ഗസ്സയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം

കൈറോ: ഹമാസ് റോക്കറ്റുകൾ വ൪ഷിച്ചെന്ന് ആരോപിച്ച് ഗസ്സയിൽ വീണ്ടും ഇസ്രായേൽ ബോംബറുകൾ ആക്രമണം നടത്തി. അതി൪ത്തി പട്ടണമായ ശുജാഇയ്യയിൽ നിന്നുള്ള റോക്കറ്റാക്രമണത്തിനു പകരമാണ് വടക്കൻ ഗസ്സയിൽ ബോംബുവ൪ഷിച്ചതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. കൈറോയിൽ ഈജിപ്തിൻെറ മധ്യസ്ഥതയിൽ നടക്കുന്ന ച൪ച്ചകളിൽനിന്ന് ഇസ്രായേൽ പ്രതിനിധികളെ പിൻവലിച്ചു. ഗസ്സയിൽ ആക്രമണം ശക്തമാക്കാൻ സൈനിക൪ക്കു നി൪ദേശം നൽകിയതായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചക്കു ശേഷം ആദ്യമായാണ് ഗസ്സയിൽ വീണ്ടും ആക്രമണം നടക്കുന്നത്. ആളപായത്തെ കുറിച്ച റിപ്പോ൪ട്ടുകൾ പുറത്തുവന്നിട്ടില്ല.

ചില വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസം പൂ൪ണ വെടിനി൪ത്തലിന് വിലങ്ങുതടിയായ പശ്ചാത്തലത്തിൽ കൂടുതൽ ച൪ച്ചകൾക്ക് സമയം നൽകി ഗസ്സയിൽ 24 മണിക്കൂ൪ കൂടി വെടിനി൪ത്തൽ ദീ൪ഘിപ്പിച്ചിരുന്നു. അഞ്ചു ദിവസത്തെ വെടിനി൪ത്തൽ ചൊവ്വാഴ്ച രാത്രിയോടെ അവസാനിച്ച പശ്ചാത്തലത്തിലാണ് വീണ്ടും നീട്ടുന്നതായി പ്രഖ്യാപനമുണ്ടായത്. ഇതാണ് ഇന്നലെ ആക്രമണത്തോടെ അവസാനിച്ചത്.

കൈറോയിൽ തുടരുന്ന ച൪ച്ചകളിൽ പ്രധാനമായും രണ്ടു വിഷയങ്ങളിലൊഴികെ ധാരണയായതായി ഫലസ്തീൻ പ്രതിനിധി അറിയിച്ചിരുന്നു. നാവിക നിയന്ത്രണം എടുത്തുകളയുക, ഗസ്സ അതി൪ത്തികൾ വഴി സ്വതന്ത്രമായി ചരക്കു കടത്താൻ അനുവദിക്കുക എന്നീ ഹമാസ് ആവശ്യങ്ങളിലാണ് ച൪ച്ച  ഉടക്കിയത്. ഗസ്സയിൽ തുറമുഖവും വിമാനത്താവളവും തുടങ്ങാൻ അനുമതി വേണമെന്ന ആവശ്യങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ല. ഇവ പിന്നീട് ആലോചിക്കാമെന്നായിരുന്നു ഇസ്രായേൽ നിലപാട്. ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയക്കുന്നതും രണ്ട് ഇസ്രായേൽ സൈനികരുടെ മൃതദേഹം ഹമാസ് വിട്ടുനൽകുന്നതും ഇപ്പോൾ തീരുമാനമാകാത്ത വിഷയങ്ങളാണ്.

ഘട്ടം ഘട്ടമായി ഗസ്സക്കു മേലുള്ള ഉപരോധം അവസാനിപ്പിക്കാൻ ഇസ്രായേൽ സമ്മതിച്ചതായും അടുത്ത ആഴ്ച എത്തുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയുടെ സാന്നിധ്യത്തിൽ അന്തിമ കരാറിലൊപ്പു വെച്ചേക്കുമെന്നും സ൪ക്കാ൪ പ്രതിനിധികളെ ഉദ്ധരിച്ച് ഇസ്രായേൽ പത്രം റിപ്പോ൪ട്ട് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.