പ്രതിരോധം ഊര്‍ജിതമാക്കണമെന്ന് ജില്ലാ വികസന സമിതി

കല്‍പറ്റ: വന്യജീവി ആക്രമണത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വനം വകുപ്പിന് ജില്ലാ വികസന സമിതി യോഗം നിര്‍ദേശം നല്‍കി. നബാര്‍ഡിന്‍െറ പദ്ധതിയില്‍പെടുത്തി സൗരോര്‍ജ വേലി കെട്ടലിന് 2011ല്‍ ആറ് കോടി രൂപ ജില്ലക്ക് അനുവദിച്ചിരുന്നു. ഈ ജോലി കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പറേഷനെ ഏല്‍പിച്ചെങ്കിലും 34 ലക്ഷത്തിന്‍െറ പ്രവൃത്തി മാത്രമാണ് പൂര്‍ത്തീകരിച്ചത്. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി അംഗീകരിച്ച ഭൂമിയില്‍ സംയുക്ത പരിശോധന പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ച് 700 വരെ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാനാവും. ജില്ലയിലെ ആദിവാസി കോളനികളില്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് തയാറാക്കും. ആദിവാസി വിഭാഗങ്ങള്‍ക്കനുവദിച്ച വീടുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കാത്ത കോണ്‍ട്രാക്ടര്‍മാരുടെ പേരില്‍ കേസ് എടുക്കുന്നതിന് പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ പല ഭാഗങ്ങളിലും വന്യജീവി ആക്രമണവും ജീവഹാനിയും ഉണ്ടാകുന്ന സാഹചര്യത്തില്‍ ഈ ആവശ്യത്തിനായി അനുവദിച്ച തുക ചെലവഴിക്കപ്പെടാതെ കിടക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പ്രമേയം അവതരിപ്പിച്ച ജില്ലാ പഞ്ചായത്തംഗം കെ.എല്‍. പൗലോസ് അഭിപ്രായപ്പെട്ടു. പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ കെ.എഫ്.ഡി.സി മാനേജിങ് ഡയറക്ടറോട് ആവശ്യപ്പെടുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ പറഞ്ഞു. ട്രഞ്ച്, സൗരോര്‍ജ വേലി എന്നിവ ഫലപ്രദമല്ലാത്ത പ്രദേശങ്ങളില്‍ അതിര്‍ത്തിഭിത്തി കെട്ടുന്നതിന് 16 കോടി രൂപയുടെ പദ്ധതി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് സൗത് വയനാട് ഡി.എഫ്.ഒ പി. ധനേഷ്കുമാര്‍ അറിയിച്ചു. പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നപക്ഷം പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് കേന്ദ്ര ഏജന്‍സികളെ ചുമതലപ്പെടുത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനിച്ചു. സൗരോര്‍ജ വേലികളുടെ സംരക്ഷണം സംബന്ധിച്ച് സ്വീകരിക്കാവുന്ന നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഡി.എഫ്.ഒമാര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, തൊഴിലുറപ്പ് പദ്ധതി ജെ.പി.സി എന്നിവരുള്‍പ്പെട്ട ഉപസമിതിയെ നിയോഗിച്ചു. ചെട്യാലത്തൂര്‍ ഗ്രാമം വൈദ്യുതീകരിക്കുന്നതിന് 1.05 കോടി രൂപയുടെ പദ്ധതി വൈദ്യുതി ബോര്‍ഡ് തയാറാക്കിയിട്ടുണ്ടെന്ന് സുല്‍ത്താന്‍ ബത്തേരി ടി.ഡി.ഒ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതി വേതനത്തില്‍ കുടിശ്ശിക തുക പൂര്‍ണമായും വിതരണം ചെയ്തതായി ജോയന്‍റ് പ്രോഗ്രാം കോഓഡിനേറ്റര്‍ സി.വി. ജോയി യോഗത്തില്‍ വ്യക്തമാക്കി. ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഈടാക്കുന്ന പ്രവേശ ഫീസ് തുക ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് ഉപയോഗിക്കണമെന്ന് സമിതിയോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. സൗരോര്‍ജ വേലികളുടെ സംരക്ഷണത്തിനും മറ്റും ഈ തുക വിനിയോഗിക്കാനായാല്‍ നിരവധി പേര്‍ക്ക് ജോലിയും പൊതുജനങ്ങള്‍ക്ക് സുരക്ഷയും ഉറപ്പാക്കാനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ്, എ.ഡി.എം കെ. ഗണേശന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ പി. പ്രദീപ്കുമാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.