കോഴിക്കോട്: ‘ഒരു നല്ല കുളിമുറിപോലുമില്ല. വൈദ്യുതിയോ കുടിവെള്ളമോ ഇല്ല. തകരകൊണ്ടുമറച്ച കൂരയിലാണ് പെണ്‍കുട്ടികളടക്കം കിടപ്പ്. മഴക്കാലത്ത് ഭക്ഷണം കഴിക്കാന്‍പോലും കുട ചൂടണം. തെരുവുനായ്ക്കളെപ്പോലെ വര്‍ഷങ്ങളായി ഇവിടെ കഴിയുന്നു. ആര്‍ക്കാണ് ഞങ്ങള്‍ വോട്ട് ചെയ്യേണ്ടത്? ചോദിക്കുന്നത് കോഴിക്കോട് മുതലക്കുളത്തെ ധോബികളാണ്. പുറത്ത് കൊടിവെച്ച വാഹനങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരക്കംപായുമ്പോള്‍ അവര്‍ ആരെയും കാത്തിരിക്കുന്നില്ല. ആരും അവരെ തേടിയും വരുന്നില്ല. ഞങ്ങള്‍ മുതലക്കുളത്തുകാരാണ്, ഞങ്ങള്‍ക്ക് ഞങ്ങള്‍ മതി. അത്രയേറെ മടുത്തിരിക്കുന്നു രാഷ്ട്രീയക്കാരുടെ വാഗ്ദാനങ്ങള്‍. തലമുറകളായി അലക്കുജോലിചെയ്ത് കഴിയുന്ന നൂറോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവരില്‍ 25ഓളം കുടുംബങ്ങളെ 17 വര്‍ഷംമുമ്പ് റോഡുവികസനത്തിനു വേണ്ടി കുടിയൊഴിപ്പിച്ച് കല്ലുത്താന്‍കടവിലേക്ക് മാറ്റി. തുടര്‍ന്ന് ഇവിടെ ഫ്ളാറ്റ് നിര്‍മിക്കുമെന്നു പറഞ്ഞ് വീണ്ടും വെസ്റ്റ്ഹില്ലിലേക്ക് മാറ്റി. തകര്‍ന്നുവീഴാറായ സ്കൂള്‍ കെട്ടിടത്തിലാണ് ഇവര്‍ കഴിയുന്നത്. എല്ലാവര്‍ഷവും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ വരാറുണ്ടായിരുന്നെങ്കിലും ഇക്കുറി ആരും വന്നില്ല. മാസങ്ങളോളം സമരം ചെയ്തശേഷമാണ് ഒരു കക്കൂസ് നിര്‍മിക്കാന്‍ കോടതി ഉത്തരവിട്ടത്. ഇത് നടപ്പാക്കാന്‍പോലും ആരും വന്നില്ല. മൂന്ന് കിണറുകളില്‍നിന്ന് ബക്കറ്റുകള്‍കൊണ്ട് വെള്ളം കോരിയാണ് അലക്കുന്നത്. ഹോട്ടലുകളും ലോഡ്ജുകളും കൂടുന്നതിനനുസരിച്ച് ദിനംപ്രതി പണി കുറയുകയാണ്. ആണും പെണ്ണും പുലര്‍ച്ചെ അഞ്ചു മുതല്‍ വിഴുപ്പ് അലക്കിയാണ് ജീവിച്ചുപോകുന്നത്. ഒരു ദിവസം 200 രൂപ പോലും കിട്ടില്ല. വേറൊരു പണിയും അറിയാത്ത ഞങ്ങള്‍ എന്തുചെയ്യും? ഇവര്‍ ചോദിക്കുന്നു. അലക്കുകാരുടെ മാത്രമല്ല, ചെരിപ്പുകുത്തികള്‍, തോട്ടികള്‍, തെരുവില്‍ ഉറങ്ങുന്നവര്‍ എന്നിവരുടെയെല്ലാം സ്ഥിതി സമാനമാണ്. ഇക്കുറി വോട്ട് ചെയ്യണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് പാളയത്ത് 54 വര്‍ഷമായി ചെരിപ്പുകുത്തിയായി ജോലിചെയ്യുന്ന ജയരാജന്‍ (67) പറയുന്നു. തൊണ്ടയാട്ട് സ്വന്തമായി വീടും നാലരസെന്‍റും ഉണ്ടായിരുന്നെങ്കിലും റോഡ് വികസനത്തിനുവേണ്ടി നഷ്ടപ്പെട്ടു. നഷ്ടപരിഹാരമായി മൂന്നു തവണയായി മൂന്നുലക്ഷം രൂപയാണ് ലഭിച്ചത്. ഈ തുകകൊണ്ട് കോഴിക്കോട് നഗരത്തില്‍ ഒരു സെന്‍റ് സ്ഥലംപോലും വാങ്ങാന്‍ കഴിയില്ല. അതുകൊണ്ട് വാടകവീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞവര്‍ഷം വരെ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്നെങ്കിലും ഇക്കുറി അതും ഇല്ലെന്നാണ് അറിയുന്നത്. ദിവസം മുഴുവന്‍ വെയില്‍ കൊണ്ടാലും കിട്ടുന്നത് നൂറോ ഇരുനൂറോ രൂപയാണ്. ഇതുകൊണ്ട് ജീവിതം കഴിയാന്‍ പ്രയാസമാണ്. അതിനാല്‍ പുതുതായി ഈ രംഗത്തേക്ക് ആരും വരുന്നില്ല. പകരം വരുന്നത് തമിഴരാണ്. ഏപ്രില്‍ 24ന് നടക്കുന്ന തമിഴ്നാട്ടിലെ ലോക്സഭാ തെരഞ്ഞെടുപ്പിന് പോകുമെന്ന് കോഴിക്കോട് സി.എസ്.ഐക്ക് സമീപം ചെരിപ്പുകുത്തികളായി ജോലിചെയ്യുന്ന പളനി സ്വദേശികളായ ജയരാമന്‍ (36), ശേഖര്‍ (40) എന്നിവര്‍ പറഞ്ഞു. നാട്ടില്‍ പോയി തരംപോലെ നോക്കി വോട്ട് ചെയ്യും- ഇവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.