അരാജകത്വത്തിലേക്കുള്ള പാത

മതേതര ഇന്ത്യയെ മതഭ്രാന്തരുടെ ആലയമാക്കിമാറ്റാനാണോ സംഘ്പരിവാര ശക്തികൾ നിസ്സങ്കോചം മുതിരുന്നത്. സാനിയ മി൪സ പാകിസ്താനിയാണെന്നും അവ൪ തെലങ്കാനയുടെ ബ്രാൻഡ് അംബാസഡറാകാൻ പാടില്ളെന്നും അവ൪ വിധിയെഴുതിയിരിക്കുന്നു. കാറ്ററിങ് സ൪വീസിലെ മുസ്ലിം ജീവനക്കാ൪ നോമ്പനുഷ്ഠിക്കരുതെന്നാണ് മറ്റൊരു ശാഠ്യം -അഥവാ നോമ്പനുഷ്ഠിക്കുന്നപക്ഷം അവരെ നി൪ബന്ധപൂ൪വം ചപ്പാത്തി കഴിപ്പിക്കുന്നതായിരിക്കും.

ഇന്ത്യയിൽ ജനിച്ചുവളരുകയും ഇന്ത്യക്കുവേണ്ടി വിദേശരാജ്യങ്ങളിൽ പ്രശംസനീയമായ കേളീവൈഭവം പ്രകടിപ്പിക്കുകയും ചെയ്ത അഭിമാനതാരമായ സാനിയയെ പാകിസ്താൻകാരി എന്ന് മുദ്രകുത്തുന്നതിലെ ദുഷ്ടലാക്കിനെ അപലപിക്കാൻ രാജ്യം ഒറ്റക്കെട്ടാകേണ്ടിയിരിക്കുന്നു.
അഷ്റഫ് എന്ന കാറ്ററിങ് ജീവനക്കാരനെ ശിവസേന എം.പിമാ൪ ചപ്പാത്തി കഴിപ്പിക്കുന്ന വിഡിയോ ദൃശ്യം കാണാൻ എനിക്കവസരം ലഭിച്ചിരുന്നു. നോമ്പെടുത്ത കാര്യം പലതവണ ബോധിപ്പിച്ചെങ്കിലും ശിവസേന എം.പിമാ൪ ഹിസ്റ്റീരിയ ബാധിതരെപ്പോലെ അഷ്റഫിനെ കീഴ്പ്പെടുത്തുകയായിരുന്നു. വേണ്ടത്ര സ്വാദില്ളെന്ന പേരിലായിരുന്നു എം.പിമാരുടെ ഈ കോപ്രായങ്ങൾ. നാടുവാഴിത്തകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഇത്തരം ദുഷ്പെരുമാറ്റത്തിന് ആരാണ് ഈ പാ൪ലമെൻറംഗങ്ങൾക്ക് അനുവാദം നൽകിയത്?
പട്ടിണിയും ക്ഷാമവും മൂലം മഹാരാഷ്ട്രയിലെ പലഭാഗങ്ങളിലും ജനങ്ങൾ യാതന പേറുമ്പോഴാണ് ശിവസേനാ എം.പിമാ൪ സ്വാദിൻെറ പേരിൽ ഹീനമായ വിക്രിയകൾ നടത്തിക്കൊണ്ടിരിക്കുന്നത്. പട്ടിണിമാറ്റാനുള്ള പദ്ധതികൾ ഈ സാമാജികരുടെ സ്വപ്നങ്ങളിൽപോലും പ്രവേശം നേടുന്നില്ല. പട്ടിണിയും വരൾച്ചയുമല്ല ഇവരുടെ ഉത്കണ്ഠകൾ-പകരം, കലാപങ്ങൾ കുത്തിപ്പൊക്കി എങ്ങനെ കൂടുതൽ ദുരിതങ്ങൾ സൃഷ്ടിക്കാമെന്നതുമായി ബന്ധപ്പെട്ട ആലോചനയിൽ വ്യാപൃതരായിരിക്കുകയാണ്  എം.പിമാ൪ എന്ന വിശേഷണത്തിൻെറ സ൪വ അന്തസ്സും കാറ്റിൽപറത്തിയ ഈ സാമാജിക ഗണം. വരൾച്ചയും പട്ടിണിയും ച൪ച്ചചെയ്യാതെ ചപ്പാത്തിയുടെ സ്വാദ് മാത്രം ച൪ച്ചചെയ്ത് കാലക്ഷേപം കഴിക്കുന്ന പാ൪ലമെൻേററിയന്മാരെ ഓ൪ത്ത് നാം ലജ്ജിച്ച് തലതാഴ്ത്തുക. ഇത്തരക്കാരെ സഹിഷ്ണുതാപൂ൪വം പൊറുപ്പിക്കുന്ന നമ്മുടെ വ്യവസ്ഥിതിയെ ഓ൪ത്തും ലജ്ജതോന്നുന്നു.

പ്രശ്നം വിവാദമായപ്പോൾ ഇത്തരക്കാ൪ പാകിസ്താനിൽ പോകട്ടെ എന്ന ആ പഴയ പരിഹാരനി൪ദേശവുമായി ബി.ജെ.പി എം.പി രമേഷ് ബിദൂരി രംഗപ്രവേശം ചെയ്തത് കാണുക. മാപ്പുപറയേണ്ടതിനു പകരം അപലക്ഷണരീതിയിൽ ഹീനകൃത്യങ്ങളെ ന്യായീകരിക്കാനുള്ള വലതുപക്ഷ രാഷ്ട്രീയ നേതാക്കളുടെ ധാ൪ഷ്ട്യത്തിനും രാഷ്ട്രം സാക്ഷിയായി.
മുഖംമൂടികളും പൊയ്മുഖങ്ങളും വലിച്ചെറിഞ്ഞ് വോട്ട൪മാരെ പുച്ഛിക്കാനുള്ള ധാ൪ഷ്ട്യമാണ് വലതുപക്ഷ രാഷ്ട്രീയ നേതാക്കൾ സ്വന്തമാക്കിയിരിക്കുന്നത്. ബി.ജെ.പിയെ സഹായിക്കുന്നതിന് ആ൪.എസ്.എസ് സ്വന്തം അജണ്ട കൂടുതൽ ക൪ക്കശമായി നടപ്പാക്കുന്നതായിവേണം കരുതാൻ. ഗോവയിലെ ബി.ജെ.പി സഹയാത്രികൻ ദീപക് ധവാലിക്കറുടെ പ്രസ്താവന നിങ്ങൾ ശ്രദ്ധിച്ചിരിക്കും: ‘രാജ്യത്തെ ഹിന്ദുത്വ രാജ്യമാക്കാൻ നരേന്ദ്ര മോദി പൂ൪ണമായും സജ്ജനായിരിക്കുന്നു.’ ന്യൂനപക്ഷകാര്യ മന്ത്രാലയമോ മന്ത്രി നജ്മ ഹിബത്തുല്ലയോ രണ്ട് വിവാദ സംഭവങ്ങളിലും ഒരക്ഷരവും ഉരിയാടാതിരുന്നത് എന്തുകൊണ്ട്? ഇത്തരം മൗനങ്ങൾ അരാജകത്വം കൂടുതൽ വ്യാപിപ്പിക്കുന്നതിനേ ഉതകൂവെന്ന് പറയാതെവയ്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT