പത്തനംതിട്ട: ആദ്യകാല ദലിത് പ്രവർത്തകനും മൈനോറിറ്റി റൈറ്റ്സ് വാച്ച് മുൻ ജനറൽ സെക്രട്ടറിയുമായ അഡ്വ. എം. കെ. ഹരികുമാർ (57)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ വെച്ചാണ് മരണം.
പന്തളം എൻ.എസ്.എസ് കോളജിൽ പഠിക്കവെ ദലിത് സേവാ സമിതി (ഡി.എസ്.എസ്) പ്രവർത്തകനായി സംഘടനാ പ്രവർത്തനം ആരംഭിച്ച അദ്ദേഹം പിന്നീട് സഹോദരങ്ങൾക്കൊപ്പം ദലിത് കൾച്ചറൽ ഫ്രണ്ട് (ഡി.സി.എഫ്) സംഘാടകനായെന്നും അവരുടെ പന്തളത്തെ മഞ്ഞനംകുളത്ത് വീട് ആദ്യകാല ദലിത് പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നുവെന്നും പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ കെ. അംബുജാക്ഷൻ അനുസ്മരിക്കുന്നു.
മുസ്‌ലിം പിന്നാക്ക ദലിത് യുവാക്കളും ബുദ്ധിജീവികളും ഇന്ത്യയിലുടനീളം വ്യാജ തീവ്രവാദ കുറ്റം ചുമത്തി വ്യാപകമായ വേട്ടയാടപ്പെട്ട 2001 -2010 കാലഘട്ടത്തിൽ ധീരമായ നിയമ പോരാട്ടങ്ങളുടെ മുൻനിരയിൽ അഡ്വ ഹരികുമാർ നിലയുറപ്പിച്ചതായി എഴുത്തുകാരനും പൗരാവകാശ പ്രവർത്തകനുമായ എ.എം. നദ്‍വി ഓർക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം മേധാവിയും എഴുത്തുകാരനും ചിന്തകനുമായ ഡോ. എം.കെ മോഹൻദാസ്, എം. കെ. പത്മകുമാർ എന്നിവർ സഹോദരങ്ങളാണ്.
അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ വക്താവായി പ്രവർത്തിച്ചു വരികയായിരുന്നു. 2024ൽ പത്തനംതിട്ടയിൽ നിന്ന് പാർട്ടി സ്ഥാനാർഥിയായി ജനവിധി തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.