ഇബ്രാഹീം നബിയുടെ സ്മരണയില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു

കല്‍പറ്റ: പ്രിയപ്പെട്ടതെന്തും ദൈവത്തിന്‍െറ മാര്‍ഗത്തില്‍ ത്യജിക്കാന്‍ തയാറായ ഇബ്രാഹീം നബിയുടെ സ്മരണയില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. പള്ളികളിലും ഹാളുകളിലുമായി ഈദ് നമസ്കാരം നടന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ നമസ്കാരത്തില്‍ പങ്കെടുത്തു. കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാല്‍ ഈദ്ഗാഹുകള്‍ ഹാളുകളിലാണ് നടന്നത്. നമസ്കാരത്തിന് ശേഷം ഉടന്‍ തന്നെ പള്ളികള്‍ കേന്ദ്രീകരിച്ച് ബലികര്‍മം നടന്നു. ബലി മാംസം ജാതിമതഭേദമന്യേ എല്ലാവര്‍ക്കും വിതരണം ചെയ്തു. കല്‍പറ്റ വലിയ പള്ളിയില്‍ ഇമാം സലീം മൗലവി പെരുന്നാള്‍ സന്ദേശം നല്‍കി. എം.സി.എഫ് പബ്ളിക് സ്കൂളില്‍ നടന്ന ഈദ്ഗാഹിന് കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി നേതൃത്വം നല്‍കി. രാഷ്ട്രത്തിന്‍െറയും സമൂഹത്തിന്‍െറയും പുന$സൃഷ്ടിക്ക് ത്യാഗസന്നദ്ധരാവാനും മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എന്‍.എം ഈദ്ഗാഹ് കല്‍പറ്റ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്നു. അബ്ദുല്‍റസാഖ് സലഫി എടവണ്ണ നേതൃത്വം നല്‍കി. കല്‍പറ്റ മസ്ജിദുല്‍ ഫലാഹില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ എം. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഖുതുബ നിര്‍വഹിച്ചു. പിണങ്ങോട് ഐഡിയല്‍ കാമ്പസ് ഓഡിറ്റോറിയത്തില്‍ നടന്ന ഈദ്ഗാഹിന് നാസര്‍ മൗലവി നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ മാനന്തവാടി മിസ്ബ കോംപ്ളക്സില്‍ നടന്ന ഈദ്ഗാഹിന് അബ്ദുല്ല ദാരിമി നേതൃത്വം നല്‍കി. താഴെയങ്ങാടി ന്യൂമാന്‍സ് കോളജില്‍ നടന്ന ഈദ്ഗാഹിന് അന്‍വര്‍ സുല്ലമി നേതൃത്വം നല്‍കി. പാണ്ടിക്കാട് ജുമാ മസ്ജിദില്‍ ജാഫര്‍ ബാഖഫിയും മാനന്തവാടി ടൗണ്‍ പള്ളിയില്‍ മമ്മുട്ടി നിസാമിയും തവിഞ്ഞാല്‍ 44ല്‍ ഉസ്മാന്‍ സഖാഫിയും നമസ്കാരത്തിന് നേതൃത്വം നല്‍കി. തലപ്പുഴ ചുങ്കത്ത് ഉമ്മര്‍ ദാരിമി, തലപ്പുഴ ടൗണ്‍ ജുമാ മസ്ജിദില്‍ അബ്ദുറഹ്മാന്‍ അമാനി എന്നിവരും നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.