ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കാന്‍ ആലോചന; കലോത്സവത്തില്‍ കൂട്ടപ്പൊരിച്ചില്‍

കണ്ണൂര്‍: കലോത്സവത്തിന്‍െറ സകല സമയക്രമവും തെറ്റിച്ച് അപ്പീലുകള്‍ പ്രവഹിക്കുന്നത് തടയാന്‍ ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കാനുള്ള നീക്കവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. നിലവില്‍ ഇത്രയേറെ അപ്പീലുകള്‍ വരുന്നതിന്‍െറ പ്രധാന കാരണം എ ഗ്രേഡിന് 30, ബി ഗ്രേഡിന് 24, സി ഗ്രേഡിന് 18 എന്ന രീതിയില്‍ കിട്ടുന്ന ഗ്രേസ് മാര്‍ക്കാണെന്ന വിദഗ്ധരുടെ അഭിപ്രായമാണ് ഇത്തരമൊരു കടുത്ത നീക്കത്തിന് അധികൃതരെ പ്രേരിപ്പിക്കുന്നത്. ഗ്രേസ് മാര്‍ക്ക്, മാര്‍ക്ക് ലിസ്റ്റിന്‍െറ കൂടെ കൂട്ടുന്നതിന് പകരം, വെയിറ്റേജ് മാര്‍ക്ക് എന്ന രീതിയില്‍ ചെറിയ മുന്‍ഗണന കിട്ടുന്ന രീതിയില്‍ മാറ്റാനാണ് ശ്രമിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ പറഞ്ഞു.

ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എ അടക്കമുള്ളവര്‍ ഈ നീക്കത്തെ അനുകൂലിക്കുമ്പോള്‍, കലാരംഗത്തുനിന്ന് കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. കലാരംഗത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്പോഴുണ്ടാവുന്ന സമയനഷ്ടവും അധ്യയന നഷ്ടവും പരിഹരിക്കാനാണ് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഭൂരിഭാഗം കുട്ടികളും രക്ഷിതാക്കളും ഗ്രേസ്മാര്‍ക്കിനെ അനുകൂലിക്കുകയാണ്. എന്നാല്‍, ഇതെല്ലാം പ്രാഥമിക ആലോചനകള്‍ മാത്രമാണെന്നും അന്തിമ തീരുമാനം അടുത്തമാസം മാന്വല്‍ പരിഷ്കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന വിശദമായ കൂടിയാലോചനക്കു ശേഷമാണെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ‘മാധ്യമ’ത്തോട് പ്രതികരിച്ചു.

മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശനത്തിനായുള്ള കുറുക്കുവഴിയായി പലരും ഗ്രേസ് മാര്‍ക്കുകളെ കാണുന്നതാണ് ഇത്രയധികം അപ്പീലുകള്‍ ഉണ്ടാവുന്നതിന് കാരണമായി പറയുന്നത്. ഇതിനായി ബാലാവകാശ കമീഷനും ലോകായുക്തയും ഉപലോകായുക്തയും കോടതികളുമൊക്കെയായി കലോത്സവം നടത്താന്‍ പറ്റാത്ത വിധം അപ്പീലുകള്‍ കുമിഞ്ഞുകൂടുകയാണ്. ഈ കലോത്സവത്തില്‍ മൊത്തം 900ത്തോളം അപ്പീലുകളായി. മൂവായിരത്തോളം കുട്ടികള്‍ അധികമായി മേളയില്‍ പങ്കെടുക്കാനത്തെുന്നുണ്ട്. ഇതോടെ രാവേറെ നീണ്ട് കലോത്സവം ആകെ അലങ്കോലമാവുകയാണ്.

അതേസമയം, ഗ്രേസ് മാര്‍ക്ക് എടുത്തുകളയുകയല്ല കുറക്കുകയാണ് വേണ്ടതെന്ന അഭിപ്രായവുമായി ഒരു വിഭാഗം കലാകാരന്മാര്‍ രംഗത്തത്തെിയിട്ടുണ്ട്. ഇപ്പോള്‍ ലഭിക്കുന്ന മാര്‍ക്ക് പകുതിയായി കുറക്കുകയും സി ഗ്രേഡിനുള്ള ഗ്രേസ് മാര്‍ക്ക് എടുത്തകളയുകയുമാണ് വേണ്ടതെന്ന് ഡോ.നീനാപ്രസാദിനെപ്പോലുള്ള പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലാതലത്തിലുള്ള വിധിനിര്‍ണയം ശക്തമാക്കിയാല്‍ അപ്പീലുകള്‍ കുറക്കാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇതിനായുള്ള ശക്തമായ നീക്കം സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.  നിലവില്‍ 70ശതമാനമോ അതിലേറെയോ മാര്‍ക്ക് കിട്ടുന്നവര്‍ക്ക് എ ഗ്രേഡും 60 മുതല്‍ 69 ശതമാനംവരെ മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ബി ഗ്രേഡും 50 മുതല്‍ 59 ശതമാനം വരെ മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് സി ഗ്രേഡുമാണ് ലഭിക്കുക.

ഇതില്‍ എ ഗ്രേഡ് 90 ശതമാനം മാര്‍ക്കിന് മുകളില്‍ നേടുന്നവര്‍ക്കായി മാറ്റണമെന്നാണ് ശക്തമായ ആവശ്യം. ബി ഗ്രേഡ് 80 ശതമാനത്തിനും സി.ഗ്രേഡ് 70 ശതമാനത്തിനുമായി നിജപ്പെടുത്തണമെന്നും, മൂന്നുവര്‍ഷംമുമ്പ് അന്നത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിജു പ്രഭാകര്‍ അധ്യക്ഷനായ സമിതിമുമ്പാകെ നിര്‍ദേശം വന്നിരുന്നു. ഇത് കര്‍ശനമായി നടപ്പാക്കിയാല്‍ എല്ലാവര്‍ക്കും എ ഗ്രേഡ് വാരിക്കോരി കിട്ടുന്ന പ്രവണതയും അതുവഴി അപ്പീലുകളും കുറക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - state school kalolsavam grace mark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.