കാലിഫോർണിയ: ബഹിരാകാശ നിലയത്തിലെ സഞ്ചാരിയുടെ ആരോഗ്യപ്രശ്നത്തെ തുടർന്ന് നാല് പേരടങ്ങുന്ന ക്രൂ-11 ദൗത്യ സംഘത്തിന്‍റെ മടക്ക തീയതി പ്രഖ്യാപിച്ച് നാസ. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇവരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായിരുന്നു. ജനുവരി 14 ന് സംഘം സഞ്ചരിച്ച സ്പേസ് എക്സ് ഡ്രാഗൺ പേടകം ഭൂമിയിലേക്ക് തിരിക്കും. ജനുവരി 15 ന് പേടകം ഭൂമിയിൽ ഇറങ്ങും എന്നും നാസ അറിയിച്ചു.
നാസയുടെ ബഹിരാകാശ സഞ്ചാരികളായ സെന കാർഡ്മൻ, മൈക്ക് ഫിൻകെ ജപ്പാൻ ബഹിരകാശ ഏജൻസി ജാക്സയുടെ കിമിയ യൂവി, റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്റെ ഒലേഗ് പ്ലാറ്റൊനോവ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാനും ഏജൻസി ഉദ്യോഗസ്ഥരും സംഘത്തെ തിരിച്ചെത്തിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു.
ബഹിരാകാശ യാത്രികരുടെ ആരോഗ്യപ്രശ്നം ദൗത്യത്തിന്റെ ഭാഗമായി സംഭവിച്ചതല്ലെന്നും പരിക്കുകൾ കാരണമല്ലെന്നും പറഞ്ഞിരുന്നു. ബഹിരാകാശത്തുള്ള ഒരു സഞ്ചാരിക്ക് ആരോഗ്യപ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച നാസ ആർക്കാണ് അസുഖമെന്ന വിവരം പുറത്തു വിട്ടിട്ടില്ല. നാസയുടെ 65 വർഷത്തിലേറെ നീണ്ട ചരിത്രത്തിൽ ഇതാദ്യമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നും ആരോഗ്യപ്രശ്നത്തെ തുടർന്ന് സംഘത്തെ തിരിച്ചുകൊണ്ടുവരുന്നത്. ബഹിരാകാശ നിലയത്തിലെ പവർ സിസ്റ്റത്തിലെ അറ്റക്കുറ്റപ്പണിയായിരുന്നു ഇവരുടെ ലക്ഷ്യം.
സാധാരണ ഗതിയിൽ ആറ് മാസത്തിലധികം നീളുന്നതാണ് നാസയുടെ ക്രൂ ദൗത്യങ്ങൾ. അടുത്ത സംഘമെത്തി ചുമതലയേറ്റെടുത്ത ശേഷമേ മുൻഗാമികൾ മടങ്ങാറുള്ളൂ. ക്രൂ 12 ദൗത്യത്തിന്‍റെ വിക്ഷേപണം നിലവിൽ ഫെബ്രുവരിയിലാണ് തീരുമാനിച്ചിരിക്കുന്നത്. അവരെത്തും മുമ്പേ ക്രൂ-11 മടങ്ങുമ്പോൾ റഷ്യയുടെ സൊയൂസ് എം എസ് 28 ദൗത്യത്തിലൂടെ നവംബറിൽ നിലയത്തിലെത്തിയ മൂന്നംഗ സംഘത്തിനാകും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്‍റെ സമ്പൂർണ ഉത്തരവാദിത്തമുണ്ടാവുക. രണ്ട് റഷ്യൻ ബഹിരാകാശ സഞ്ചാരികളും ഒരു നാസ പ്രതിനിധിയുമാണ് ഈ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.