കൽപറ്റ: ചുരത്തിന് മുകളിലുള്ളത് പരമ്പരാഗതമായി യു.ഡി.എഫിന്റെ മണ്ണാണ്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിലടക്കം എൽ.ഡി.എഫിനെയും വയനാട് തുണച്ചിട്ടുണ്ട്. നിലവിൽ 23 പഞ്ചായത്തുകളിൽ 16 ഇടത്ത് യു.ഡി.എഫും ഏഴിടത്ത് എൽ.ഡി.എഫുമാണുള്ളത്. പഞ്ചായത്ത് വാർഡുകളുടെ കാര്യത്തിലും കണക്കിൽ യു.ഡി.എഫിനാണ് മുൻതൂക്കം. എന്നാൽ, കോൺഗ്രസ് ഗ്രൂപ് തർക്കവും വിമത ഭീഷണിയുമുള്ളതിനാൽ ചില പഞ്ചായത്തുകളിൽ എൽ.ഡി.എഫ് വരാം. നൂൽപുഴയും നെന്മേനിയും എൽ.ഡി.എഫ് പിടിച്ചേക്കും. എന്നാൽ, കൈയിലുള്ള വെള്ളമുണ്ടയും തൊഴിലുറപ്പ് അഴിമതി നടന്ന തൊണ്ടർനാടും നഷ്ടപ്പെടാം.
ജില്ല പഞ്ചായത്തിൽ 16 ഡിവിഷനുകളിൽ എട്ടെണ്ണം വീതമാണ് ഇരുമുന്നണികൾക്കുമുള്ളത്. കഴിഞ്ഞ തവണ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന് ലഭിച്ചത്. ഇത്തവണ 17 ഡിവിഷനുകളുള്ള ജില്ല പഞ്ചായത്ത് യു.ഡി.എഫ് നിലനിർത്തുമെന്നാണ് സൂചന. എന്നാൽ, ഒമ്പതു വരെ സീറ്റുകൾ നേടി ഭരണം നേടുമെന്നാണ് ഇടതുകേന്ദ്രങ്ങൾ പറയുന്നത്.
അടിയൊഴുക്കുകളില്ലെങ്കിൽ മാനന്തവാടി നഗരസഭ യു.ഡി.എഫ് നിലനിർത്തും. എന്നാൽ, യു.ഡി.എഫിന്റെ കൈയിലുള്ള കൽപറ്റ ഇത്തവണ മാറിച്ചിന്തിക്കുമെന്നാണ് സൂചനകൾ. മുസ്ലിം ലീഗിലെ വിമതരും ഗ്രൂപ്പുമാണ് കാരണം. ഇടതുപക്ഷം ഭരിക്കുന്ന സുൽത്താൻ ബത്തേരിയിൽ മാറ്റമുണ്ടാകണമെങ്കിൽ മറുപക്ഷം ഏറെ വിയർക്കേണ്ടിവരും.
ആകെ നാല് േബ്ലാക്ക് പഞ്ചായത്തുകളിൽ നിലവിൽ രണ്ടെണ്ണം വീതം ഇരുമുന്നണികൾക്കൊപ്പമാണ്. സഹജ ദൗർബല്യങ്ങൾ മറികടക്കാനായാൽ തങ്ങളുടെ ശക്തികേന്ദ്രങ്ങളുള്ള ബത്തേരിയിൽ ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫിനായേക്കും. പനമരം, കൽപറ്റ േബ്ലാക്കുകൾ യു.ഡി.എഫ് നിലനിർത്തും. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന എൽ.ഡി.എഫ് ഭരിക്കുന്ന മാനന്തവാടി േബ്ലാക്കിൽ ഫലം പ്രവചനാതീതമാണ്.
സാധ്യതയുള്ള സീറ്റുകൾ കേന്ദ്രീകരിച്ച് വ്യാപക പ്രവർത്തനമാണ് എൻ.ഡി.എ നടത്തുന്നത്. ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് ആസൂത്രിത പ്രവർത്തനങ്ങളിലാണ് ബി.ജെ.പി. ഫലിച്ചാൽ കഴിഞ്ഞ തവണ എട്ട് പഞ്ചായത്തുകളിലായി 13 വാർഡുകൾ നേടിയ എൻ.ഡി.എ ഇത്തവണ നില മെച്ചപ്പെടുത്തും.
നേതാക്കളുടെ പ്രസംഗങ്ങളിലല്ലാതെ കാര്യമായി ചർച്ചയാകാത്ത ഉരുൾദുരന്തം അവസാനദിനങ്ങളിൽ ഇടതുപക്ഷം സജീവമാക്കി. അതിജീവിതർക്ക് വീടുനൽകാമെന്ന് വാഗ്ദാനം ചെയ്ത കോൺഗ്രസ് അവരെ വഞ്ചിച്ചുവെന്നാണ്ആരോപണം. എന്നാൽ, പുനരധിവാസമടക്കം ഇഴഞ്ഞുനീങ്ങുന്നതും ബ്രഹ്മഗിരി സൊസൈറ്റി നിക്ഷേപക പ്രശ്നവുമെടുത്താണ് യു.ഡി.എഫ് പ്രതിരോധം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.