കൽപറ്റ: വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക് അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിർദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡ് നിർമിക്കുന്നതിനുള്ള ഡി.പി.ആർ നടപടികൾ ത്വരിതപ്പെടുത്തണമന്ന് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി യോഗം ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. വയനാട് കോഴിക്കോട് ജില്ലയിലെ ജനപ്രതിനിധികൾ ഇതിനാവശ്യമായ നടപടി സ്വീകരിക്കണമന്നും കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോട് കൊല്ലഗൽ ദേശീയപാത കോഴിക്കോട് മലാപ്പറമ്പ് മുതൽ മുത്തങ്ങ വരെ നാലുവരിപ്പാത ആക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചുരത്തിൽ ബൈപാസ് നിർമിക്കുന്നത്.
ഇതിന്റെ ഡി.പി.ആർ തയാറാക്കുന്നതിനുള്ള ടെൻഡർ നടപടികൾ കഴിഞ്ഞ ഡിസംബറിൽ പൂർത്തിയായെങ്കിലും പ്രവൃത്തി ഇനിയും ആരംഭിച്ചിട്ടില്ല. യോഗത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻ കുട്ടി അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ ടി.ആർ.ഒ. കുട്ടൻ, റസാഖ് കൽപറ്റ , ജോണി പാറ്റാനി, വി.കെ. മൊയ്തു മുട്ടായി, കെ.പി. സൈതലവി തളിപ്പുഴ, അലി ബ്രാൻ മാനന്തവാടി, ഇ. ഹൈദ്രു, അഷ്റഫ് വൈത്തിരി, മോഹൻ ചന്ദ്രഗിരി, ബിജു വാച്ചാലിൽ, സി.സി. തോമസ്, നിസാർ ദിൽവെ, സി.എച്ച്. ഷൈജൽ, പി.കെ. സലാം എന്നിവർ സംസാരിച്ചു.
നിലവിലുള്ള റോഡിന് സമാന്തരമായി ചുരം ഒന്നാം വളവിനു മേലെ ചിപ്പിലിത്തോട്നിന്ന് ആരംഭിച്ച് മരുതിലാവ് വഴി തളിപ്പുഴയിൽ എത്തിച്ചേരുന്നതാണ് നിർദിഷ്ട വയനാട് ബൈപാസ്. ദേശീയപാത നാലുവരിപ്പാതയായി വികസിപ്പിക്കാനാണ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ബത്തേരി, മീനങ്ങാടി, താമരശ്ശേരി, കൊടുവള്ളി എന്നിവടങ്ങളിലും ബൈപാസ് നിർമിച്ച് കോഴിക്കോട് മലാപ്പറമ്പ് മുതൽ മുത്തങ്ങ വരെ ഒറ്റ റീച്ചായി ഡി.പി.ആർ തയാറാക്കാനാണ് ടെൻഡർ നൽകിയിരുന്നത്. ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന സിവിൽ മന്ത്ര ഇൻഫ്രാകോൺ കൺസൽട്ടൻസിയാണ് രണ്ടര കോടി രൂപക്ക് ഡി.പി.ആർ ടെൻഡർ എടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.