ആലപ്പുഴ: മുത്തച്ഛൻ വർഷങ്ങൾക്കു മുമ്പ് എഴുതിയ കഥയെടുത്ത് വേദിയിൽ ‘എ ഗ്രേഡ്’ പ്രസം ഗമാക്കിയ ഗാഥക്ക് കാണികളുടെ നിറഞ്ഞ കൈയടി. പക്ഷേ, മുത്തച്ഛെൻറ കഥ ഗാഥ കോപ്പിയടിച്ചതല്ല കേട്ടോ. ഇപ്പോൾ സാഹിത്യലോകത്തെ മോഷണമാണല്ലോ നാട്ടിലെ ചർച്ച. അതുകൊണ്ടു പറഞ്ഞതാണ്. മാത്രമല്ല, പേരക്കുട്ടിയുടെ അസാമാന്യ പ്രകടനത്തിന് സാക്ഷ്യം വഹിക്കാൻ കഥാകൃത്തും ഗാഥയുടെ മുത്തച്ഛനുമായ മുണ്ടൂർ സേതുമാധവൻ വേദിയിലുണ്ടായിരുന്നു.
സ്നേഹത്തിെൻറ ആവശ്യകത വിവരിക്കുന്ന മുണ്ടൂർ സേതുമാധവനെഴുതിയ ‘അമ്മക്കൊയ്ത്ത്’ എന്ന കഥയാണ് ഗാഥ അവതരിപ്പിച്ചത്. മകൾ, അമ്മ, അധ്യാപിക എന്നീ സ്ഥാനങ്ങളുടെ മഹത്ത്വം പറയുന്ന കഥ ഏറെ ശ്രദ്ധയോടെയാണ് സദസ്സൊന്നാകെ കണ്ടിരുന്നത്. കഥാപ്രസംഗം സദസ്സിലുള്ളവരെയെല്ലാം മനസ്സും കണ്ണും നനയിപ്പിച്ചു. ഒരുവേള കഥാകാരെൻറ കണ്ണുകളും ഈറനണിഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ മൂന്നാം തവണയാണ് ഗാഥ കഥാപ്രസംഗത്തിന് എത്തുന്നത്. ഇതിൽ മൂന്നുതവണയും എ ഗ്രേഡ് നേടിയാണ് മടക്കം. പോസ്റ്റൽ ഡിപ്പാർട്മെൻറ് ജീവനക്കാരായ ബിജു- ശ്യാമ ദമ്പതികളുടെ മകളാണ് ഗാഥ.
ബന്ധങ്ങളുടെ മഹത്ത്വം നഷ്ടമാകുന്ന ആധുനിക കാലത്ത് ഇത്തരം കഥകൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് മുണ്ടൂർ സേതുമാധവൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഏറെക്കാലം ഏഴാം ക്ലാസിലെ സ്കൂൾ പാഠപുസ്തകത്തിലുണ്ടായിരുന്ന കഥയാണിത്. വർഷങ്ങൾക്കു മുമ്പ് മലർവാടി മാസികയിലാണ് കഥ ആദ്യമായി പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.