വഞ്ചിഭൂമിപതേ! ചിരം സഞ്ചിതാഭം ജയിക്കേണം

‘അന്നത്തെ തിരുവനന്തപുരമല്ല, തിരുവിതാംകൂ൪ തന്നെ രാജസേവകന്മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും അവരുടെ ആശ്രിതവൃന്ദത്തിൻെറയും ക്രീഡാരംഗമായിരുന്നു എന്ന് പറയുകയാണെങ്കിൽ അതിൽ ഒരു അതിശയോക്തിയുമില്ല... മഹാരാജാവിൻെറ തിരുനാളാഘോഷ വേളകളിലും ദിവാന്മാ൪ സന്നിഹിതരാകുന്ന പൊതുസ്ഥലങ്ങളിലും കിന്നരിത്തലപ്പാവും നീളമുള്ള കോട്ടും കാലുറയും ധരിച്ച അഹമഹമികയാ രാജഭക്തി പ്രകടിപ്പിക്കാനും ദിവാൻജിയുടെ ദയാദൃഷ്ടി ആക൪ഷിക്കാനും അവരെ മുഖസ്തുതികൊണ്ട് പ്രീണിപ്പിക്കാനും ഈ സേവകപ്പരിഷകളും ഉദ്യോഗസ്ഥരും തള്ളിക്കയറുന്ന കാഴ്ച ലജ്ജയോടെയല്ലാതെ ഇന്നും സ്മരിക്കുക സാധ്യമല്ല... സി. നാരായണപിള്ള (തിരുവിതാംകൂ൪ സ്വാതന്ത്ര്യസമര ചരിത്രം 1972).
സമീപകാലത്ത് സുപ്രീംകോടതിയുടെ നി൪ദേശപ്രകാരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകൾ തുറന്നപ്പോൾ വെളിപ്പെട്ടത് അമൂല്യവും അളവറ്റതുമായ മഹാനിധികൾ മാത്രമല്ല, രാജഭരണത്തിന് ശേഷം ഏഴു പതിറ്റാണ്ടോളം കഴിഞ്ഞും പഴയ തിരുവിതാംകൂ൪ രാജ്യത്തെ ഇപ്പോഴത്തെ തലമുറകളിലും ഒരു വിഭാഗത്തിലെങ്കിലും അതിശക്തമായി തുടരുന്ന അന്ധമായ രാജഭക്തികൂടിയാണ്. ഇനിയും തുറക്കാത്ത ബി നിലവറ വാതിലിലെ കാളസ൪പ്പത്തെപോലെ പത്തിവിട൪ത്തി വെളിപ്പെട്ട മറ്റൊന്ന് നഗ്നവും സങ്കുചിതവുമായ മത-ജാതി വ൪ഗീയതയാണ്. കിട്ടിയ നിധി കെട്ടിപ്പിടിച്ച് ഒരാൾക്കും കൊടുക്കില്ല, എല്ലാം തൻേറതു മാത്രമെന്ന് വിളിച്ചാ൪ക്കുന്ന സ്വാ൪ഥൻെറ അത്യാ൪ത്തിയാണ് വെളിപ്പെട്ട മറ്റൊരു സ്വഭാവം. തിരുവിതാംകൂറിലെ നാനാജാതിമതസ്ഥരുടെ ചോരയുമൊക്കെ ചേ൪ന്ന ഈ സ്വത്തിൽ ഒരു മതത്തിനു മാത്രം അവകാശമെന്നതിൻെറ അസംബന്ധം ആലോചിക്കുക. അതല്ളെങ്കിൽ ‘സ൪വചരാചരങ്ങളുടെയും സ്രഷ്ടാവിൻെറയും’ പേരിലുള്ള സ്വത്ത് ഞങ്ങൾക്ക് മാത്രമെന്ന് ആ൪ക്കുന്ന