സമൂഹമാധ്യമ ആപ്പായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഉപയോക്താക്കളുടെ യൂസെർ നെയിം, പാസ്‌വേഡ്, ഇ-മെയിൽ ഐ.ഡി, ഫോൺ നമ്പർ, ലൊക്കേഷൻ വിവരങ്ങൾ എന്നിവയുൾപ്പെടെയാണ് ചോർന്നത്. വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനക്ക് വെച്ചതായും സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സിന്‍റെ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഇൻസ്റ്റഗ്രാമിന്‍റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള ഒ.ടി.പി പലർക്കും ഇ-മെയിലിൽ ലഭിച്ചതോടെയാണ് വിവരങ്ങൾ ചോർന്നതായി സംശയമുണ്ടായത്. പിന്നാലെ മാൽവെയർബൈറ്റ്സ് ഡാർക്ക് വെബ് നിരീക്ഷണ ശ്രമങ്ങൾക്കിടെയാണ് ഈ ലംഘനം ഉറപ്പിച്ചത്. ആൾമാറാട്ട തട്ടിപ്പുകൾ, ഫിഷിങ് ആക്രമണങ്ങൾ, ക്രെഡൻഷ്യൽ മോഷണം എന്നിവയ്ക്കായി ചോർന്ന ഡേറ്റ ഉപയോഗിക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു. സുരക്ഷ ഉറപ്പാക്കാനായി ഉപയോക്താക്കൾ പാസ്‌വേഡ് റീസെറ്റ് ചെയ്യണമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
നിങ്ങളുടെ അക്കൗണ്ടിലെ മാറ്റങ്ങൾ, ഉദാഹരണത്തിന് ഇമെയിൽ അല്ലെങ്കിൽ പാസ്‌വേഡ് അപ്‌ഡേറ്റ് എന്നിവയെക്കുറിച്ച് അറിയിക്കുന്ന ഇ-മെയിൽ security@mail.instagram.comൽനിന്ന് ലഭിച്ചാൽ, ആ സന്ദേശത്തിൽ 'Secure my account' എന്നത് തെരഞ്ഞെടുത്ത് നിങ്ങൾക്ക് അവ പഴയപടിയാക്കാൻ കഴിഞ്ഞേക്കും.
നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്‌സസ് വീണ്ടെടുക്കാൻ:
1. ലോഗിൻ സ്‌ക്രീനിൽ 'Forgotten password?' സെലക്ട് ചെയ്യുക.
2. നിങ്ങളുടെ യൂസെർനെയിം, ഇ-മെയിൽ അല്ലെങ്കിൽ ഫോൺ നമ്പർ നൽകുക, തുടർന്ന് Send login link ക്ലിക്കുചെയ്യുക.
3. captcha നൽകി 'Next' ക്ലിക്ക് ചെയ്യുക.
4. ലോഗിൻ ചെയ്യാനും നിർദ്ദേശങ്ങൾ പാലിക്കാനും നിങ്ങളുടെ ഇ-മെയിലിലേക്കോ SMS-ലേക്കോ അയച്ച ലിങ്ക് ഉപയോഗിക്കുക. ബന്ധപ്പെട്ട ഇ-മെയിൽ, ഫോൺ നമ്പർ അല്ലെങ്കിൽ യൂസെർനെയിം എന്നിവയിലേക്ക് നിങ്ങൾക്ക് ആക്‌സസ് ഇല്ലെങ്കിൽ, കൂടുതൽ മാർഗ്ഗനിർദ്ദേശത്തിനായി ഇൻസ്റ്റഗ്രാമിന്റെ help പേജ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.