നിധിയയുടെ മാര്‍ക്കിടല്‍ കണ്ട്ക്കാ, കണ്ട്ക്കില്ലേൽ വാ...

വേദിയില്‍നിന്ന് ചെസ്റ്റ് നമ്പര്‍ അനൗണ്‍സ് ചെയ്താല്‍ സദസ്സിലിരിക്കുന്ന ഒരാള്‍ ബുക്കും പേനയുമെടുത്ത് വിലയിരുത്തല്‍ തുടങ്ങും. നിസ്സാര വിലയിരുത്തലല്ല, നോട്ട് പുസ്തകം നിറയെ വിമര്‍ശനങ്ങളുടെ പെരുമഴയാണ്. ഇഷ്ടപ്പെടാത്ത നാടകത്തിന് തനികൂതറ എന്നുവരെ എഴുതിയിട്ടുണ്ട്. ഈ വിധികര്‍ത്താവിന്‍െറ പ്രായം കേള്‍ക്കണ്ടേ.  വെറും പത്ത് വയസ്സ്. ‘ഓ ഒരു കുട്ടിക്കളി’ എന്നുപറഞ്ഞ് ചിരിച്ചുതള്ളാന്‍ വരട്ടെ. ഹയര്‍ സെക്കന്‍ഡറി വിഭാഗം കുട്ടികളുടെ നാടകംകണ്ട് പത്ത് വയസ്സുകാരി നിധിയ എന്‍. സുധീഷ് പുസ്തകത്തില്‍ ഒരു കുറിപ്പെഴുതി. എഴുതിയത് അച്ചട്ടായി. നിധിയ എഴുതിയ രണ്ട് പേരായിരുന്നു മികച്ച നടനും നടിയും.

നാടകം കണ്ട് വെറുമൊരു അഭിപ്രായം എഴുതലല്ല രീതി. വിവിധ മാനദണ്ഡങ്ങള്‍ വെച്ചാണ് വിലയിരുത്തല്‍. രംഗസജ്ജീകരണം, അഭിനേതാക്കളുടെ പ്രകടനം, പ്രമേയം... ഇങ്ങനെ പോകുന്നു മാനദണ്ഡങ്ങള്‍. പുലര്‍ച്ചെ മൂന്നുവരെ നീണ്ട ഹയര്‍ സെക്കന്‍ഡറി നാടക മത്സരത്തില്‍ നാലെണ്ണമൊഴികെയും ഹൈസ്കൂളിന്‍െറ മുഴുവനും കണ്ടാണ് വിലയിരുത്തല്‍. എങ്ങനെയാണ് ഇത്ര ക്ഷമയോടെ നാടകം കാണുന്നതെന്ന് ചോദിച്ചാല്‍ മറുപടി ഇങ്ങനെ: ‘നാടകത്തെ സ്നേഹിക്കാന്‍ പറ്റീങ്കി ആടെ ഇരിക്കാനും പറ്റും. സിനിമ കോപ്യടിച്ച് വരണ നാടകം ഇഷ്ടല്ലേ...’

നാടക വിലയിരുത്തലില്‍ മാത്രമല്ല അഭിനയത്തിലുമുണ്ട് പെരുത്തിഷ്ടം. സംസ്ഥാന അമച്വര്‍ നാടക മത്സരത്തില്‍ ബാലനടിക്കുള്ള ജൂറി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കലോത്സവ വേദികളില്‍ മോണോ ആക്ടിലും നാടകത്തിലും  മത്സരിച്ചിട്ടുണ്ട്. ഒരു സിനിമയിലും അഞ്ച് ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചു. കണ്ണൂര്‍ ഒളവിലം രാമകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ്. മാഹി നാടകപ്പുരയിലെ നടനും സംവിധായകനുമായ സുധീഷിന്‍െറയും നിഷയുടെയും മകളാണ് നിധിയ.

Full View
Tags:    
News Summary - nidhi drama judgement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.