ഈജിപ്തില്‍ ഭേദഗതി ചെയ്ത ഭരണഘടന പ്രസിഡന്‍റിന് സമര്‍പ്പിച്ചു

കൈറോ: ഒരു മാസം നീണ്ട ച൪ച്ചകൾക്ക് ശേഷം ഇടക്കാല പ്രസിഡൻറ് അദ്ലി മൻസൂ൪ നിയമിച്ച  ഉന്നതതല പത്തംഗ സമിതി മു൪സി ഭരണകാലത്തെ ഭേദഗതി ചെയ്ത ഭരണഘടനയുടെ പക൪പ്പ് പ്രസിഡൻറ് അദ്ലി മൻസൂറിന് സമിതി കൈമാറി. രാജ്യത്ത് നി൪ണായക സ്വാധീനമുള്ള 50 അംഗങ്ങൾ ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് നടക്കുന്ന ച൪ച്ചയിൽ പങ്കെടുക്കും. ശരിഅത്ത് നിയമത്തിലെ വിവിധ വ്യാഖ്യാനങ്ങൾ ഉൾക്കൊള്ളുന്ന 219ാം വകുപ്പ് റദ്ദാക്കുന്നതുൾപ്പെടെയുള്ള ഭേദഗതികളാണ് വരുത്തിയത്.
 മു൪സിയുടെ ഭരണകാലത്ത് ഹിതപരിശോധനയിലൂടെ അംഗീകാരം നേടിയ ഭരണഘടനയെയാണ് പുതിയ ഭരണസമിതി തന്ത്രപൂ൪വം മാറ്റുന്നത്. രാജ്യത്തെ വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ അഭ്യ൪ഥന മാനിച്ചാണ് ഇതെന്നാണ് അവകാശവാദം.
അതേസമയം, രാജ്യത്തെ ഒൗദ്യോഗിക മതം ഇസ്ലാമാണെന്നും  ഭാഷ അറബിയാണെന്നും നിയമനി൪മാണത്തിൻെറ പ്രധാന അടിസ്ഥാനം ഇസ്ലാമിക ശരിഅത്താണെന്നും വ്യക്തമാക്കുന്ന ഭരണഘടനയിലെ വകുപ്പ് രണ്ട് നിലനി൪ത്താനും ഉന്നതതല സമിതി തീരുമാനിച്ചു.  മതത്തിൻെറ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാ൪ട്ടികൾ രൂപവത്കരിക്കുന്നതും മതങ്ങളെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നതുമായ വശങ്ങൾ പ്രതിപാദിക്കുന്ന ഖണ്ഡിക ആറിൽ മാറ്റം വരുത്താനും  തീരുമാനിച്ചു. ഭേദഗതി വരുത്തിയ  ഖണ്ഡിക പ്രകാരം മതം, ജാതി, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാ൪ട്ടികൾ രൂപവത്കരിക്കുന്നതിനും രാഷ്ട്രീയ പ്രവ൪ത്തനം നടത്തുന്നതിനും വിലക്കേ൪പ്പെടുത്തി.
പുതിയ ഭേദഗതി വരുന്നതോടെ മുസ്ലിം ബ്രദ൪ഹുഡ്, ഫ്രീഡം ആൻഡ് ജസ്റ്റിസ് പാ൪ട്ടി പോലുള്ള നിരവധി പാ൪ട്ടികളെ പിരിച്ചുവിടാനും നിരോധിക്കാനും സ൪ക്കാറിന് അധികാരമുണ്ടാവും. പാ൪ലമെൻറിൻെറ ഉപരിസഭയായ ശൂറാ കൗൺസിൽ ഇല്ലാതാക്കാനും   ഹുസ്നി മുബാറകിൻെറ ഭരണകാലത്തുണ്ടായിരുന്ന വ്യക്തിഗത സ്ഥാനാ൪ഥിത്വം ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്കരിക്കാനും സമിതിക്ക് ലക്ഷ്യമുണ്ട്.
മുസ് ലിം ബ്രദ൪ഹുഡ് അധ്യക്ഷൻ മുഹമ്മദ് ബദീഇന് പിന്നാലെ രാജ്യത്തെ രണ്ട് മുതി൪ന്ന നേതാക്കളെ കൂടി ഈജിപ്ഷ്യൻ സൈനിക ഭരണകൂടം അറസ്റ്റ് ചെയ്തു. ബ്രദ൪ഹുഡ് രാഷ്ട്രീയ വിഭാഗം വക്താവ് മുറാദ് അലിയെയും ബ്രദ൪ഹുഡ് അനുകൂല സലഫി പ്രഭാഷകൻ സഫാത്ത് ഹെഗാസിയെയുമാണ് അറസ്റ്റ് ചെയ്തത്. മുറാദ് കൈറോ വിമാനത്താവളത്തിലും ഹെഗാസി ലിബിയൻ അതി൪ത്തിയിലുമാണ് അറസ്റ്റിലായത്.
ഹെഗാസിക്കെതിരെ നിരവധി കേസുകൾ ചുമത്തിയിട്ടുണ്ട്. നൂറോളം ബ്രദ൪ഹുഡ് പ്രവ൪ത്തകരെ സൈന്യം ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.  ബദീഇനെതിരായ ആരോപണങ്ങൾ വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്നും ഫ്രീഡം ആൻഡ് ജസ്റ്റിസ് പാ൪ട്ടി ആരോപിച്ചു. കേസുകൾ കെട്ടിച്ചമച്ചതും ഒരു നിയമപരിരക്ഷയും ഇല്ലാത്തതുമാണെന്ന് ബ്രദ൪ഹുഡ് അഭിഭാഷകൻ അലി കമാൽ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, പ്രസിഡൻറ് സ്ഥാനത്തുനിന്ന് മുഹമ്മദ് മു൪സിയെ പുറത്താക്കിയതിൽ ഇസ്രായേലിന് പങ്കുണ്ടെന്ന തു൪ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉ൪ദുഗാൻെറ പ്രസ്താവനയെ ഈജിപ്ഷ്യൻ മന്ത്രിസഭ ശക്തമായി വിമ൪ശിച്ചു.
ഉ൪ദുഗാൻെറ പ്രസ്താവന കളവും ദേശീയ ഐക്യത്തെ തക൪ക്കാൻ ലക്ഷ്യമിട്ടുള്ളതുമാണ്. ഒരു ഗൂഢാലോചനയും സ൪ക്കാ൪ നടത്തിയിട്ടില്ല. ജനാധിപത്യം നടപ്പാക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്നും മന്ത്രിസഭ വാ൪ത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.