മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ക്ഷ​ൻ ക​മ്മി​റ്റി പ്ര​തി​ഷേ​ധ യോ​ഗം ര​ക്ഷാ​ധി​കാ​രി അ​ഡ്വ. വി.​പി. എ​ൽ​ദോ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വയനാട് മെഡിക്കൽ കോളജ്; ആക്ഷൻ കമ്മിറ്റി ലോകായുക്തയിലേക്ക്

കൽപറ്റ: വയനാട് മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിലെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി സർക്കാറിനും ആരോഗ്യമന്ത്രിക്കും ജില്ല കലക്ടർക്കുമെതിരെ മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി സെക്രട്ടറി കെ.വി. ഗോകുൽദാസ് കേരളാ ലോകായുക്ത ഡിവിഷൻ ബെഞ്ചിൽ കേസ് ഫയൽ ചെയ്തു. മടക്കിമലയിൽ ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് സർക്കാരിന് വിട്ടുനൽകിയ ഭൂമിയിലാണ് മെഡിക്കൽ കോളജ് പ്രഖ്യാപിച്ച്‌ ഉത്തരവിറക്കിയത്.

പ്രവൃത്തി ഉദ്ഘാടനവും പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങിയശേഷമാണ് ഈ ഭൂമി ഉപേക്ഷിച്ചത്. പിന്നീട് താൽകാലികമായി മാനന്തവാടി ജില്ല ആശുപത്രിയിൽ മെഡി. കോളജ് പ്രവർത്തനം തുടങ്ങുകയായിരുന്നു.

സൗജന്യമായി വിട്ടുകിട്ടിയ ഭൂമി ഉപേക്ഷിച്ച് വേറെ ഭൂമി വിലകൊടുത്തു വാങ്ങേണ്ടിവരുമ്പോൾ അതിനായി പൊതുഖജനാവിൽനിന്ന് വലിയതുക ചെലവഴിക്കേണ്ടിവരും. ഒരു സർക്കാർ കൈകൊണ്ട തീരുമാനം മതിയായ കാരണമില്ലാതെ അടുത്ത സർക്കാറിന് മാറ്റാവുന്നതല്ലെന്നും ഇവയെല്ലാം ലോകായുക്ത നിയമം അനുശാസിക്കുന്ന ഭരണ വൈകല്യത്തിന്റെ പരിധിയിൽ വരുമെന്നും ഹർജിയിൽ ഉന്നയിക്കുന്നു.

ഇതുസംബന്ധിച്ച് സമഗ്രാന്വേഷണത്തിന് ഉത്തരവിടണമെന്നും വയനാട് മെഡിക്കൽ കോളജ് മടക്കിമലയിലെ ഭൂമിയിൽത്തന്നെ സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി ഫയൽ ചെയ്തത്. ഇതിനുപുറമേ 2025 ജൂലൈ 14ന് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മെഡിക്കൽ കോളജ് വിഷയത്തിൽ സർക്കാർ മൂന്നുമാസത്തിനകം അന്തിമതീരുമാനം എടുക്കേണ്ടതായിരുന്നു.

എന്നാൽ, ഈ സമയപരിധിക്കുള്ളിൽ പരാതിക്കാരായ ആക്ഷൻ കമ്മിറ്റി ഭാരവാഹികളെ കേൾക്കുകയോ തീരുമാനമെടുക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ കോടതിയലക്ഷ്യ ഹർജിയും നൽകിയിട്ടുണ്ട്. മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി പ്രതിഷേധ യോഗം രക്ഷാധികാരി അഡ്വ. വി.പി. എൽദോ ഉദ്ഘാടനം ചെയ്തു. എസ്.ആർ.പി.സി ജില്ല പ്രസിഡന്റ് കെ.എൻ. പ്രേമലത അധ്യക്ഷതവഹിച്ചു.

Tags:    
News Summary - Wayanad Medical College; Action Committee to Lokayukta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.