കൊല്ലം: ശബരിമല സ്വർണ കവർച്ച കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള അക്കൗണ്ടുകളുടെ പൂർണവിവരങ്ങൾ കണ്ടെത്തുന്നതുവരെ ജാമ്യം നൽകരുതെന്ന് പ്രത്യേക അന്വേഷണ സംഘം. തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിതിന് മുന്നിലാണ് എസ്.ഐ.ടി ഇക്കാര്യം അറിയിച്ചത്.
ആദായനികുതി വകുപ്പിന് അറിയാത്ത അക്കൗണ്ടുകൾ തന്ത്രിക്കും കുടുംബത്തിനുമുണ്ടെന്ന് എസ്.ഐ.ടി വ്യക്തമാക്കി. തന്ത്രിയുടെ പേരിൽ രണ്ട് കോടി അഞ്ച് ലക്ഷം രൂപ നിക്ഷേപമുള്ള അക്കൗണ്ടുണ്ട്. കൂടാതെ ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപ നിക്ഷേപമുള്ള അക്കൗണ്ടുമുണ്ട്. വേറെയും അക്കൗണ്ടുകൾ ഇവരുടെ പേരിൽ ഉണ്ടാകാം. ഈ ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ജാമ്യാപേക്ഷയെ എതിർത്ത് എസ്.ഐ.ടി കോടതിയെ അറിയിച്ചു.
താൻ പൊതുസേവകൻ അല്ലെന്ന വാദവും, ദേവസ്വം ബോർഡിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയത് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഖണ്ഡിച്ചു. 2024-25 സാമ്പത്തിക വർഷം 7.25 രൂപ ദേവസ്വം ബോർഡിൽ നിന്ന് കൈപറ്റിയ തന്ത്രി അഴിമതി നിരോധന നിയമം ബാധകമായ പൊതുസേവകനാണ്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി 2004 മുതൽ ബന്ധമുള്ള തന്ത്രിക്ക് അന്വേഷണം പുരോഗമിക്കുന്ന അവസരത്തിൽ ജാമ്യം നൽകുന്നത് പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. വാദം പൂർത്തിയായതോടെ തന്ത്രിയുടെ ജാമ്യാപേക്ഷയിൽ 18ന് കോടതി വിധി പറയും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് കാലാവധി കോടതി 24 വരെ നീട്ടി. 90 ദിവസം പൂർത്തിയായതിനാൽ സ്വാഭാവിക ജാമ്യത്തിന് അപേക്ഷിച്ച മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയും. മുൻ തിരുവാഭരണം കമീഷണർ കെ.എസ്. ബൈജുവിന്റെ ജാമ്യാപേക്ഷയിലും വാദം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.