കോഴിക്കോട്: ബൈപാസില്‍ കൂടത്തുംപാറക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ വിമാനത്താവള ഉദ്യോഗസ്ഥ മരിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ കമ്യൂണിക്കേഷൻ, നാവിഗേഷൻ, സർവൈലൻസ് (സി.എൻ.എസ്) വിഭാഗം അസി. ജനറൽ മാനേജർ രാമനാട്ടുകര ഒളിക്കുഴിയില്‍ വീട്ടില്‍ സെലിൻ വി. പീറ്റർ (55) ആണ് വെള്ളിയാഴ്ച പുലർച്ച മരിച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സഹോദരിയാണ് സെലിൻ. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അപകടം.
രാമനാട്ടുകരയില്‍നിന്ന് കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയിലുള്ള മകളെ കാണാന്‍ പോകവെ സെലിന് ഓടിച്ച കാറും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.രാമനാട്ടുകര ഭാഗത്തേക്ക് സാധനങ്ങളുമായി പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇടിച്ചത്. കാറിൽ സെലിന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉടന്‍ ബേബി മെമ്മോറിയൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഭർത്താവ്: കരിപ്പൂർ വിമാനത്താവളത്തിലെ വ്യോമഗതാഗത വിഭാഗം ജോ. ജനറൽ മാനേജറും സേഫ്റ്റി മാനേജറുമായ ഒ.വി. മാക്സിസ്. മകൾ: ഡോ. അനീഷ്യ സെലസ് (പത്തോളജിസ്റ്റ്). മരുമകൻ: അരുൺ അലോഷ്യസ് (എൻജിനീയർ). മറ്റൊരു സഹോദരൻ: ഡോ. പീറ്റർ (സൂപ്രണ്ട്, കളമശ്ശേരി മെഡിക്കൽ കോളജ്). വയനാട് തൃക്കൈപ്പറ്റ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.