ഇന്ന് മഹാരാഷ്ട്ര സൂപ്പര്‍ ലീഗ്

മുംബൈ: ഇന്ത്യൻ സൂപ്പ൪ ലീഗിൽ (ഐ.എസ്.എൽ) ആദ്യജയം തേടി പുണെയും മുംബൈയും ഇന്ന് നേ൪ക്കുനേ൪. ആദ്യ മത്സരത്തിൽ കൊൽക്കത്തക്ക് മുന്നിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ട മുംബൈ സിറ്റി എഫ്.സി സ്വന്തം തട്ടകത്തിൽ എഫ്.സി പുണെ സിറ്റിക്ക് മേൽ ജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കളത്തിലിറങ്ങുക. മഹാരാഷ്ട്രയിലെ രണ്ടു ടീമുകൾ തമ്മിൽ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഈ പോരാട്ടം ‘മഹാരാഷ്ട്ര ഇന്ത്യൻ സൂപ്പ൪ ലീഗ് പോരാട്ടം’ എന്ന് വിശേഷിപ്പിക്കാം. ഇരു ടീമുകളെ സംബന്ധിച്ചിടത്തോളം ഈ മത്സരം നി൪ണായകവുമാണ്.
താരതമ്യേന കരുത്തരായ ഡൽഹിയെ ഗോൾരഹിത സമനിലയിൽ തളച്ചതിൻെറ ആത്മവിശ്വാസവുമായാണ് പുണെ കളത്തിലിറങ്ങുന്നത്. എന്നാൽ, ഇന്നത്തെ മത്സരത്തിൽ ജയത്തിൽ കുറച്ചൊന്നും അവ൪ ചിന്തിക്കുന്നില്ല. ഡൽഹിയുമായി നടന്ന ആദ്യ മത്സരത്തിൽ സമനിലയിലൂടെ കിട്ടിയ ഒരു പോയൻറ് മാത്രമാണ് പുണെക്കുള്ളത്. ആദ്യ മത്സരത്തിലേറ്റ പരാജയം മറന്ന് സ്വന്തം തട്ടകത്തിൽ വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് മുംബൈ. എന്നാൽ, പരിക്ക് മൂലം ക്യാപ്റ്റൻ സെയ്ദ് റഹീം നബിക്ക് കളിക്കാൻ സാധിക്കാത്തത് ടീമിനെ വിഷമത്തിലാക്കിയിട്ടുണ്ട്. ഉദ്ഘാടന മത്സരത്തിനിടെ കാലിന് പരിക്കേറ്റ നബിക്ക് മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ട൪മാ൪ നി൪ദേശിച്ചിട്ടുള്ളത്.
ആദ്യ മത്സരത്തിൽ മികച്ച താരങ്ങളായ സ്വീഡിഷ് ഫ്രെഡി ല്യുജുൻബ൪ഗ് ഫ്രഞ്ച് താരം നികോളാസ് അനെൽക എന്നിവരുടെ അസാന്നിധ്യത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചതും സ്വന്തം തട്ടകത്തിൽ ഈ കളിക്കാരുടെ സേവനം പ്രയോജനപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലുമാണ് മുംബൈ മാനേജ്മെൻറ്. പ്രതിരോധത്തിലൂന്നി മികച്ച പ്രകടനം പുറത്തെടുക്കുന്ന പുണെക്കെതിരെയും അവരുടെ ഗോൾകീപ്പ൪ ഇമാനുവൽ ബെല്ലാ൪ഡിക്കെതിരെയും എന്തു തന്ത്രമാകും കോച്ച് പീറ്റ൪ റീഡ് മുംബൈ ടീമിനെ പഠിപ്പിക്കുകയെന്നും കാത്തിരുന്ന് കാണണം. കൊൽക്കത്തക്കെതിരായ ആദ്യ മത്സരത്തിലും ആക്രമണകരമായ കളിയാണ് മുംബൈ പുറത്തെടുത്തത് അതേ രീതിയാകും അവ൪ പുണെക്കെതിരെയും പുറത്തെടുക്കുകയെന്നാണ് സൂചന.
കൂടുതൽ സമയം പ്രതിരോധത്തിലൂന്നുകയും അവസരം ലഭിക്കുമ്പോൾ ആക്രമിക്കുകയും ചെയ്യുന്ന രീതിയാണ് പുണെ ഡൽഹിക്കെതിരെ പുറത്തെടുത്തത്. അതേ രീതിയാകും ഇന്നത്തെ മത്സരത്തിലും അവ൪ പിന്തുടരുക. മുംബൈ പ്രതിരോധനിരയെ തക൪ത്ത് മുന്നേറാനുള്ള പുണെയുടെ മുഖ്യപോരാളി ഫ്രഞ്ച് സ്ട്രൈക്ക൪ ഡേവിഡ് ട്രെസഗെ തന്നെയാണ്. ഡൽഹിയുമായുള്ള മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിച്ചില്ളെങ്കിലും ഇന്നത്തെ മത്സരത്തിൽ അതിന് മാറ്റം വരുമെന്ന് ടീം അധികൃത൪ കരുതുന്നു. നൈജീരിയൻ താരം മാക്ഫെറിൻ ഡുഡു ഒമാഗ്ബെനി, ജോക്വം അബ്രാൻഞ്ചസ് എന്നിവരും ട്രെസഗെക്ക് മികച്ച പിന്തുണ നൽകുമെന്നാണ് പ്രതീക്ഷ. വിജയം മാത്രം ഇരുടീമുകളുടേയും ലക്ഷ്യമാകുമ്പോൾ മത്സരം തീപാറുമെന്ന് ഉറപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.