ഇസ്ലാമിക് സ്റ്റേറ്റ് സി.ഐ.എ സൃഷ്ടിയെന്ന സംശയം ബലപ്പെടുന്നു

ബഗ്ദാദ്: വളരെ ചുരുങ്ങിയ സൈന്യവുമായി ഇറാഖിലെയും സിറിയയിലെയും സുന്നിമേഖലകൾ നിയന്ത്രണത്തിലാക്കി മുന്നേറ്റം തുടരുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) യഥാ൪ഥത്തിൽ അമേരിക്കൻ ചാരസംഘടന സി.ഐ.എയുടെ സൃഷ്ടിയാണോ?
ഇറാഖിൽ സാധാരണക്കാ൪ മുതൽ മുതി൪ന്ന രാഷ്ട്രീയ നേതാക്കൾ വരെ ഐ.എസിൻെറ പിതൃത്വത്തിൽ സംശയിക്കുന്നവരാണെന്ന് ‘ന്യൂയോ൪ക് ടൈംസ്’ റിപ്പോ൪ട്ട് ചെയ്യുന്നു. രണ്ടുവട്ടം യുദ്ധം നടത്തിയിട്ടും മതിയാകാതെ ഒരിക്കൽകൂടി ഇറാഖിൽ സൈനിക നീക്കം നടത്താനുള്ള അമേരിക്കയുടെ തന്ത്രമാണിതെന്നാണ് സംശയം. ഒരു മാസത്തിലേറെയായി ഐ.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഒരുവശത്ത് അമേരിക്ക നിരന്തരം വ്യോമാക്രമണം നടത്തുമ്പോഴും തീവ്രവാദികൾ കൂടുതൽ മേഖലകൾ പിടിച്ചടക്കിക്കൊണ്ടിരിക്കുന്നത് ഇതിൻെറ തെളിവാണെന്നും ഇറാഖികൾ പറയുന്നു.
‘ആരാണ് ഐ.എസിനെ ഉണ്ടാക്കിയതെന്ന് ഞങ്ങൾക്ക് അറിയാം’ -ബഗ്ദാദിൽ ശനിയാഴ്ച ശിയാ റാലിയെ അഭിസംബോധന ചെയ്ത് ഇറാഖ് ഉപപ്രധാനമന്ത്രി ബഹാ അൽ അറജി പരസ്യമായി അഭിപ്രായ പ്രകടനം നടത്തി വിവാദം സൃഷ്ടിച്ചിരുന്നു. ഒൗദ്യോഗിക പദവിയിലിരിക്കെ നടത്തിയ പരസ്യപ്രസ്താവനയെക്കുറിച്ച് അറജിയോട് അമേരിക്കൻ മാധ്യമ പ്രവ൪ത്തകൻ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറി.
പാ൪ലമെൻറ് അംഗങ്ങൾ വരെ പങ്കെടുത്ത ശനിയാഴ്ചത്തെ റാലിയിൽ ഒട്ടുമിക്ക പ്രഭാഷകരും, ഇറാഖിൽ യുദ്ധം ആവ൪ത്തിച്ചുകൊണ്ടിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി.ഐ.എ അതീവ രഹസ്യമായി സംഘടനയെ വള൪ത്തിയതെന്ന് ആവ൪ത്തിച്ചു. ഒരാഴ്ച മുമ്പ് പ്രമുഖ ശിയാ നേതാവ് മുഖ്തദ അൽസദ്റും ഇതേ വാദം ഉന്നയിച്ചിരുന്നു.
രാജ്യാന്തര സമ്മ൪ദത്തിൻെറ മറപിടിച്ച് വീണ്ടും ഇറാഖ് ആക്രമണത്തിന് യു.എസ് പ്രസിഡൻറ് ബറാക് ഒബാമ തകൃതിയായി നീക്കം തുടങ്ങിയതാണ് ഇറാഖികളെ സംശയാലുക്കളാക്കിയ പ്രധാന ഘടകം.
പുതിയ സ൪ക്കാ൪ അധികാരത്തിൽ വരുന്ന മുറക്കാകും സൈനിക നീക്കമെന്ന് ആദ്യം പറഞ്ഞ ഒബാമ അതിനുപോലും കാത്തുനിൽക്കാതെയാണ് ഇപ്പോൾ ആക്രമണത്തിന് കോപ്പുകൂട്ടുന്നത്.
പുതിയ മന്ത്രിസഭയിലെ പ്രധാന തസ്തികകളിൽ പലതും ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. രാജ്യത്തെ കൂടുതൽ ആഭ്യന്തര യുദ്ധങ്ങളിലേക്ക് തള്ളിവിടാനാണ് അമേരിക്കൻ ശ്രമമെന്ന് ശിയാ ഭൂരിപക്ഷം പറയുന്നു. ഇറാഖിൽ വീണ്ടും അമേരിക്കൻ സൈന്യത്തെ ഇറക്കാനുള്ള നീക്കം അനുവദിക്കില്ളെന്നാണ് അവരുടെ നിലപാട്. ഇതിനെതിരെ രാജ്യമെങ്ങും പ്രകടനങ്ങൾ ശക്തമാണ്.
പ്രമുഖ സുന്നി നേതാവ് ഉമ൪ അൽജബൂരിയും ഇസ്ലാമിക് സ്റ്റേറ്റ് അമേരിക്കയുടെയും ഇസ്രായേലിൻെറയും സൃഷ്ടിയാണെന്ന് ആരോപിച്ചിരുന്നു. ഐ.എസിൻെറ സ്വയംപ്രഖ്യാപിത ഖലീഫ അബൂബക൪ ബഗ്ദാദി വ൪ഷങ്ങളോളം അമേരിക്കൻ തടവിലായിരുന്നുവെന്നത് ഇതോടൊപ്പം ചേ൪ത്തുവായിക്കാവുന്ന ഘടകമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.