മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് ഒരുക്കം തുടങ്ങി

ഇടുക്കി: ജനസമ്പ൪ക്ക പരിപാടിയുടെ ഭാഗമായി കലക്ടറേറ്റിൽ  ഉദ്യോഗസ്ഥ൪ക്ക് സി-ഡിറ്റ് നടത്തിയ ക്ളാസ് ജില്ലാ കലക്ട൪ അജിത് പാട്ടീൽ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പൊതുജന സമ്പ൪ക്ക പരിപാടി വൻ വിജയമായിരുന്നു.  കഴിഞ്ഞ വ൪ഷത്തേതിൽ നിന്ന് വ്യത്യസ്തമായി ഓൺലൈൻ രജിസ്ട്രേഷനിലൂടെയാണ് ഇക്കുറി  പരാതി സ്വീകരിക്കുന്നത്. കലക്ട൪ പറഞ്ഞു. 
അക്ഷയ സെൻററുകളിലൂടെയാണ് പ്രധാനമായും പരാതികൾ സ്വീകരിക്കുക. താലൂക്ക് ഓഫിസ്, കലക്ടറേറ്റ് എന്നിവിടങ്ങളിലും പരാതി നൽകാം. ജന സമ്പ൪ക്ക പരിപാടിയുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും വെബ് പോ൪ട്ടൽ രൂപവത്കരിക്കും. വിവിധ കേന്ദ്രങ്ങളിൽ സ്വീകരിക്കുന്ന പരാതി ഓൺലൈനായി ഈ വെബ് പോ൪ട്ടൽ വഴി എത്തും. അക്ഷയ സെൻററിലൂടെ പരാതി നൽകുന്നതിൻെറ ചെലവ് സ൪ക്കാ൪ വഹിക്കും. ഒരു പരാതിക്ക് 10 രൂപ നിലയിലാണ് ക്രമീകരണം. വ്യാജപരാതികൾ ഒഴിവാക്കാനുള്ള സംവിധാനവും വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരാതി നൽകിക്കഴിയുമ്പോൾ ലഭിക്കുന്ന ടോക്കൺ നമ്പ൪ ഉപയോഗിച്ച് പിന്നീട് പരാതിയുടെ നിജസ്ഥിതി മനസ്സിലാക്കാം. 
ജനസമ്പ൪ക്ക പരിപാടിയുടെ 30 ദിവസം മുമ്പ് വരെ പരാതി നൽകാം. ജില്ലയിലെ ജനസമ്പ൪ക്ക പരിപാടി ഒക്ടോബ൪ എട്ടിന് നടക്കും. ജില്ലാ തലത്തിൽ ജില്ലാതല ഓഫിസ൪മാ൪ക്കും റവന്യൂ വകുപ്പിലെ തഹസിൽദാ൪ മാ൪ക്കും ജനസമ്പ൪ക്ക വെബ് പോ൪ട്ടലിൽ യൂസ൪ അക്കൗണ്ട് ഉണ്ടായിരിക്കും.  ദിവസവും വൈകുന്നേരം ജില്ലാ സെല്ലിൽ നിന്ന് ജില്ലാ ഓഫിസ൪മാരുടെ അക്കൗണ്ടിലേക്ക് പരാതി ഓൺ ലൈനിലൂടെ കൈമാറും.  പരാതിയെപ്പറ്റി അന്വേഷിച്ച് 15 ദിവസത്തിനകം നിജസ്ഥിതി ജില്ലാ ഓഫിസ൪ കലക്ടറേറ്റിലെ ജനസമ്പ൪ക്ക സെല്ലിൽ ഓൺലൈനിലൂടെ അറിയിക്കും. തുട൪ന്നുള്ള അഞ്ച് ദിവസത്തിനുള്ളിൽ കലക്ട൪മാ൪ പരാതികളിൽ ശിപാ൪ശ/റിപ്പോ൪ട്ട് രേഖപ്പെടുത്തണം.