കൊതിയന്മാരോട് സാക്ഷാൽ പത്മനാഭൻെറ പുച്ഛത്തെപ്പറ്റി ആലോചിക്കുക! ഏറ്റവും കൂടുതൽ അമ്പരപ്പിച്ചത് ഇതൊന്നുമല്ല. വിശ്വാസികൾക്ക് ഏറ്റവും പരമപൂജ്യനായ പത്മനാഭൻെറ പേരിലുള്ള സ്വത്ത് കാലാകാലങ്ങളായി മോഷ്ടിക്കപ്പെട്ടുപോകുന്നതിൻെറ തെളിവ് ലഭിച്ചപ്പോഴും അതിലല്ല വിശ്വാസിസംഘടനകൾക്കും ഹൈന്ദവസംഘടനകൾക്കും രോഷവും കുണ്ഠിതവുമെന്നതാണ്. ഈ സ്വത്തിൻെറ കാവൽ ഏറ്റിരുന്ന മുൻ രാജകുടുംബത്തെയും ക്ഷേത്രാധികാരികളെയും ന്യായീകരിക്കാനും ഈ മഹാപാപം പുറത്തുകൊണ്ടുവന്നവരെ പുലഭ്യംകൊണ്ട് അഭിഷേകം ചെയ്യാനുമാണ് അവരുടെ തിടുക്കം. ഇതാണ് അങ്ങയുടെ വിശ്വാസികളെങ്കിൽ പത്മനാഭാ, നിൻെറ ബാക്കിയുള്ള സ്വത്തിന് നീയേ തുണ!
മേൽപറഞ്ഞ തരത്തിൽപെട്ടതാണ് മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരിയുമായ ലളിതാംബിക മാതൃഭൂമി പത്രത്തിൽ ഈയിടെ എഴുതിയ ലേഖനം. പ്രശസ്തവും കാര്യക്ഷമവും കളങ്കലേശമേശാത്തതുമായ ഒൗദ്യോഗിക ജീവിതത്തിനും വ്യക്തിജീവിതത്തിനും ഉടമയായ ലേഖിക തൻെറ അനുഗൃഹീതമായ തൂലികകൊണ്ടും ന൪മബോധംകൊണ്ടും മലയാളിയെ സമ്പന്നമാക്കിയിട്ടുണ്ട്. കേരളജനതയെ കാതലായി ബാധിക്കുന്ന ഒട്ടേറെ സുപ്രധാനമായ ഒൗദ്യോഗിക തീരുമാനങ്ങൾ എടുത്ത ഒരു വ്യക്തി ഇത്ര ആത്മനിഷ്ഠവും വൈകാരികവുമായാണോ പൊതുമുതൽ സംബന്ധിച്ചുവന്ന ഉത്തരവാദപ്പെട്ട വെളിപ്പെടുത്തലുകളോട് കൈക്കൊള്ളുന്ന സമീപനം എന്നത് ഉത്കണ്ഠാജനകമാണ്. പത്മനാഭസ്വാമിക്ഷേത്രത്തിലെ ഗുരുതരമായ പിഴവുകളെപ്പറ്റി സുപ്രീംകോടതിയുടെ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിൻെറ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ വരുന്നതുവരെ അവ പൂ൪ണമായി അവിശ്വസിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, അതുകഴിഞ്ഞും ഈ നിലപാട് തുടരുന്നത് ഇത്രയും ഉന്നതയായ മുൻ ഉദ്യോഗസ്ഥക്ക് ഭൂഷണമാണോ?
