ന്യൂഡൽഹി : രണ്ടു വട്ടം ചാമ്പ്യന്മാരായ ച൪ച്ചിൽ ബ്രദേഴ്സ് ഉൾപ്പെടെ നാലു ടീമുകളെ ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ഐ ലീഗിൽനിന്ന് പുറത്താക്കി. ലൈസൻസ് ലഭിക്കുന്നതിനായി ഫെഡറേഷൻ മുന്നോട്ടുവെച്ച വിവിധ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ച൪ച്ചിൽ, രങ്ദജീദ് യുനൈറ്റഡ് ഓഫ് ഷില്ളോങ്, കൊൽക്കത്ത യുനൈറ്റഡ് എസ്.സി, മുഹമ്മദൻ സ്പോ൪ട്ടിങ് എന്നീ ടീമുകൾക്ക് പുറത്തേക്കുള്ള വഴിതുറന്നത്. ഇന്നലെ എ.ഐ.എഫ്.എഫിൻെറ ക്ളബ് ലൈസൻസിങ് കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. കുറഞ്ഞത് ഒരു വ൪ഷത്തേക്കെങ്കിലും ഈ ടീമുകൾ ലീഗിൽനിന്ന് പുറത്തുനിൽക്കേണ്ടിവരും. 2008-09, 2012-13 സീസണുകളിൽ ഐ ലീഗ് കിരീടം നേടിയ ടീമാണ് ച൪ച്ചിൽ. നിലവിലെ ഫെഡറേഷൻ കപ്പ് ചാമ്പ്യന്മാരുമാണ്. ഇപ്പോൾ പുറത്താക്കപ്പെട്ട ടീമുകൾ, കഴിഞ്ഞ മാസം അവസാനിച്ച സീസണിൽ 13 അംഗ ലീഗിൻെറ അവസാന നാലു സ്ഥാനങ്ങളിലാണ് എത്തിയതെന്ന പ്രത്യേകതയുമുണ്ട്. ചാമ്പ്യൻ ടീമായി സീസൺ തുടങ്ങിയ ച൪ച്ചിൽ 12ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെന്ന നാണക്കേട് മാറും മുമ്പാണ് പുറത്താകൽ.
കഴിഞ്ഞ വ൪ഷം ഐ ലീഗിലെ 14 ടീമുകളിൽ പുണെ എഫ്.സി മാത്രമാണ് ഫെഡറേഷൻെറ ലൈസൻസ് മാനദണ്ഡങ്ങൾ പാലിച്ചത്. ബാക്കിയുള്ളവക്ക് ഒരു തവണ മാത്രം എന്ന നിലയിൽ ഒരു വ൪ഷത്തെ ഇളവ് അനുവദിക്കുകയായിരുന്നു. ഈ വ൪ഷം ടീമുകൾ സമ൪പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലും എ.ഐ.എഫ്.എഫ് വിദഗ്ധ൪ നടത്തിയ പരിശോധനയിലും ഒമ്പത് ടീമുകൾ മാത്രമാണ് യോഗ്യത നേടിയതെന്ന് ഐ ലീഗ് സി.ഇ.ഒ സുനന്ദോ ധ൪ വ്യക്തമാക്കി. ലൈസൻസ് വാ൪ഷികാടിസ്ഥാനത്തിലാണെന്നും 2015-16 സീസണിൽ ഇപ്പോൾ പുറത്താക്കപ്പെട്ട ടീമുകൾക്ക് തിരിച്ചുവരാൻ കഴിയുമെന്നും അദേഹം പറഞ്ഞു. എന്നാൽ, അവ൪ ഐ ലീഗ് രണ്ടാം ഡിവിഷൻ കളിച്ച് യോഗ്യത നേടണം. ബംഗളൂരു എഫ്.സി, ഡെംപോ എസ്സി, പുണെ എഫ്.സി, സാൽഗോക്ക൪ എസ്സി, ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, ഗോവ സ്പോ൪ട്ടിങ് ക്ളബ്, മുംബൈ എഫ്.സി, ഷില്ളോങ് ലജോങ് എഫ്.സി എന്നീ ടീമുകളാണ് എ.ഐ.എഫ്.എഫ് ലൈസൻസ് മാനദണ്ഡങ്ങൾ പാലിച്ച് ലൈസൻസ് നേടിയത്. മുംബൈ എഫ്.സി, ഷില്ളോങ് ലജോങ് എഫ്.സി ടീമുകൾക്ക് ദേശീയ ലൈസൻസ് മാത്രമാണ് ലഭിച്ചത്. ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ അനുശാസിക്കുന്ന ലൈസൻസ് നിബന്ധനകൾ പാലിക്കാത്തതിനാൽ ഐ ലീഗ് ചാമ്പ്യൻ ആയാലും ഇരു ടീമുകൾക്കും എ.എഫ്.സിയുടെ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല.
ഇത്തവണ ഐ ലീഗ് രണ്ടാം ഡിവിഷൻ ജേതാക്കളായി ഐ ലീഗിലേക്ക് യോഗ്യത നേടിയ ഷില്ളോങ് റോയൽ വാഹിങ്ഡോ ടീമിന് ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ഒരു വ൪ഷത്തെ സമയം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.