പ്രതീകാത്മക ചിത്രം
മലയാളിയെ സംബന്ധിച്ചിടത്തോളം കാർ ഇപ്പോൾ ആർഭാടമല്ല, ഒരാവശ്യമായി മാറിക്കൊണ്ടിരിക്കുന്നു. വാഹനത്തിന്റെ ജി.എസ്.ടി നിരക്കിൽ ഇളവ് വരുത്തിയതോടെ സാധാരണക്കാരായ ബഹുഭൂരിപക്ഷത്തിന്റേയും ചിന്ത കാറിലേക്ക് മാറിയിട്ടുണ്ട്. ‘കാർ വാങ്ങുകയാണെങ്കിൽ ഇപ്പോൾ വാങ്ങണം’ എന്ന ചിന്ത വ്യാപകമായി. എന്നാൽ ആവേശത്തിന് പുറത്ത് എടുത്തുചാടി തീരുമാനമെടുക്കാതെ ചില സാമ്പത്തിക-സാങ്കേതിക കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
കാർ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ആവശ്യവും ബജറ്റും അനുസരിച്ചായിരിക്കണം. കാർ വാങ്ങുന്നതിലൂടെ ഒരാൾക്ക് രണ്ടുതരം ചെലവുകൾ വരുന്നുണ്ട്. കാറിന്റെ വില/ഡൗൺ പേമെന്റ്, നികുതി, രജിസ്ട്രേഷൻ ഫീ തുടങ്ങിയ ആദ്യ ചെലവുകളും വായ്പ തിരിച്ചടവ് (ഉണ്ടെങ്കിൽ), ഇൻഷുറൻസ് പ്രീമിയം, പരിപാലന ചെലവ് തുടങ്ങിയ ആവർത്തന ചെലവുകളും. നിങ്ങളുടെ വരുമാനത്തിനനുസരിച്ച് കാറിന്റെ ബജറ്റ് എത്ര, അത് താങ്ങാവുന്നതാണോ എന്നിവ ആദ്യം പരിഗണിക്കുക.
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചെറുകാറുകളെ സാധാരണയായി അവയുടെ നീളം, എൻജിൻ ശേഷി, ഉപയോഗം എന്നിവയുടെ അടിസ്ഥാനത്തിൽ പല വിഭാഗങ്ങളായി തിരിക്കാം.
ഇതാണ് ഏറ്റവും ചെറിയ കാറുകൾ. പ്രത്യേകതകൾ: കുറഞ്ഞ വില, ഉയർന്ന മൈലേജ്, പാർക്ക് ചെയ്യാനുള്ള എളുപ്പം.
കൂടുതൽ സ്ഥലസൗകര്യവും കരുത്തും.
ആഡംബരവും കൂടുതൽ സുരക്ഷാ സൗകര്യങ്ങളും വലിയ എൻജിനും ഉള്ളവ.
ചെറു കാറുകളുടെ എക്സ് ഷോറൂം വില ബേസ് മോഡൽ 3.99 ലക്ഷം രൂപയിൽ തുടങ്ങി ടോപ്പ് മോഡൽ 11.30 ലക്ഷം രൂപ വരെയാണ്. ജനപ്രിയ ഡീസൽ കാറുകൾക്ക് 8.3 ലക്ഷം മുതൽ 13.70ലക്ഷം വരെ വിലയുണ്ട്.
സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ എന്നതിന്റെ ചുരുക്കരൂപമാണ് എസ്.യു.വി. സാധാരണ കാറുകളുടെ യാത്രാസൗകര്യവും ഓഫ്-റോഡ് വാഹനങ്ങളുടെ (ജീപ്പ് പോലുള്ളവ) കരുത്തും ഒത്തുചേരുന്ന വാഹനങ്ങളാണിവ.