ക്ഷേത്രഭരണത്തിൽ കുറവുകൾ ഉണ്ടെങ്കിലും അമിക്കസ് ക്യൂറിയുടെ വെളിപ്പെടുത്തലുകൾക്ക് തെളിവില്ളെന്നാണ് ലേഖികയുടെ മുഖ്യ വാദം. പക്ഷേ, രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി തങ്ങളെ സഹായിക്കാൻ നിയോഗിച്ച ഒൗദ്യോഗിക പ്രതിനിധിയുടെ റിപ്പോ൪ട്ട് എങ്ങനെ ഇത്ര ലാഘവത്തോടെ മുൻ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് തള്ളിക്കളയാനാവും? ആ റിപ്പോ൪ട്ട് മാത്രമാണ് ഇതുവരെ നമ്മുടെ മുന്നിലുള്ള ആധികാരിക വിവരം എന്നിരിക്കേ അതിലെ കണ്ടത്തെലുകൾ പ്രഥമദൃഷ്ട്യാ എങ്കിലും അംഗീകരിക്കുകയല്ളേ നിയമവാഴ്ചയിൽ വിശ്വസിക്കുന്നവരുടെ കടമ? പ്രഥമദൃഷ്ട്യാ സംശയാസ്പദമാണ് അമിക്കസ് ക്യൂറിയുടെ പക്ഷമെങ്കിൽ ശരി. പക്ഷേ, ഇന്ത്യയുടെ മുൻ സോളിസിറ്റ൪ ജനറലും സുപ്രീംകോടതിയിൽ ഏറ്റവും ബഹുമാനിക്കപ്പെടുന്ന സീനിയ൪ അഭിഭാഷകരിൽ ഒരാളുമാണദ്ദേഹം. അവിശ്വാസിയോ ഹിന്ദുവിരുദ്ധനോ രാജശത്രുവോ ആണെങ്കിലും സമ്മതിക്കാം. പരമഭക്തനും പ്രഖ്യാപിത ഹിന്ദുമതവിശ്വാസിയും ‘കറകളഞ്ഞ’ ബ്രാഹ്മണനും ക്ഷേത്രാചാര പണ്ഡിതനും ഒക്കെയായ അദ്ദേഹം പത്മനാഭനോ വിശ്വാസത്തിനോ ഹിന്ദുമതത്തിനോ ക്ഷേത്രത്തിനോ മുൻ രാജകുടുംബത്തിനോ എതിരെ മുൻ വിധിയുള്ള ആളാണെന്ന് സാമാന്യബുദ്ധിയുള്ളവ൪ക്കാ൪ക്കും പറയാൻ കഴിയില്ല. മാത്രമല്ല, മുൻ രാജകുടുംബത്തോട് എല്ലാ ആദരവോടെയും വിശ്വാസത്തോടെയും  ആണ് അദ്ദേഹം ഇവിടെയത്തെുന്നതും ആദ്യ റിപ്പോ൪ട്ട് തയാറാക്കുന്നതും എന്നോ൪ക്കുക. പക്ഷേ, നേരിൽ കണ്ട ഭീകര സത്യങ്ങൾ എൻെറ കണ്ണ് തുറപ്പിച്ചെന്നായിരുന്നു അദ്ദേഹം ഈ ലേഖകനോട് പറഞ്ഞത്.
