ആവശ്യത്തിന് പൈലറ്റുമാരില്ല; എയര്‍ ഇന്ത്യ യാത്രക്കാരെ വലക്കുന്നു

തിരുവനന്തപുരം: പൈലറ്റുമാരുള്‍പ്പെടെ ജീവനക്കാരുടെ കുറവ് എയര്‍ ഇന്ത്യയെ ആശ്രയിക്കുന്ന യാത്രക്കാരെ വലക്കുന്നു. പൈലറ്റുമാരുടെ ജോലിസമയം എട്ടുമണിക്കൂറാക്കി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍െറ മാര്‍ഗനിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. ഇതനുസരിച്ചുള്ള ഷെഡ്യൂള്‍ ക്രമീകരിക്കാന്‍ എയര്‍ ഇന്ത്യക്ക് കൃത്യമായി കഴിയാതെ വരുന്നതുമൂലമാണ് പലപ്പോഴും വിമാനങ്ങള്‍ വൈകുന്നത്. കഴിഞ്ഞദിവസം ഒമാനില്‍നിന്ന് കൊച്ചിയില്‍ ഇറങ്ങേണ്ട വിമാനം തിരുവനന്തപുരത്ത് ഇറക്കേണ്ടിവന്നു. തുടര്‍ന്ന് ഈ വിമാനം കൊച്ചിയിലേക്ക് പറപ്പിക്കുന്നതിനുമുമ്പേ പൈലറ്റിന്‍െറ ജോലിസമയം കഴിഞ്ഞിരുന്നു. ഇതുകാരണം അടുത്ത വിമാനം ശരിയാകുന്നതുവരെ ബുദ്ധിമുട്ടിലായത് യാത്രക്കാരാണ്. ഇത്തരം സാഹചര്യത്തില്‍ വിമാനം പറപ്പിക്കാനാവശ്യമായ പൈലറ്റിന്‍െറയോ ക്രൂവിന്‍െറയോ പകരം സേവനം വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്കില്ല. എന്നാല്‍ എയര്‍ ഇന്ത്യയില്‍ പൈലറ്റുമാരടക്കം 400ഓളം ജീവനക്കാരെ കാണാനില്ളെന്നാണ് കണക്കുകള്‍. എയര്‍ ഇന്ത്യ എച്ച്.ആര്‍ വിഭാഗം നടത്തിയ ഓഡിറ്റിങ്ങിലാണ് ജീവനക്കാര്‍ വര്‍ഷങ്ങളായി എയര്‍ ഇന്ത്യയില്‍ ഇല്ളെന്ന് ബോധ്യമായത്. എയര്‍ ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിച്ച് കുറെ ദിവസങ്ങള്‍ പിന്നിടുന്നതോടെ അവധിയെടുത്ത് മറ്റ് സ്വകാര്യ കമ്പനികളില്‍ ജോലിതേടിപ്പോകുന്നവരെക്കുറിച്ച് ഒരു വിവരവും ഇപ്പോഴും കമ്പനിക്കില്ല. ഇവരില്‍ 200 ഓളം കാബിന്‍ക്രൂ ജീവനക്കാരും 50 പൈലറ്റുമാരും ഉള്‍പ്പെടെയുള്ളതായാണ് കണക്കുകള്‍. പൈലറ്റുമാരുടെ എണ്ണക്കുറവ്മൂലം പല സര്‍വീസുകളും കൃത്യമായി നടത്താന്‍ കഴിയാത്ത എയര്‍ ഇന്ത്യ ഇത്തരക്കാര്‍ക്കെതിരെ ഇതുവരെയും നോട്ടീസ് നല്‍കാനോ നടപടി സ്വീകരിക്കാനോ തയാറായിട്ടില്ല. രേഖകള്‍ പ്രകാരം എയര്‍ഇന്ത്യക്ക് ഇപ്പോള്‍ ആകെ 3005 കാബിന്‍ക്രൂ ജീവനക്കാരും 1487 പൈലറ്റുമാണുള്ളത്. പൈലറ്റുമാരുടെ എണ്ണക്കുറവുമൂലം എയര്‍ ഇന്ത്യ നല്ല തിരക്കുള്ള സെക്ടറുകളില്‍ സര്‍വീസ് നടത്താതെ മറ്റ് വിദേശ വിമാനക്കമ്പനികള്‍ക്ക് അവസരം ഒരുക്കുകയാണ്. ഇത്തരം അവസരം മുതലാക്കി സെക്ടറുകള്‍ സ്വന്തമാക്കുന്ന വിദേശ വിമാനക്കമ്പനികള്‍ ബജറ്റ് സര്‍വീസിന്‍െറ പേരില്‍ മലയാളികളായ പ്രവാസികളില്‍ നിന്ന് കൊള്ളയടിക്കുന്നത് കോടികളാണ്. ആഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍വരെയുള്ള സീസണ്‍ സമയത്താണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ മറ്റ് വിമാനക്കമ്പനികള്‍ക്ക് അവസരമൊരുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.