സി.പി.എമ്മിന്‍െറ കള്ള പ്രചാരണം തിരിച്ചറിയണം –യു.ഡി.എഫ്

മാനന്തവാടി: എം.ഐ. ഷാനവാസ് എം.പിയും മന്ത്രി പി.കെ. ജയലക്ഷ്മിയും ത്രിതല പഞ്ചായത്തുകളും നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും ഫണ്ട് വിനിയോഗവും തങ്ങളുടേതാണെന്ന സി.പി.എമ്മിന്‍െറ കള്ളപ്രചാരണം ജനങ്ങള്‍ തിരിച്ചറിയണമെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഷാനവാസിന്‍െറ ശ്രമഫലമായി ലഭിച്ച ഫണ്ടുകള്‍ അക്കമിട്ട് നിരത്താന്‍ യു.ഡി.എഫ് തയാറാണ്. മന്ത്രി ജയലക്ഷ്മി മുന്‍കൈയെടുത്ത് നടപ്പാക്കിയ കാട്ടുനായ്ക്ക പാക്കേജ് തങ്ങളുടേതാണെന്ന് പറയുന്ന സി.പി.എം എട്ടുകാലി മമ്മൂഞ്ഞിന്‍െറ സ്വഭാവമാണ് കാണിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി കൂലി യു.ഡി.എഫ് ആണ് വര്‍ധിപ്പിച്ചത്. കാപ്പി കര്‍ഷകരുടെ കോടിക്കണക്കിന് രൂപ എഴുതിത്തള്ളി. യു.ഡി.എഫിന്‍െറ തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ഇല്ലാതിരുന്നിട്ടും ശ്രീചിത്തിര മെഡിക്കല്‍ സെന്‍റര്‍ യാഥാര്‍ഥ്യമാക്കാനുള്ള 98 ശതമാനം നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചുകഴിഞ്ഞു. വയനാടിന് സ്വന്തമായി മെഡിക്കല്‍ കോളജ് എന്ന സ്വപ്നം പൂവണിയാന്‍ പോകുന്നു. മുമ്പെങ്ങുമില്ലാത്ത വിധം ജില്ലാ ആശുപത്രിക്ക് എം.പി കോടികളാണ് അനുവദിച്ചത്. കേന്ദ്ര സര്‍ക്കാറിന്‍െറ എല്ലാ കേന്ദ്രാവിഷ്കൃത പദ്ധതികളും വയനാട്ടിലെത്തിച്ചു. മണ്ഡലത്തില്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിന് ഒരുതവണ കൂടി ഷാനവാസിനെ ജയിപ്പിക്കണം. മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ഒരു സ്ഥാനാര്‍ഥി ശ്രമിക്കുന്നത്. കോടികള്‍ ചെലവഴിക്കുന്ന ഈ സ്ഥാനാര്‍ഥിയുടെ പണത്തിന്‍െറ ഉറവിടത്തെ കുറിച്ച് അന്വേഷിക്കണം. എം.കെ. അബൂബക്കര്‍ ഹാജി, സി. അബ്ദുല്‍ അഷറഫ്, അഡ്വ. എന്‍.കെ. വര്‍ഗീസ്, പി.വി. ജോണ്‍, കെ. അബ്ദുല്ല, പി.കെ. അമീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.