ഒരു തെളിവുമില്ലാത്ത തെരുവു വാ൪ത്തമാനം കേട്ടെഴുതിയല്ല സുപ്രീംകോടതിയുടെ അമിക്കസ് ക്യൂറി റിപ്പോ൪ട്ട് തയാറാക്കുന്നതെന്ന് അറിയാത്ത ആളല്ല ഉന്നത ഉദ്യോഗസ്ഥയായിരുന്ന ലേഖിക. പ്രത്യേകിച്ച് ഇന്ത്യയിലെ ഏറ്റവും പ്രഗല്ഭനായ ഒരു നിയമജ്ഞൻ റിപ്പോ൪ട്ട് തയാറാക്കുന്നത് ഓരോ വരിയും തന്നെപ്പോലെ തന്നെ ഉന്നതനായ അഭിഭാഷക൪ അവ ചോദ്യം ചെയ്യുമെന്നും സുപ്രീംകോടതി അതെല്ലാം തലനാരിഴകീറി പരിശോധിക്കുമെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ്. രണ്ടു വ൪ഷം നീണ്ട അന്വേഷണത്തിൽ പലതവണ പരിശോധനയും മറുപരിശോധനയും തെളിവ് സമാഹരണവുമൊക്കെ ചെയ്തശേഷമാണ് ഈ റിപ്പോ൪ട്ട് തയാറാക്കിയതെന്ന് അദ്ദേഹം പലതവണ ആവ൪ത്തിക്കുന്നുമുണ്ട്. പിന്നെ, ഈ റിപ്പോ൪ട്ടിൽ തെളിവുകളും ഉൾപ്പെടുത്തുക എന്നത് അമിക്കസ് ക്യൂറിയുടെ ടേംസ് ഓഫ് റഫറൻസിൽപെട്ട കാര്യമേ അല്ളെന്നതും ലേഖികക്ക് അറിയാത്തതല്ല. ഒരു ക്രിമിനൽ അന്വേഷണത്തിനാണ് അത് മുഴുവൻ ഹാജരാക്കാനുള്ള ചുമതല. അതുപോലും ഇന്നുവരെ ഒരു കണക്കും വ്യവസ്ഥയും ഇല്ലാത്ത അവസ്ഥയിലുള്ള ക്ഷേത്രത്തിലെ 25 വ൪ഷത്തെ സമഗ്രമായ ഓഡിറ്റിങ് കഴിഞ്ഞാണ് ഉണ്ടാകുക. അതിനാണ് സുപ്രീംകോടതി മുൻ സി.എ.ജി വിനോദ് റായിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. മുൻ രാജകുടുംബത്തിലെ ഒരു പ്രതിനിധിയും ഇല്ലാത്ത ഒരു സമിതിയുടെ ചുമതലയിൽ ക്ഷേത്രഭരണവും വിനോദ് റായിയുടെ നിയമനവും ഉൾപ്പെടെയുള്ള അമിക്കസ് ക്യൂറിയുടെ നി൪ദേശങ്ങളെല്ലാം സുപ്രീംകോടതി അംഗീകരിച്ചത് ഈ റിപ്പോ൪ട്ടിൻെറ ആധികാരികതയുടെ തെളിവ്. അപ്പോൾ നിയമവാഴ്ചയോടും പൊതുമുതൽ കൈകാര്യം ചെയ്യുന്നതിനാവശ്യമായ സത്യസന്ധതയോടും ബഹുമാനവും പത്മനാഭൻെറ സ്വത്ത് നഷ്ടത്തെക്കുറിച്ച് ഉത്കണ്ഠയും ഉള്ളവ൪ ചെയ്യേണ്ടത് ഇതിൽ പ്രഥമദൃഷ്ട്യാ കുറ്റവാളികളായവരെ ന്യായീകരിക്കാൻ ചാടിപ്പുറപ്പെടുകയല്ല. ആരോപണവിധേയ൪ അന്വേഷണ വിധേയ൪ ആകണമെന്ന നിലപാട് സ്വീകരിക്കുകയാണ് ഭരണഘടനയോടും സത്യത്തോടും പ്രതിബദ്ധതയുള്ളവരുടെ ചുമതല.
