ജോലി കിട്ടാത്ത വിഷമത്തിൽ ആന്ധ്ര സ്വദേശി യു.എസിൽ ജീവനൊടുക്കി, മൃതദേഹത്തിനായി കാത്ത് നിസ്സഹായനായ പിതാവ്

കുർണൂൽ: അമേരിക്കയിലെ ചിക്കാഗോയിൽ ഉന്നതപഠനം പൂർത്തിയാക്കിയ ആന്ധ്രാ സ്വദേശിയായ യുവാവ് ജോലിയില്ലാത്തതിൽ മനംനൊന്ത് ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലക്കാരനായ ഇരഗനബോയിന ചന്ദു (26) ആണ് മരിച്ചത്. ചിക്കാഗോയിലെ ഡിപോൾ യൂണിവേഴ്സിറ്റിയിൽ നിന്ന് അടുത്തിടെയാണ് ചന്ദു മാസ്റ്റർ ബിരുദം നേടിയത്.

പഠനം പൂർത്തിയാക്കി ആഴ്ചകളോളം ജോലിക്കായി ശ്രമിച്ചെങ്കിലും ഒന്നും ശരിയാവാത്തത് ചന്ദുവിനെ വലിയ മാനസിക സമ്മർദത്തിലാക്കിയിരുന്നു. സാമ്പത്തികമായി കുടുംബത്തെ ആശ്രയിക്കേണ്ടി വരുന്നതിലും, സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന പിതാവിന്റെ കഷ്ടപ്പാടുകളിലും ചന്ദു അതീവ ദുഃഖിതനായിരുന്നുവെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു. ഇതേത്തുടർന്നുണ്ടായ മാനസിക വിഷമത്താൽ ചന്ദു തന്റെ വസതിയിൽ ജീവനൊടുക്കുകയായിരുന്നു.

ചന്ദുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായുള്ള ഏകദേശം 25,000 ഡോളർ കണ്ടെത്താൻ കുടുംബത്തിന് സാധിക്കില്ല എന്നതിനാലാണ് സുഹൃത്തുക്കൾ സഹായം തേടിയത്. ഇതിനോടകം 76,000 ഡോളറിലധികം സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. മൃതദേഹം എത്തിക്കുന്നതിനുള്ള ചെലവ് കഴിച്ച് ബാക്കി വരുന്ന തുക ചന്ദുവിന്റെ പഠനത്തിനായി കുടുംബമെടുത്ത കടം വീട്ടാനായി കൈമാറും.

വിഷയത്തിൽ ഇടപെട്ട ആന്ധ്രാപ്രദേശ് മന്ത്രി നര ലോകേഷ്, മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാൻ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിന്റെ സഹായം തേടി. മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നുണ്ടെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

Tags:    
News Summary - Andhra native commits suicide in US over joblessness, father waits helplessly for body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.