എസ്.യു.വികളിലെ പ്രധാന വിഭാഗങ്ങൾ
വലിപ്പം കുറഞ്ഞവ (ഉദാ: ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്‌സ്റ്റർ). വില ആറു ലക്ഷം രൂപ മുതൽ കോംപാക്ട് എസ്.യു.വി: നാലു മീറ്ററിൽ താഴെ നീളമുള്ളവ (ഉദാ: ടാറ്റ നെക്സോൺ, മാരുതി ബ്രെസ്സ, ഹ്യുണ്ടായ് വെന്യു). വില 7.49 ലക്ഷം രൂപ മുതൽ
ഇടത്തരം വലിപ്പമുള്ളവ (ഉദാ: ഹ്യുണ്ടായ് ക്രെറ്റ, മാരുതി ഗ്രാന്റ് വിറ്റാര, കിയ സെൽറ്റോസ്). ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന വിഭാഗമാണ് ഏകദേശം 4.3 മീറ്റർ നീളമുള്ള ഈ വാഹനങ്ങൾ. വില 10.80 ലക്ഷം രൂപ മുതൽ.
വലിയ എസ്.യു.വികൾ (ഉദാ: ടൊയോട്ട ഫോർച്യൂണർ, എം.ജി ഗ്ലോസ്റ്റർ, മഹീന്ദ്ര അൾടുറാസ് ജി4). വില 31 ലക്ഷം രൂപ മുതൽ
യാത്രക്കാരുടെ സൗകര്യത്തിനും ആഡംബരത്തിനും മുൻഗണന നൽകുന്ന വാഹനങ്ങളാണ് സെഡാനുകൾ. ഹാച്ച്ബാക്കുകളിൽ നിന്നും എസ്.യു.വികളിൽ നിന്നും വ്യത്യസ്തമായി സെഡാനുകൾക്ക് ലഗേജ് വെക്കാൻ മാത്രമായി പുറത്തേക്ക് തള്ളിനിൽക്കുന്ന ഒരു പ്രത്യേക ഭാഗം (ഡിക്കി) ഉണ്ടാകും. ഇതിൽ തന്നെ,കോംപാക്ട് (വില 6.26 ലക്ഷം മുതൽ 10.25 ലക്ഷം വരെ), മിഡ്-സൈസ് (വില 11.95 ലക്ഷം മുതൽ 19.47 ലക്ഷം വരെ) ലക്ഷ്വറി സെഡാൻ (വില 58.65 ലക്ഷം മുതൽ) എന്നിങ്ങനെ ഉപവിഭാഗങ്ങളുണ്ട്.കേരളത്തിലെ റോഡ് നികുതിയും ഇൻഷുറൻസും ചേർക്കുമ്പോൾ ഏകദേശം ഒന്നര ലക്ഷം മുതൽ മൂന്നു ലക്ഷം രൂപ വരെ (ലക്ഷ്വറി കാറുകൾക്ക് അതിലധികവും) അധികമായി വരും.
വാഹനവുമായി ബന്ധപ്പെട്ട വായ്പ തിരിച്ചടവും മറ്റു ചെലവുകളും ദീർഘകാല ബാധ്യത ആണെന്ന ബോധ്യത്തോടെ മാത്രം കാര്യങ്ങളുമായി മുന്നോട്ടുപോകുക. ഇക്കാര്യത്തിൽ അവലംബിക്കേണ്ട മാർഗങ്ങൾ:
പ്രതിമാസമുള്ള നിങ്ങളുടെ എല്ലാ ചെലവുകളുടെയും ലിസ്റ്റ് തയാറാക്കുക. അതിൽ വാടക, പലചരക്ക്, പച്ചക്കറി, പാൽ, പത്രം, വൈദ്യുതി, വെള്ളം, ഫോൺ തുടങ്ങിയവക്കും മറ്റു വിനോദത്തിനുള്ള തുകയും ഉൾപ്പെടുത്തണം. മാസ ചെലവും എല്ലാവിധ ഇ.എം.ഐകളും വരുമാനത്തിന്റെ 50 ശതമാനത്തിനുള്ളിൽ ഒതുക്കണം. ബാക്കി തുകയിൽനിന്ന് വേണം നിക്ഷേപം, ഇൻഷുറൻസ് പോലെയുള്ള വാർഷിക അടവുകൾക്കുള്ള തുക കണ്ടെത്തേണ്ടത്.