മുൻ രാജകുടുംബാംഗങ്ങൾ മോഷ്ടിച്ചതായി അമിക്കസ് ക്യൂറി പോലും പറയുന്നില്ളെന്നാണ് മറ്റൊരു വാദം. ഒരുപക്ഷേ, അത്ര പരുഷമായി പറയുന്നില്ളെന്ന് വാദത്തിനുവേണ്ടി സമ്മതിക്കാം. അത് അദ്ദേഹത്തിൻെറ മര്യാദകൊണ്ടുമാത്രം. പക്ഷേ, 575 പേജുള്ള അദ്ദേഹത്തിൻെറ റിപ്പോ൪ട്ട് മുഴുവൻ ക്ഷേത്രത്തിൽ ഭീകരമായകൊള്ള ഏറെക്കാലമായി നടന്നെന്ന് പൂ൪ണ ബോധ്യമുണ്ടായിട്ടും അത് തടയാൻ രാജകുടുംബം ചെറുവിരൽ അനക്കിയില്ളെന്ന വെളിപ്പെടുത്തലാണ്. ഇത് അവസാനിപ്പിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് താൻ മാ൪ത്താണ്ഡവ൪മയോട് കേണപേക്ഷിച്ചിട്ടും അവ ബധിരക൪ണങ്ങളിലാണ് പതിച്ചതെന്നാണ്. പത്മനാഭൻെറയും ജനങ്ങളുടെയും ഈ അളവറ്റ സ്വത്ത് കാലാകാലങ്ങളായി കൊള്ള ചെയ്യപ്പെട്ടിട്ടും സ്ത്രീപീഡനം, ആസിഡ് ഏറ്, സംശയമരണം എന്നിവയടക്കമുള്ള ക്രിമിനൽ സംഭവങ്ങൾ ആ പുണ്യസങ്കേതത്തിൽ നടന്നിട്ടും കണ്ണടച്ചിരുന്നത് ‘ഒരു നോട്ടക്കുറവ്’ മാത്രമാണെന്ന് ഉന്നതമായ ഒരു സ൪ക്കാ൪ ഉദ്യോഗം ഭരിച്ച ആൾ പറയുന്നത് വല്ലാതെ ഭയപ്പെടുത്തുന്നു.
മാത്രമല്ല, രാജ്യത്തെ ഏറ്റവും താഴെ തലത്തിലുള്ള കോടതി മുതൽ പരമോന്നതകോടതി വരെ അ൪ഥശങ്കയില്ലാതെ നൽകിയ ഉത്തരവ് മുൻ രാജകുടുംബത്തെ ക്ഷേത്രഭരണത്തിൽനിന്ന് മാറ്റിനി൪ത്താനാണെന്നത് ആ കുടുംബത്തിലെ ഇപ്പോഴത്തെ ചില അംഗങ്ങൾ ലളിതജീവിതവും വിനയവും ശീലമാക്കിയവ൪ ആണെന്നും (അത് ശരിയുമാണ്) മറ്റുമുള്ള ഉപരിപ്ളവയുക്തികൊണ്ട് എങ്ങനെ അവഗണിക്കാനാവും? ഇപ്പോഴത്തെ സുപ്രീംകോടതി ഉത്തരവ് വരെ എത്തിനിൽക്കുന്ന സംഭവപരമ്പരകളുടെ തുടക്കംതന്നെ പത്മനാഭന് സ്വയം സമ൪പ്പിച്ച പരമഭക്തൻ ടി.പി. സുന്ദരരാജൻ എന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ 2007ൽ തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയിൽ നൽകിയ ഒരു ഹ൪ജിയെ തുട൪ന്നാണ്. ക്ഷേത്രത്തിൽനിന്ന് 2.7 ടൺ സ്വ൪ണമെങ്കിലും മോഷണം പോയതായി തനിക്ക് അറിവുണ്ടെന്നും അതിന് ഉത്തരവാദിയായ മുൻ രാജകുടുംബത്തെ ഈ ക്ഷേത്രഭരണത്തിൽനിന്ന് മാറ്റിനി൪ത്തണമെന്നുമായിരുന്നു അദ്ദേഹത്തിൻെറ അഭ്യ൪ഥന. അത് ആ കോടതി അംഗീകരിക്കുകയായിരുന്നു. മാത്രമല്ല, അതിനെതിരെ ഉത്രാടം തിരുനാൾ മാ൪ത്താണ്ഡ വ൪മ നൽകിയ എല്ലാ അപ്പീലും തള്ളപ്പെട്ടു. സബ് കോടതിക്കുശേഷം, ജില്ലാ കോടതി, പിന്നീട് ഹൈകോടതി എന്നിവയും ഇപ്പോൾ സുപ്രീംകോടതിയും തീരുമാനിച്ചത് മുൻ രാജകുടുംബത്തെ മാറ്റിനി൪ത്താനാണ്. എന്നിട്ടും മുൻ അഡീഷനൽ ചീഫ് സെക്രട്ടറി അടക്കമുള്ളവ൪ക്ക് അത് ബോധ്യപ്പെടുന്നില്ല.
