പെരിങ്ങാശ്ശേരി ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് നടന്ന കർഷക മാർച്ച്
ഉടുമ്പന്നൂർ: മലയിഞ്ചിയിലും സമീപഗ്രാമങ്ങളിലും കാട്ടാന വ്യാപക നാശം വിതക്കുന്ന സാഹചര്യത്തിൽ കർഷകരും നാട്ടുകാരും സർവകക്ഷി നേതൃത്വത്തിൽ ജനകീയ പ്രതിഷേധം ഇരമ്പി. ആൾക്കല്ലിൽ പ്രവർത്തിക്കുന്ന പെരിങ്ങാശ്ശേരി ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്.
ഒരാഴ്ചയായി അതിരൂക്ഷമായ കാട്ടാന ശല്യമാണ് മലയിഞ്ചിയിലെ കർഷകർ നേരിടുന്നത്. കർഷകരുടെ ദേഹണ്ഡങ്ങളും വീടും കാട്ടാന തകർത്തതാണ് പ്രതിഷേധത്തിന് കാരണം. കൃഷിയും വീടും ഉൾപ്പെടെ തകർക്കുന്ന മലയിഞ്ചി ആൾക്കല്ല് ഗ്രാമങ്ങളിൽ നിന്ന് രക്ഷതേടി ഇവിടുത്തെ കുടുംബങ്ങൾ മറ്റു പ്രദേശങ്ങളിലേയ്ക്ക് കുടി ഒഴിഞ്ഞു പോകുകയാണ്. ഇതോടെ ഈ ഗ്രാമങ്ങളിൽ കുടുംബങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
അവശേഷിക്കുന്ന കുടുംബങ്ങൾ കൂടി കുടിയിറങ്ങി ഒരു ഗ്രാമം തന്നെ ഇല്ലാതാക്കാനാണ് വനം വകുപ്പ് നീക്കമെന്ന് കർഷകർ ആരോപിച്ചു. ക്രമാതീതമായി പെറ്റു പെരുകിയ ആന, കുരങ്ങ്, മലയണ്ണൻ, മുള്ളൻ പന്നി, കാട്ടു പന്നി എന്നിവയുടെ എണ്ണം നിയന്ത്രിക്കാൻ ഒരു നടപടിയും സർക്കാർ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും കർഷകർ പറഞ്ഞു.
കർഷകൻ നട്ട മരങ്ങൾ മുറിക്കുന്നുണ്ടോ എന്ന് നോക്കുകയും അവർക്കെതിരെ കേസും ഭീഷണിയും മുഴക്കുക മാത്രമാണ് വനം വകുപ്പിന്റെ ജോലി എന്ന് കരുതുന്ന ഉദ്യോഗസ്ഥരാണ് വനംവകുപ്പിലുള്ളതെന്നും വന്യ മൃഗങ്ങൾ ജനവാസമേഖലയിൽ എത്തുന്നത് നിയന്ത്രിക്കാൻ ഇവർ സമയം കണ്ടെത്തുന്നില്ലെന്നും സമരത്തെ അഭിസംബോധന ചെയ്ത നേതാക്കൾ പറഞ്ഞു.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.കെ. ശിവരാമൻ, റോയി.കെ. പൗലോസ്, എം. ലതീഷ്, അരുൺ ജസ്റ്റിൻ, സാമുദായിക നേതാക്കളായ ഫാ.വർക്കി മണ്ഡലപത്തിൽ, കെ.എ. യുസഫ്, പി.ജി മുരളീധരൻ, പി.കെ. ശശി, ജില്ലപഞ്ചായത്ത് സ്ഥാനാർഥികൾ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് മനോജ് ഇടുക്കി, ബൈജു തോമസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.