കണ്ണൂ൪: 11 മാസംമാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നിലവിളികൾ വകവെക്കാതെ ആകാശത്തേക്ക് പാരാസെയിലിങ്ങിന് വിധേയമാക്കിയ സംഭവത്തിൽ മാതാപിതാക്കളും സംഘാടകനും പ്രതികളാകുമെന്ന് എടക്കാട് പൊലീസ് പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ട് 23 പ്രകാരമാണ് കേസെടുത്തതെന്ന് എടക്കാട് എസ്.ഐ സത്യനാഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു. പാരാസെയിലിങ്ങിന് വിധേയയായ നിയാ നിസാമിൻെറ പിതാവ് വയനാട് സുൽത്താൻ ബത്തേരിയിലെ മുഹമ്മദ് നിസാം, ഭാര്യ കൊമേഴ്സ്യൽ പൈലറ്റ് വിദ്യാ൪ഥി സഫ്രീന നിസാം, സഫ്രീനയുടെ പിതാവും സംഘാടകനുമായ സഫ൪ അഹമ്മദ് എന്നിവ൪ക്കെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ദൃക്സാക്ഷിയായ ജില്ലാ പൊലീസ് മേധാവി പി.എൻ. ഉണ്ണിരാജനാണ് കേസിലെ പരാതിക്കാരൻ. ബാലനീതി വകുപ്പ് അനുസരിച്ച് ഇപ്പോൾ എടുത്ത കേസ് പ്രകാരം പ്രതികൾക്ക് പൊലീസ് സ്റ്റേഷനിൽവെച്ചു തന്നെ ജാമ്യം അനുവദിക്കാമെന്ന് എസ്.ഐ പറഞ്ഞു. സംഭവത്തിന് സാക്ഷിയായ നിരവധിപേരെ ചോദ്യം ചെയ്യും. ഉപയോഗിച്ച ഉപകരണങ്ങൾ, പാരാസെയിലിങ്ങിൻെറ സുരക്ഷിതത്വം, കുഞ്ഞിനെ പാരാസെയിലിങ്ങിന് വിധേയമാക്കുമ്പോൾ സുരക്ഷിത മാ൪ഗങ്ങൾ സ്വീകരിച്ചിട്ടുണ്ടോ തുടങ്ങിയവ പരിശോധിക്കും. സാക്ഷിയായ ജില്ലാ പൊലീസ് സൂപ്രണ്ട് പരാതിക്കാരനായതിനാൽ ഈ കേസിൽ അദ്ദേഹത്തിൻെറ മൊഴി ആവശ്യമില്ളെന്ന് അന്വേഷണ ഉദ്യോഗസ്ഥ൪ പറഞ്ഞു. പരാതിയിൽ തന്നെ ആവശ്യമായ മൊഴികളുണ്ട്. ആവശ്യമെന്ന് കണ്ടാൽ നടൻ വിനീതിൽനിന്നും മാധ്യമ ഫോട്ടോഗ്രാഫ൪മാ൪, വീഡിയോ ഗ്രാഫ൪മാ൪ എന്നിവരിൽനിന്നും മൊഴിയെടുക്കും. ഇത്തരം സംഭവങ്ങൾ ആവ൪ത്തിക്കാതിരിക്കാനാണ് കേസിനെ ഗൗരവത്തിൽ സമീപിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
അപകടകരമായ നിലയിൽ കുഞ്ഞിനെ പ്രദ൪ശനത്തിന് ഉപയോഗിച്ചുവെന്നതാണ് ബാലനീതി നിയമത്തിലെ 23ാം വകുപ്പ് പ്രകാരമുള്ള കുറ്റം. വരും വരായ്കകൾ കാണാതെ ഉദാസീനമായി കുഞ്ഞിനെ കൈകാര്യം ചെയ്തുവെന്നതാണ് ഇതിനോട്് അനുബന്ധമായി വരുന്ന കുറ്റം.
അന്വേഷണത്തിൻെറ ഭാഗമായും കുഞ്ഞിൻെറ ആരോഗ്യ നില വിലയിരുത്തുന്നതിനും നിയാ നിസാമിനെ വൈദ്യപരിശോധനക്ക് വിധേയമാക്കി. കണ്ണൂ൪ ജില്ലാ ആശുപത്രിയിൽ ലഭ്യമായ വകുപ്പ് തലവന്മാ൪ ഉൾപ്പെടുന്ന സംഘമാണ് കുഞ്ഞിനെ പരിശോധിച്ചത്. ശാരീരികാഘാതം, മാനസികാഘാതം തുടങ്ങി എല്ലാ തലങ്ങളിലും ആരോഗ്യ നില പരിശോധിച്ചു. കുഞ്ഞിന് ഒരുതരത്തിലുള്ള ആരോഗ്യപ്രശ്നവും ഉണ്ടായിട്ടില്ളെന്നും കേസിനെ ഗുരുതരമാക്കുന്ന ഒന്നും വൈദ്യപരിശോധനയിൽ ഉണ്ടായിട്ടില്ളെന്നും പൊലീസ് പറഞ്ഞു. ഇത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ആശ്വാസമായി. അറിവില്ലായ്മ കൊണ്ടാണ് കുഞ്ഞിനെ പാരാസെയിലിങ്ങിന് വിധേയയാക്കിയതെന്ന നിലപാടെടുത്താൽ മാതാപിതാക്കൾ നിയമക്കുരുക്കിൽനിന്നും രക്ഷപ്പെടും.
മുഴപ്പിലങ്ങാട് ബീച്ചിൽ സാഹസിക വിനോദത്തിൻെറ പ്രചാരണത്തിനായി 11 മാസം പ്രായമായ കുഞ്ഞിനെ പാരാസെയിലിങ് നടത്തിയത് അത്യന്തം ക്രൂരമാണെന്ന് വനിതാ കമീഷൻ അംഗം നൂ൪ബിന റഷീദ് പറഞ്ഞു. പെൺകുഞ്ഞിനോട് നടത്തിയ അവകാശ നിഷേധമാണിത്. മാതാപിതാക്കൾ അവരുടെ സ്വാ൪ഥ താൽപര്യമാണ് കാണിച്ചത്. സ്വന്തം കുഞ്ഞിൻെറ ജീവന് വില കൽപിക്കുന്നുണ്ടെങ്കിൽ ഒരമ്മയും ഇത് ചെയ്യില്ല. തൻെറ കുഞ്ഞാണ്, തൻെറ ഇഷ്ടത്തിന് ചെയ്യുമെന്ന് പറയുന്നത് ന്യായീകരണമല്ല്ള. പ്രശ്നത്തിൽ കമീഷൻ നടപടിയുണ്ടാകുമെന്നും കണ്ണൂരിൽ നടന്ന വനിതാ കമീഷൻ സിറ്റിങ്ങിനിടെ അവ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.