൾ പൂർത്തിയാക്കി ജന്മനാട്ടിലേക്ക് കൊണ്ടുപോയത്.
സൗദി കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിൽനിന്ന് 300 കിലോമീറ്ററകലെ റഫിയയിൽ വെച്ചായിരുന്നു ഇദ്ദേഹം ഹൃദയാഘാതം മൂലം മരണപ്പെട്ടത്. കഴിഞ്ഞ 35 വർഷമായി ഒരു സൗദി പൗരെൻറ കീഴിൽ ജോലി ചെയ്തുവരികയായിരുന്നു ഹരിദാസ്. എന്നാൽ, വിസയുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം കഴിഞ്ഞ 10 വർഷമായി അദ്ദേഹത്തിന് നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല.
എം.എസ്. ശ്രീകലയാണ് ഭാര്യ. നിതിൻ കൃഷ്ണ (26), നിഖിൽ കൃഷ്ണൻ എച്ച് (21) എന്നിവർ മക്കളാണ്. റഫ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം, തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ (ട്രിവ) പ്രസിഡൻറും ഒ.ഐ.സി.സി പ്രവർത്തകനുമായ നാസർ കല്ലറ, മാത്യു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ വേഗത്തിലാക്കിയാണ് എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.