വാങ്ങാൻ ആഗ്രഹിക്കുന്ന വാഹനത്തിന്റെ വിലയുടെ 20 ശതമാനം തുക ഡൗൺപേമെന്റ് ആയി അടക്കുക. ബാക്കി തുക വായ്പയായാണ് കണ്ടെത്തുന്നതെങ്കിൽ അത് നാലു വർഷംകൊണ്ട് അടച്ചുതീർക്കുക. നിങ്ങളുടെ ആകെ മാസ വരുമാനത്തിന്റെ 10 ശതമാനത്തിനു മുകളിൽ വാഹനവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും അധികരിക്കുന്നില്ലയെന്ന് ഉറപ്പുവരുത്തുക. വായ്പ തിരിച്ചടക്കാൻ നാലു വർഷം എന്ന പരിധി നിശ്ചയിക്കുന്നതിലൂടെ ‘താങ്ങാനാകാത്ത’ കാർ വാങ്ങിക്കുന്നത് ഒഴിവാക്കാൻ കഴിയും.
പലിശ: പൊതുമേഖലാ ബാങ്കുകൾ പലപ്പോഴും കുറഞ്ഞ നിരക്ക് നൽകാറുണ്ട്. ഫിക്സഡ് നിരക്കും ഫ്ലോട്ടിങ് നിരക്കും താരതമ്യം ചെയ്യുക.ഡീലർ വഴിയാണ് വായ്പക്ക് ശ്രമിക്കുന്നതെങ്കിൽ മികച്ച നിരക്ക് ചോദിക്കുക. പ്രോസസിങ് ഫീസ്: ഇത് പൂജ്യം മുതൽ രണ്ടു ശതമാനം വരെയാകാം. ഇത് കൃത്യമായി ചോദിച്ചു മനസ്സിലാക്കുക. പ്രീപേമെന്റ് ചാർജുകൾ: വായ്പ കാലാവധിക്ക് മുൻപ് അടച്ചുതീർക്കുമ്പോൾ പിഴയില്ലെന്ന് ഉറപ്പുവരുത്തുക
ഒഴിവാക്കാൻ പാടില്ലാത്ത റോഡിലെ സാമ്പത്തിക സുരക്ഷക്കുള്ള മികച്ച മാർഗം. ഇത് പ്രധാനമായി രണ്ടുതരം.
നിയമപ്രകാരം ഇത് നിർബന്ധമാണ്. നിങ്ങളുടെ വാഹനംമൂലം മറ്റൊരാൾക്കോ വസ്തുവകകൾക്കോ പരിക്കോ നാശനഷ്ടമോ ഉണ്ടായാൽ അതിന് സംരക്ഷണം നൽകുന്ന പോളിസിയാണിത്. അപകട കേസിൽ കോടതി വിധിക്കുന്ന വലിയ തുകയിലുള്ള നഷ്ടപരിഹാരം ഇൻഷുറൻസ് കമ്പനി നൽകും. നിങ്ങളുടെ കീശ ചോരില്ല.
തേഡ് പാർട്ടി ഇൻഷുറൻസിൽ നിങ്ങളുടെ വാഹനത്തിനുണ്ടാകുന്ന കേടുപാടുകൾക്കോ നിങ്ങൾക്ക് സംഭവിക്കുന്ന പരിക്കുകൾക്കോ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. ഇതിന് പരിരക്ഷ ലഭിക്കണമെങ്കിൽ നിങ്ങൾ കോംപ്രഹെൻസിവ് അഥവാ ഫുൾ ഇൻഷുറൻസ് തന്നെ എടുക്കണം. അപകടങ്ങൾ, മോഷണം, പ്രകൃതി ദുരന്തങ്ങൾ എന്നിവമൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഇതിൽ നിങ്ങൾക്ക് ആഡ്-ഓണുകൾ ഉൾപ്പെടുത്താനുള്ള ഓപ്ഷനുണ്ട്. ഈ അധിക ഫീച്ചറുകൾ നിങ്ങളുടെ കാറിനുള്ള സംരക്ഷണം വർധിപ്പിക്കും.
വെള്ളപ്പൊക്കമോ ഓയിൽ ചോർച്ചയോ മൂലം എൻജിൻ തകരാറിലായാൽ ഇത് തുണയാകും (സാധാരണ ഇൻഷുറൻസിൽ എൻജിൻ പരിരക്ഷ ലഭിക്കില്ല). ഏറ്റവും ചെലവേറിയ ഭാഗങ്ങളിൽ ഒന്നാണ് എൻജിൻ എന്നോർക്കുക.
