വീട്ടമ്മയെ കബളിപ്പിച്ച് സ്വര്‍ണവും പണവും കാറും തട്ടിയ യുവാവ് പിടിയില്‍

ആറ്റിങ്ങല്‍: വീട്ടമ്മയെ കബളിപ്പിച്ച് പണവും സ്വര്‍ണവും കാറും തട്ടിയെടുത്ത യുവാവ് പിടിയില്‍. കോട്ടയം വേളൂര്‍ പാലമറ്റം ഹൗസില്‍ സരിന്‍മുത്തുവാണ്(27) പിടിയിലായത്. ആറ്റിങ്ങല്‍ ഗവ. ഐ.ടി.ഐക്ക് സമീപത്തെ വീട്ടമ്മയെ കബളിപ്പിച്ചാണ് യുവാവ് പണവും സ്വര്‍ണവും കാറും ഉള്‍പ്പെടെ 25 ലക്ഷം രൂപയുടെ മുതല്‍ തട്ടിയെടുത്തത്. ഒരു വര്‍ഷമായി പ്രതി ആറ്റിങ്ങലില്‍ വാടകക്ക് താമസിച്ച് പുസ്തക കച്ചവടം നടത്തി വരികയായിരുന്നു. കച്ചവടത്തിനായി പരാതിക്കാരിയുടെ വീടിന് മുകളിലുള്ള കടമുറിയും വാടകക്കെടുത്തിരുന്നു. പലപ്പോഴും പണം കടം വാങ്ങുകയും കൃത്യസമയത്ത് തിരിച്ച് നല്‍കുകയും ചെയ്ത് വിശ്വസ്തനായ ശേഷം ബിസിനസ് വിപുലപ്പെടുത്താനെന്ന വ്യാജേന രണ്ടു പ്രാവശ്യമായി 11 ലക്ഷം രൂപയും 50 പവന്‍െറ ആഭരണവും തട്ടിയെടുത്ത് വീട്ടമ്മയുടെ പേരിലുള്ള ഹോണ്ട സിവിക് കാറുമായി തമിഴ്നാട്ടിലേക്ക് കടന്നു. കോയമ്പത്തൂര്‍ സ്വദേശിയായ പ്രതി കോട്ടയത്താണ് താമസിക്കുന്നത്. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പ്രതാപന്‍നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.