ഡിജിറ്റൽ ബേൺഔട്ട്: നിശബ്ദനായ വില്ലനെ തിരിച്ചറിയാം; ലക്ഷണങ്ങളും പ്രതിരോധവും

സ്മാർട്ട്ഫോണും ലാപ്ടോപ്പും ഇല്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ? എന്നാൽ ഈ ‘അമിത കണക്റ്റിവിറ്റി’ നമ്മുടെ ശരീരത്തെയും മനസ്സിനെയും തളർത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗംമൂലം ശാരീരികമായും മാനസികമായും വൈകാരികമായും തളർന്നുപോകുന്ന അവസ്ഥയാണ് ‘ഡിജിറ്റൽ ബേൺഔട്ട്’. നാം പോലുമറിയാതെ നമ്മെ കീഴ്പ്പെടുത്തുന്ന വില്ലനാണിവൻ.

ഡിജിറ്റൽ ബേൺഔട്ട് നമ്മുടെ ശരീരത്തെ നേരിട്ട് ബാധിക്കുന്നുണ്ടെന്നാണ് ലോക സോഷ്യൽ സൈക്യാട്രി പഠനങ്ങൾ വ്യക്തമാക്കുന്നത്.

പ്രധാന ലക്ഷണങ്ങൾ:

അമിതമായ ക്ഷീണം: വിശ്രമിച്ചാലും മാറാത്ത തളർച്ച. ലളിതമായ കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്തവിധം ഊർജം നഷ്ടപ്പെട്ടതായി തോന്നും.

കണ്ണുകൾക്കുള്ള ആയാസം: മണിക്കൂറുകളോളം സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നത് ‘കമ്പ്യൂട്ടർ വിഷൻ സിൻഡ്രോമിന്’ കാരണമാകും. ഇത് കാഴ്ചയെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിച്ചേക്കാം.

തലവേദന: ജോലിസ്ഥലത്തെ മോശം സാഹചര്യം, കണ്ണ് ഇമവെട്ടാൻപോലും മറന്നുപോകുന്ന ശീലം എന്നിവ കഠിനമായ തലവേദനയിലേക്ക് നയിക്കുന്നു.

ഉറക്കമില്ലായ്മ: രാത്രി വൈകിയും ഫോൺ ഉപയോഗിക്കുന്നത് ഉറക്കത്തെ സഹായിക്കുന്ന ഹോർമോണുകളെ ബാധിക്കും. എത്ര തളർന്നാലും ഉറക്കം വരാത്ത അവസ്ഥയാണിത്.

പേശിവേദന: തെറ്റായ രീതിയിൽ ഇരുന്നുള്ള സ്ക്രീൻ ഉപയോഗം കഴുത്ത്, തോൾ, നടുവ് എന്നിവിടങ്ങളിൽ വിട്ടുമാറാത്ത വേദനയുണ്ടാക്കും.

മാനസിക ലക്ഷണങ്ങൾ.

ആശങ്ക: എപ്പോഴും എന്തിനെയോ കുറിച്ചുള്ള ഉത്കണ്ഠയും അസ്വസ്ഥതയും ഇതിന്റെ ഭാഗമാണ്.

ദേഷ്യം: സെറോടോണിൻ, മെലാറ്റോണിൻ തുടങ്ങിയ ഹോർമോണുകളുടെ സന്തുലിതാവസ്ഥ തെറ്റുന്നത് നിസ്സാര കാര്യങ്ങൾക്കുപോലും ദേഷ്യം വരാൻ കാരണമാകുന്നു.

ഏകാഗ്രത കുറയുന്നു: ഒരു കാര്യത്തിലും പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ ജോലിയെ തടസ്സപ്പെടുത്തുന്നു.

മടി: പ്രധാനപ്പെട്ട ജോലികൾ മാറ്റിവെക്കുന്ന ശീലം വർധിക്കുന്നു.

മാനസിക സമ്മർദ്ദം: സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂടുന്നത് മാനസികാരോഗ്യം വഷളാക്കുന്നു.

ഡിജിറ്റൽ ബേൺഔട്ടിനെ പ്രതിരോധിക്കാൻ ചില ലളിതമായ ശീലങ്ങൾ വളർത്തിയെടുക്കാം:

സ്ക്രീൻ സമയത്തിന് പരിധി നിശ്ചയിക്കുക: ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്ന സമയം കൃത്യമായി ക്രമീകരിക്കുക.

ഡിജിറ്റൽ ഡിറ്റോക്സ്: ആഴ്ചയിലൊരിക്കലോ നിശ്ചിത സമയത്തോ ഇന്റർനെറ്റിൽ നിന്നും ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുക.

ശരിയായ ഇരിപ്പിടം: ജോലി ചെയ്യുന്ന മേശയും കസേരയും കണ്ണിന്റെ നിലവാരത്തിനനുസരിച്ച് ക്രമീകരിക്കുക.

ഇടവേളകൾ എടുക്കുക: തുടർച്ചയായി സ്ക്രീനിൽ നോക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കാനും കണ്ണുകൾക്ക് വിശ്രമം നൽകാനും ശ്രദ്ധിക്കുക.

ഡിജിറ്റൽ ഉപകരണങ്ങൾ നമ്മുടെ നിയന്ത്രണത്തിലായിരിക്കണം, തിരിച്ചാവരുത്. ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾത്തന്നെ മുൻകരുതലുകൾ എടുക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

Tags:    
News Summary - digital Burnout: Signs of the Silent Menace and How to Prevent It

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.