അപകടം നടന്നാൽ മാറ്റിവെക്കുന്ന ഭാഗങ്ങളുടെ മുഴുവൻ തുകയും കമ്പനി നൽകും. തേയ്മാനം കണക്കാക്കി തുക കുറയ്ക്കില്ല. ഐ.ആർ.ഡി.എ.ഐ നിഷ്കർഷിച്ചത് പ്രകാരം കാലപ്പഴക്കത്തിനനുസരിച്ച് കാറിന്റെ മൊത്തം തേയ്മാന നിരക്ക് ഇപ്രകാരമാണ്: ആറു മാസത്തിൽ താഴെ (അഞ്ചു ശതമാനം തേയ്മാനം), 6 മാസം-1 വർഷം (15 ശതമാനം ), 1-2 വർഷം (20 ശതമാനം), 2-3 വർഷം (30 ശതമാനം), 3-4 വർഷം (40 ശതമാനം), 4-5 വർഷം (50 ശതമാനം). അഞ്ചു വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങളുടെ മൂല്യം 50 ശതമാനത്തിൽ താഴെയാണ്.
ആധുനിക സ്മാർട്ട് കീകൾ നഷ്ടപ്പെട്ടാൽ വലിയൊരു തുക ലാഭിക്കാൻ ഇത് സഹായിക്കും.
വാഹന ഇൻഷുറൻസിലെ ഏറ്റവും മൂല്യവത്തായ ഒരു ആഡ്-ഓൺ കവറാണ് റിട്ടേൺ ടു ഇൻവോയ്‌സ് (ആർ.ടി.ഐ). നിങ്ങളുടെ വാഹനം മോഷണം പോവുകയോ, അപകടത്തിൽ പൂർണമായും തകരുകയോ ചെയ്താൽ, വാഹനം വാങ്ങുമ്പോഴുള്ള ബിൽ തുക മുഴുവൻ തുകയും തിരികെ ലഭിക്കാൻ ഈ കവർ സഹായിക്കുന്നു.
ഇലക്ട്രിക് കാറുകൾക്ക് പെട്രോൾ കാറുകളെ അപേക്ഷിച്ച് 20 ശതമാനം മുതൽ 40 ശതമാനം വരെ അധിക വില ഷോറൂമുകളിൽ ഈടാക്കുന്നുണ്ട്. എക്സ്-ഷോറൂം വിലയിൽ വലിയ വ്യത്യാസം തോന്നുമെങ്കിലും, റോഡിലിറങ്ങുമ്പോൾ ഈ അന്തരം കുറഞ്ഞുവരുകയാണ്. ഇതിന് പ്രധാന കാരണങ്ങളിലൊന്ന് വൈദ്യുതി കാറുകൾക്ക് അഞ്ചു ശതമാനമേ ജി.എസ്.ടിയുള്ളൂ എന്നതാണ്. റോഡ് നികുതിയിലും രജിസ്ട്രേഷൻ നിരക്കിലും കുറവുണ്ട്.
കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതി പൂർണമായോ ഭാഗികമായോ ഒഴിവാക്കിയിട്ടുണ്ട്. ഇത് ലക്ഷക്കണക്കിന് രൂപ ലാഭിക്കാൻ സഹായിക്കുന്നു. ഉപയോഗിക്കുമ്പോഴാണ് ഏറ്റവും വലിയ ലാഭം. പെട്രോൾ കാറിന് കിലോമീറ്ററിന് ഏകദേശം 7-9 രൂപ ചെലവ് വരുമ്പോൾ വീട്ടിൽ ചാർജ് ചെയ്യുകയാണെങ്കിൽ വൈദ്യുതി കാറിന് ഒന്ന്-ഒന്നര രൂപ മാത്രമേ ചെലവാകൂ. മാസം 1500 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യുന്നവർക്ക്, 3-4 വർഷത്തിനുള്ളിൽ തുക ഇന്ധന ലാഭത്തിലൂടെ തിരിച്ചുപിടിക്കാനാകും.
ശ്രദ്ധിക്കുക: ലേഖനത്തിൽ പറഞ്ഞ കാര്യങ്ങൾ ഏതെങ്കിലും തരത്തിലുള്ള ശിപാർശകളല്ല, അറിവിന് മാത്രമായുള്ളത്. (സംസ്ഥാന ധനകാര്യ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.