സത്യം നേരിൽ കണ്ടപ്പോൾ നിലപാട് മാറ്റിയത് ഗോപാൽ സുബ്രഹ്മണ്യം മാത്രമല്ല. മറ്റൊരാൾ പ്രഫ. എം.ജി. ശശിഭൂഷൺ. എക്കാലത്തും മുൻ രാജകുടുംബത്തിൻെറ അടുത്ത സുഹൃത്തും ക്ഷേത്രനിലവറകൾ തുറന്നപ്പോൾ വന്ന ച൪ച്ചകളിലെല്ലാം അവരെ അതിശക്തമായി പിന്തുണച്ച ആളുമാണ് രാജകുടുംബവും ക്ഷേത്രവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഏറ്റവും അധികം പഠിക്കുകയും പുസ്തകമെഴുതുകയും ചെയ്ത ആ ചരിത്രകാരൻ. ക്ഷേത്രത്തിൽ സുപ്രീംകോടതി നിയോഗിച്ച സമിതിയിൽ അംഗവും ഇടക്കാലത്ത് തലവനും ആയിരുന്ന അദ്ദേഹം പറയുന്നു: ‘ഈ കുടുംബത്തിൽ എനിക്ക് പൂ൪ണവിശ്വാസമായിരുന്നു. പക്ഷേ, പരിശോധന സമിതിയിൽ അംഗമെന്ന നിലക്ക് കണ്ട കാര്യങ്ങൾ എൻെറ കണ്ണ് തുറപ്പിച്ചു. ആ ക്ഷേത്രത്തിൽനിന്ന് നഷ്ടമായ അമൂല്യസ്വത്തുക്കൾ ഞെട്ടിപ്പിക്കുന്നതാണ്. 14ാം നൂറ്റാണ്ടിലെ സംഗ്രാമധീര രവിവ൪മം സമ൪പ്പിച്ച രത്നപ്പാത്രം, പരാന്തക പാണ്ഡ്യൻ നൽകിയ പൊൻവിളക്കുകൾ, 16ാം നൂറ്റാണ്ടിലെ ഒരു വെള്ളിവിഗ്രഹം, റെസിഡൻറ് ജോൺ മൺറോ നൽകിയ വ൪ണക്കുടകളിലെ മരതകങ്ങൾ ഒക്കെ അപ്രത്യക്ഷമായിട്ടുണ്ട്. 1950കൾ മുതലെങ്കിലുമാണ് ഇവ പോയത്. ഇതാണ് എന്നെ അമ്പരപ്പിച്ചതും ക്രമേണ എൻെറ നിലപാട് മാറ്റാൻ നി൪ബന്ധിതനാക്കിയതും. ഇതൊക്കെ ഞാൻ ഉത്രാടം തിരുനാളിനെ അറിയിച്ചു. പക്ഷേ, പ്രത്യേകിച്ച് പ്രതികരണമൊന്നും ഉണ്ടായില്ല. അതുകൊണ്ട് ക്ഷേത്രത്തിൽനിന്ന് രാജകുടുംബം മോഷ്ടിച്ചെന്ന് ഞാൻ പറയില്ല. പക്ഷേ, അവ൪ക്ക് അറിവുണ്ടായിരുന്നുവെന്ന് ഉറപ്പ്. ഞാൻ വിശ്വസിച്ചിരുന്ന പലതും തെറ്റായിരുന്നു. എന്നെ അത്യധികം വേദനിപ്പിച്ചതാണ് ഈ വിശ്വാസനഷ്ടം. സത്യം അറിഞ്ഞാലെങ്കിലും നിലപാട് തിരുത്തുക എന്നതാണ് പ്രാഥമികമായ കടമ’.
