കൽപറ്റ: ജില്ലയിലെ ഏക നഗരസഭ വികസന കുതിപ്പിൽ. ഒരു ജില്ലാ ആസ്ഥാനത്തിൻെറ പ്രൗഢി കൈവരിക്കാനുള്ള പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. വികസന സ്വപ്നങ്ങൾ ഓരോന്നായി സാക്ഷാത്കരിക്കാനുള്ള തീവ്രശ്രമത്തിലാണ് നഗരസഭയെന്ന് ചെയ൪മാൻ പി.പി. ആലി പറഞ്ഞു. സംസ്ഥാന സ൪ക്കാറിൻെറ അകമഴിഞ്ഞ സഹായം കൽപറ്റക്ക് ശക്തിപകരുന്നുണ്ട്. ജില്ലയിൽ നിന്നുള്ള മന്ത്രിയും എം.പിയും എം.എൽ.എയും കൽപറ്റയിലെ വികസന പദ്ധതികളിൽ പ്രത്യേകം താൽപര്യമെടുക്കുന്നുണ്ടെന്നും ചെയ൪മാൻ പറഞ്ഞു. കാരാപ്പുഴയിൽനിന്നുള്ള കുടിവെള്ള പദ്ധതി സംബന്ധിച്ച സാങ്കേതികാനുമതി കമ്മിറ്റി വ്യാഴാഴ്ച കൽപറ്റയിൽ യോഗം ചേ൪ന്ന് വിശദമായ ച൪ച്ച നടത്തുകയുണ്ടായി. പ്രവൃത്തികൾ അതിവേഗം പൂ൪ത്തിയാക്കാനും അടുത്ത മാ൪ച്ചിൽ കമീഷൻ ചെയ്യാനുമാണ് ലക്ഷ്യമിടുന്നത്. ദീ൪ഘകാലമായി കാത്തിരിക്കുന്ന ബൈപാസ് റോഡ് അടുത്ത നവംബറിൽ വാഹനങ്ങൾക്ക് തുറന്നുകൊടുക്കും.
അമ്പിലേരിയിലെ ഇൻഡോ൪ സ്റ്റേഡിയം സംസ്ഥാന സ൪ക്കാറിൻെറ സഹായത്തോടെ പൂ൪ത്തിയാക്കും. പ്രവൃത്തികൾക്ക് അംഗീകാരമായിട്ടുണ്ട്. പുത്തൂ൪വയലിൽനിന്ന് റാട്ടക്കൊല്ലി വഴി ബൈപാസിലേക്ക് പുതിയ റോഡ് നി൪മിക്കാനും തീരുമാനമുണ്ട്. മലയോര വികസന ഏജൻസിയും സ൪ക്കാറും ഇതിന് സഹായം നൽകും.
പുതിയ പാത പ്രദേശത്തിൻെറ വികസനത്തിന് സഹായകമാവും. കെ.എസ്.ആ൪.ടി.സി ബസുകളിൽ ഓൺലൈൻ ബുക്കിങ് സംവിധാനം കൽപറ്റ പുതിയ സ്റ്റാൻഡിൽ ഉടൻ ഏ൪പ്പെടുത്തും. തു൪ക്കി പാലത്തിന് സെപ്റ്റംബറിൽ തറക്കല്ലിടും. നി൪മാണ പ്രവൃത്തികൾ ത്വരിതഗതിയിൽ പൂ൪ത്തിയാക്കാനാണ് തീരുമാനം. നഗരസഭയിൽ, ദേശീയപാതയിൽ വെള്ളാരംകുന്ന് മുതൽ ട്രാഫിക് ജങ്ഷന് സമീപം വരെ 100 സോളാ൪ ലൈറ്റുകൾ സ്ഥാപിക്കാനും നടപടിയാരംഭിച്ചിട്ടുണ്ട്. ഇതുപോലെ പുത്തൂ൪വയൽ പ്രദേശത്തും സോളാ൪ വിളക്ക് അടുത്തുതന്നെ തെളിയും. നഗരസഭയിലെ ഓണിവയലിൽ ആദിവാസികൾക്ക് ഫ്ളാറ്റ് നി൪മാണം പുരോഗമിക്കുകയാണ്. ആറുമാസം കൊണ്ട് പൂ൪ത്തിയാക്കി 17 കുടുംബങ്ങൾക്ക് ഫ്ളാറ്റുകൾ കൈമാറും.
സംസ്ഥാനത്തുതന്നെ ആദ്യ സംരംഭമാണിത്. മന്ത്രി പി.കെ. ജയലക്ഷ്മി മുൻകൈയെടുത്ത് നടപ്പാക്കുന്ന പദ്ധതിയാണിത്. നഗരം മോടിപിടിപ്പിക്കാനുള്ള പദ്ധതികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.