രാസവളങ്ങള്‍ക്ക് ഉള്‍പ്രദേശങ്ങളില്‍ തോന്നിയ വില ഈടാക്കുന്നു

കല്‍പറ്റ: രാസവളങ്ങള്‍ക്ക് ജില്ലയിലെ ഉള്‍പ്രദേശങ്ങളില്‍ തോന്നിയ വില. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് വളങ്ങള്‍ കൊണ്ടുവരുമ്പോഴുള്ള കടത്തുകൂലി മൂലം വിലയില്‍ ചെറിയ വ്യത്യാസം വരാമെന്ന് വ്യാപാരികള്‍ പറയുന്നു. ഈ വില വ്യത്യാസം 20-30 രൂപ വരെ മാത്രമേ വരൂ. എന്നാല്‍, ഒന്നും രണ്ടും കിലോമീറ്റര്‍ മാത്രം വ്യത്യാസത്തിലുള്ള കടകളില്‍ പോലും 50 രൂപ മുതല്‍ 75 രൂപ വരെ വിലയില്‍ വ്യത്യാസം വരുന്നുണ്ട്. ഇത്തരത്തില്‍ പലയിടത്തും തോന്നിയ രൂപത്തില്‍ രാസവളങ്ങള്‍ക്ക് വില ഈടാക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഫാക്ടിന്‍െറ ഫാക്ടംഫോസ് 50 കിലോ ബാഗിന് 1000 രൂപ വരെ ചിലര്‍ ഈടാക്കുന്നുണ്ട്. എന്നാല്‍, തൊട്ടടുത്ത കടകളില്‍ 950, 970 എന്നിങ്ങനെയാണ് വില. 940 രൂപയാണ് ഇതിന്‍െറ എം.ആര്‍.പി. ചിലര്‍ ഇതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുമ്പോഴാണ് ചിലയിടങ്ങളില്‍ 1000 രൂപ വരെ ഈടാക്കുന്നത്. കല്‍പറ്റയില്‍നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള പിണങ്ങോട് 1000 രൂപയാണ് ഫാക്ടംഫോസിന് ഈടാക്കുന്നത്. പിണങ്ങോടിന് ചുറ്റുവട്ടത്തുള്ള കടകളില്‍ 925, 950 എന്നിങ്ങനെയാണ് വില. കല്‍പറ്റയില്‍ 970 രൂപ വരെയുണ്ട്. മിശ്രിത വളമായ 18-18-18ന് 995 രൂപയാണ് എം.ആര്‍.പി. മിശ്രിത വളങ്ങള്‍ക്ക് കട ത്തുകൂലി ബന്ധപ്പെട്ട കമ്പനികള്‍ നല്‍കുന്നതിനാല്‍ വ്യാപാരികള്‍ എം.ആര്‍.പിയേക്കാളും കുറഞ്ഞ വിലയ്ക്ക് ഇത് വില്‍ക്കുന്നുണ്ട്. എന്നാല്‍, ഉള്‍പ്രദേശത്തുള്ള ചില കച്ചവടക്കാര്‍ 995 രൂപതന്നെ ഈടാക്കുന്നു. അതേസമയം, ചിലര്‍ 930 മുതല്‍ 960 രൂപ വരെയാണ് വില ഈടാക്കുന്നത്. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നാണ് വയനാട്ടിലേക്ക് വളങ്ങള്‍ എത്തുന്നത്. കോഴിക്കോട് നിന്ന് കല്‍പറ്റയിലേക്ക് 5350 രൂപയോളം ലോറിക്ക് വാടകയിനത്തില്‍ നല്‍കണം. എന്നാല്‍, കടത്തുകൂലി കമ്പനികള്‍ നല്‍കുന്നില്ളെന്നും ഇതിനാല്‍ എം.ആര്‍.പിയേക്കാള്‍ കൂടുതല്‍ വിലയ്ക്ക് വളങ്ങള്‍ വില്‍ക്കേണ്ടിവരുന്നെന്നും ഫെര്‍ട്ടിലൈസര്‍ ഡീലേഴ്സ് അസോസിയേഷന്‍ പറയുന്നു. മിശ്രിത വളങ്ങളായ 18-18-18, പൊട്ടാഷ്, യൂറിയ എന്നിവക്ക് അതത് കമ്പനികള്‍ കടത്തുകൂലി നല്‍കുന്നുണ്ട്. ഇതിനാല്‍ ഇത്തരം വളങ്ങള്‍ക്ക് വലിയ വില വ്യത്യാസം ഇല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.