ക്ഷേത്രത്തിനെതിരെ രാജകുടുംബം ഒന്നും ചെയ്തിട്ടില്ളെന്നതിന് ലളിതാംബികയെപ്പോലെ ഒരാൾ ഉന്നയിക്കുന്ന ന്യായങ്ങൾ അദ്ഭുതകരമാണ്. ഇവിടെനിന്ന് എടുത്ത സാധനങ്ങൾ സൂക്ഷിക്കാൻ കവടിയാ൪ കൊട്ടാരത്തിൽ ഇടമുണ്ടായിട്ടും അത് ചെയ്തില്ലല്ളോ എന്നാണതിൽ ഒന്ന്. കള്ളപ്പണം ഒളിപ്പിക്കാൻ സ്വന്തമായി ധാരാളം മാളികകളും നാട്ടിൽ ബാങ്കുകളും ഉള്ളപ്പോൾ സ്വിസ് ബാങ്കുകളെ തേടിപ്പോകുന്നതെന്തിനാണ് നമ്മുടെ പ്രമാണികൾ എന്ന് ലളിതാംബികക്ക് അറിയില്ലയോ എന്തോ? മറ്റൊരു അതിശക്തമായ അവകാശവാദം പത്മനാഭന് സ്വയം സമ൪പ്പിച്ചവരാണ് ഈ കുടുംബം എന്നതിനാൽ അവ൪ ഒരു കുറ്റവും ചെയ്യില്ളെന്നാണ്. നിസ്സാരമായ വകുപ്പുതല അന്വേഷണത്തിൽപോലും പറഞ്ഞുനിൽക്കാൻ കഴിയാത്ത വെറും ഒരു അഭിപ്രായമാണിതെന്ന് മുൻ സെക്രട്ടറിക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ളോ. അമൂല്യനിധികൾ അപഹരിക്കണമെങ്കിൽ 1950ലോ അതിനുമുമ്പോ തന്നെ ചെയ്യാമായിരുന്നില്ളേ എന്നാണ് മറ്റൊരു ചോദ്യം. അക്കാലത്ത് മോഷണം നടന്നിട്ടില്ളെന്ന് ആര് പറഞ്ഞു? സംഗ്രാമധീരൻ സമ൪പ്പിച്ച രത്നപ്പാത്രം ചെന്നൈയിലെ മുമ്മുടിയാ൪ ജ്വല്ളേഴ്സിൽ അയച്ച് പുന൪നി൪മിച്ചത് 1952ലാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മതിലകം രേഖകൾ പ്രകാരം രത്നപ്പായസം പാകംചെയ്യാൻ ഉപയോഗിച്ചിരുന്ന ഈ ചെമ്പിലെ രണ്ട് തട്ടുകളിൽ നിറച്ചിരുന്ന രത്നങ്ങൾ പിന്നെ കണ്ടിട്ടില്ളെന്ന് ശശി പറയുന്നു.
നാടിൻെറ അമൂല്യ പൈതൃകവും സ്വത്തുമായ ഈ ക്ഷേത്രത്തെ ജനാധിപത്യസംവിധാനത്തിൽ കൊണ്ടുവരുകയും ഭരണഘടനാ വിധേയമാക്കുകയും അവിടെ നടന്ന തീവെട്ടിക്കൊള്ളക്ക് അറുതിവരുത്തുകയും ചെയ്ത ചരിത്രപ്രധാനമായ ചുവടുവെപ്പാണ് അമിക്കസ് ക്യൂറി റിപ്പോ൪ട്ട്. ആ തലത്തിൽ നടക്കേണ്ട ച൪ച്ച അമ്പലത്തിലെ നിവേദ്യം, പ്രസാദ ഊട്ട്, ജീവനക്കാരുടെ ശമ്പളക്കാര്യം തുടങ്ങിയ താരതമ്യേന നിസ്സാരമായ കാര്യങ്ങളെപ്പറ്റി വിമ൪ശം ഉന്നയിച്ച് പാഴാക്കിക്കളയേണ്ടതല്ല.
(ഇന്ത്യാടുഡേ അസോസിയേറ്റ് എഡിറ്ററാണ് ലേഖകൻ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.