നിർത്തിയിട്ട ബസിന് പിന്നിൽ മിനി ലോറിയിടിച്ച് യുവാവ് മരിച്ചു
മഞ്ചേരി: നിർത്തിയിട്ട ബസിന് പിന്നിൽ മിനിലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മഞ്ചേരി തടപ്പറമ്പ് സ്വദേശി പുളിക്കാമത്ത് അഷ്റഫ് എന്ന ചെറിയുടെ മകനും ലോറി ഡ്രൈവറുമായ തൗഫീറാണ് (26) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴോടെ മഞ്ചേരി സി.എച്ച് ബൈപാസിൽ കനറ ബാങ്കിന് സമീപമാണ് അപകടം.
മഞ്ചേരിയിൽനിന്ന് ജസീല ജങ്ഷൻ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ബസ് ഓണേഴ്സ് പമ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബസിന് പിറകിൽ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇതോടെ ബസ് മുന്നോട്ട് നീങ്ങി മുന്നിലുണ്ടായിരുന്ന മറ്റൊരു ബസിലും ഇടിച്ചു. ലോറി റോഡിലെ നടപ്പാതയുടെ കൈവരിയും തകർത്ത് ഇടിച്ചു കയറി. റോഡരികിലെ സ്വകാര്യ കെട്ടിടത്തിന്റെ തൂണിലിടിച്ചാണ് വാഹനം നിന്നത്. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ മഞ്ചേരി അഗ്നിരക്ഷ സേനയെത്തി മുൻഭാഗം പൊളിച്ചാണ് പുറത്തെടുത്തത്. ഉടനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: സലീന. ഭാര്യ: ഷഹന (പുല്ലാര). മകൾ: ഫാത്തിമ ഷസ. സഹോദരങ്ങൾ: തസ്നീമ, തബ്ഷീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.