അഫ്ഗാനില്‍ ഐക്യ സര്‍ക്കാറിന് ധാരണ; ഗനി പ്രസിഡന്‍റാകും

കാബൂൾ: മുൻ ധനമന്ത്രിയായ ഡോ. അഷ്റഫ് ഗനി അഹ്മദ് സായിയെ അഫ്ഗാനിസ്താൻെറ പുതിയ പ്രസിഡൻറായി പ്രഖ്യാപിച്ചു. ആറുമാസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനംകുറിച്ച് അധികാര വിഭജന കരാറിൽ ഇരുവിഭാഗവും ഒപ്പുവെച്ചതിനു പിറകെയാണ് ക൪സായിയുടെ പിൻഗാമിയായി മുൻ ധനമന്ത്രികൂടിയായ ഗനി ഒൗദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. പ്രസിഡൻറിനെ തെരഞ്ഞെടുക്കാൻ ജൂൺ 14ന് വോട്ടെടുപ്പ് പൂ൪ത്തിയായെങ്കിലും കൃത്രിമത്വം ആരോപിക്കപ്പെട്ടതിനെ തുട൪ന്ന് അന്തിമ ഫലപ്രഖ്യാപനം വൈകുകയായിരുന്നു.
ഗനിയെ പ്രസിഡൻറായി പ്രഖ്യാപിച്ചതായും തെരഞ്ഞെടുപ്പ് പ്രക്രിയ പൂ൪ത്തിയായതായും തെരഞ്ഞെടുപ്പ് കമീഷൻ മേധാവി അഹ്മദ് യൂസഫ് നൂരിസ്താനി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. കരാറിലൊപ്പുവെച്ചതോടെ ശത്രുത അവസാനിപ്പിക്കുന്നതിൻെറ സൂചന നൽകി അഷ്റഫ് ഗനിയും പ്രതിപക്ഷ സ്ഥാനാ൪ഥിയായ അബ്ദുല്ല അബ്ദുല്ലയും പരസ്പരം ആശ്ളേഷിച്ചു.
കരാ൪ പ്രകാരം അഫ്ഗാൻെറ തെക്കു- കിഴക്കൻ മേഖലയിലെ പഷ്തൂൺ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന അഷ്റഫ് ഗനി പ്രസിഡൻറായും എതി൪ സ്ഥാനാ൪ഥി അബ്ദുല്ല അബ്ദുല്ല നാമനി൪ദേശം ചെയ്യുന്ന വ്യക്തി പ്രധാനമന്ത്രിയുടെ അധികാരമുള്ള ചീഫ് എക്സിക്യൂട്ടിവ് ഓഫിസ൪ (സി.ഇ.ഒ) ആയും ചുമതലയേൽക്കും. അധികാരാരോഹണ തീയതി പ്രഖ്യാപിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്നലെയുണ്ടാകുമെന്ന് നേരത്തേ അറിയിച്ചിരുന്നുവെങ്കിലും ഗനിയും വിജയം വെളിപ്പെടുത്തിയതല്ലാതെ വിശദാംശങ്ങൾ പുറത്തുവിട്ടില്ല. ഫലം പുറത്തുവിടരുതെന്ന് അബ്ദുല്ല ഗനി ആവശ്യപ്പെട്ടിരുന്നു. മാസങ്ങൾക്കുമുമ്പ് നടത്തിയ ഫലപ്രഖ്യാപനത്തിൽ ഗനിക്കായിരുന്നു ഭൂരിപക്ഷം.
പ്രസിഡൻറിൻെറ കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് ഇരുവരും തമ്മിൽ കരാറിൽ ഒപ്പുവെച്ചത്. കാലാവധി പൂ൪ത്തിയാക്കിയ പ്രസിഡൻറ് ഹാമിദ് ക൪സായിയും സാക്ഷിയായി. ഇരുവരെയും അഭിനന്ദിച്ച അദ്ദേഹം, നീക്കം രാജ്യത്തിൻെറ പുരോഗതിക്കും വികസനത്തിനും വേണ്ടിയാണെന്നും അഭിപ്രായപ്പെട്ടു. ഐക്യസ൪ക്കാറിനുള്ള കരാറിനെ വൈറ്റ്ഹൗസും അഭിനന്ദിച്ചു. കരാറിനെ പിന്തുണക്കുന്നതായും അടുത്ത സ൪ക്കാറുമായി ഒരുമിച്ച് പ്രവ൪ത്തിക്കുന്നതിന് തയാറാണെന്നും വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു.
ഗനി ആദ്യം ഒപ്പിടുന്ന കരാറുകളിലൊന്ന് ഈവ൪ത്തോടെ അഫ്ഗാൻ വിടുമെന്ന് പ്രഖ്യാപിച്ച നാറ്റോ സൈന്യത്തെ ഭാഗികമായി രാജ്യത്ത് നിലനി൪ത്തുന്നതിനുള്ളതായിരിക്കുമെന്ന് മുൻ പ്രസിഡൻറ് ഹമീദ് ക൪സായിയുടെ വക്താവ് അയ്മൽ ഫൈസി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.