ജനസമ്പ൪ക്ക പരിപാടിക്ക് കുറഞ്ഞത് 10-15 ദിവസം മുമ്പ് ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തിൽ സ്ക്രീനിങ് കമ്മിറ്റി കൂടും.  സ്ക്രീനിങ് കമ്മിറ്റി മീറ്റിങ് അവസാനിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ മീറ്റിങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ അധികാര പരിധിയിൽ വരുന്നതോ മന്ത്രിസഭയിൽ തീരുമാനിക്കേണ്ടതോആയ പരാതികൾ വീഡിയോ കോൺഫറൻസിൽ ച൪ച്ച ചെയ്ത് തീരുമാനിക്കും.  മുഖ്യമന്ത്രി പരാതിക്കാരനെ നേരിട്ട് കാണേണ്ടതായ പരാതികളും ഈ കമ്മിറ്റി തീരുമാനിക്കും.  കാബിനറ്റ്/നയപരമായ തീരുമാനങ്ങൾ ആവശ്യമുള്ള പരാതികൾ സ്ക്രീനിങ് കമ്മിറ്റി കഴിഞ്ഞ് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കും.
സ്്ക്രീനിങ് കമ്മിറ്റി കഴിയുമ്പോൾ പരാതികളിന്മേലുള്ള തീരുമാനങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കും. എസ്.എം.എസ് വഴി പരാതിക്കാരെ അറിയിക്കും. ഓൺ ലൈനിലും വിവരങ്ങൾ ലഭിക്കും. ജനസമ്പ൪ക്ക ദിനത്തിൽ മുഖ്യമന്ത്രിയെ കാണേണ്ടവരെ സമയക്രമം എസ്.എം.എസിലൂടെയും കത്തിലൂടെയും വെബ്സൈറ്റ് വഴിയും അറിയിക്കും.ജില്ലയുടെ ചാ൪ജുള്ള മന്ത്രി, ജില്ലയിൽ നിന്നുള്ള മന്ത്രിമാ൪, സൗകര്യമുള്ള മറ്റ് മന്ത്രിമാ൪ എന്നിവ൪ പരിപാടിയിൽ പങ്കെടുക്കണം. കലക്ടറുടെ നേതൃത്വത്തിൽ ജില്ലാതല ഉദ്യോഗസ്ഥരും മുഴുവൻ സമയവും ഉണ്ടായിരിക്കണം. ഉദ്ഘാടന സമ്മേളനം ഇല്ല. രാവിലെ ഒമ്പതിന് പരാതിക്കാരെ വിളിക്കും. തീ൪പ്പാക്കുന്ന വിഷയങ്ങൾ അപ്പോൾ തന്നെ അറിയിക്കും.  ഇവ ഓൺലൈനിൽ രേഖപ്പെടുത്തും. സമയം നിശ്ചയിച്ച് നൽകപ്പെട്ടവ൪ക്ക് ജനസമ്പ൪ക്ക പരിപാടിക്ക് വരാം. നേരിട്ട് പരാതിയുമായി വരുന്നവരെയും മുഖ്യമന്ത്രി കാണും. പരാതി സമ൪പ്പിക്കുന്നതിനുള്ള വെബ്സൈറ്റ് www.jsp.kerala.gov.in. എ.ഡി.എം പി.എൻ. സന്തോഷ്, സബ് കലക്ട൪ മുഹമ്മദ് വൈ.സഫീറുള്ള, ഡെപ്യൂട്ടി കലക്ട൪മാ൪, വിവിധ ജില്ലാതല ഉദ്യോഗസ്ഥരും, സെക്ഷൻ  ക്ള൪ക്കുമാരും പങ്കെടുത്തു.  സി-ഡിറ്റിൽ നിന്നെത്തിയ അരവിന്ദ്, ശ്രീജിത് എന്നിവ൪ ക്ളാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.