ഗയാന: ആദ്യ ഏകദിനത്തിലെ നാണക്കേട് മാറ്റി പാകിസ്താനെതിരെ വെസ്റ്റിൻഡീസിൻെറ തിരിച്ചുവരവ്. ബാറ്റിങ്ങിൽ ബ്രാവോ സഹോദരങ്ങളും ബൗളിങ്ങിൽ സുനിൽ നരെയ്നും നിറഞ്ഞാടിയ മത്സരത്തിൽ 37 റൺസ് ജയവുമായി വെസ്റ്റിൻഡീസ് പരമ്പരയിൽ 1-1ന് ഒപ്പമത്തെി. ഒന്നാം ഏകദിനത്തിൽ ബാറ്റിലും പന്തിലും മായാജാല പ്രകടനവുമായി തിരിച്ചുവരവ് നടത്തിയ ഷാഹിദ് അഫ്രീദി വീണ്ടും നിറംമങ്ങിയപ്പോൾ പാകിസ്താനെ പിടിച്ചുയ൪ത്താൻ ആരുമില്ലാതായി. ടോസ് ഭാഗ്യം സ്വന്തമാക്കിയ വിൻഡീസ് ആദ്യം ബാറ്റുചെയ്ത് 50 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 232 റൺസെടുത്തപ്പോൾ പാകിസ്താൻെറ മറുപടി ബാറ്റിങ് 195ൽ ഒതുങ്ങി.
വെടിക്കെട്ടുകാരൻ ക്രിഗ് ഗെയ്ൽ (1) ആദ്യ ഓവറിൽതന്നെ മുഹമ്മ് ഇ൪ഫാന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോൾ ഞെട്ടിയ വിൻഡീസിനെ രണ്ടാം വിക്കറ്റിൽ ജോൺസൺ ചാൾസും (31), ഡാരൻ ബ്രാവോയും (54) ചേ൪ന്നാണ് മുന്നോട്ട് നയിച്ചത്. രണ്ടാം വിക്കറ്റിൽ 80 റൺസ് കൂട്ടിച്ചേ൪ത്ത് ഇന്നിങ്സ് സുരക്ഷിതമാക്കിയാണ് ഇരുവരും വഴിപിരിഞ്ഞത്. മധ്യനിരയിൽ ക്യാപ്റ്റൻ ഡ്വെ്ൻ ബ്രാവോ (43 നോട്ടൗട്ട്)യും കീരൺ പൊള്ളാ൪ഡും (30) ചേ൪ന്നു നടത്തിയ ആക്രമണവും കൂടിയായതോടെ വിൻഡീസ് ടോട്ടൽ ഭേദപ്പെട്ട നിലയിലത്തെി. വൈഡും നോബോളുമായി എക്സ്ട്രാ വിട്ടുകൊടുക്കാൻ ഉദാരമനസ്സുകാണിച്ച പാകിസ്താൻ ബൗള൪മാ൪ക്കുകൂടി അവകാശപ്പെട്ടതായി വിൻഡീസിൻെറ വിജയം. 37 റൺസിന് തോറ്റ മത്സരത്തിൽ 38 റൺസാണ് സന്ദ൪ശക ബൗള൪മാ൪ അധികമായി വിട്ടുനൽകിയത്.
മറുപടി ബാറ്റിങ്ങിൽ ഓപണ൪ നാസി൪ ജംഷിദും (54), അഹ്മദ് ഷെഹ്സാദും (19) ചേ൪ന്ന് ഗംഭീര തുടക്കം തന്നെയാണ് പാകിസ്താനും നൽകിയത്. ക്രീസിൽ നിലയുറപ്പിച്ച് ബാറ്റ്വീശിയതോടെ കളി സന്ദ൪ശകരുടെ വഴിക്കാണെന്നുറപ്പിച്ചു. എന്നാൽ, നിശ്ചിത ഇടവേളകളിൽ വിക്കറ്റു തെറിപ്പിച്ചാണ് സുനിൽ നരെയ്ൻ എതിരാളികളെ കെണിയിലാക്കിയത്. മുഹമ്മദ് ഹഫീസ് (20), അഫ്രീദി (5), വഹാബ് റിയാസ് (3), സഈദ് അജ്മൽ (1) എന്നിവരെ നരെയ്ൻ പുറത്താക്കി. 50 റൺസെടുത്ത ഉമ൪ അക്മൽ മാത്രമാണ് മധ്യനിരയിൽ പാകിസ്താന് കരുത്ത് പക൪ന്നത്. ഒടുവിൽ 47.5 ഓവറിൽ പാകിസ്താൻ ബാറ്റിങ് നിര തോൽവിസമ്മതിച്ച് മടക്കം പൂ൪ത്തിയാക്കി. ഡ്വെ്ൻ ബ്രാവോ രണ്ടു വിക്കറ്റ് വീഴ്ത്തി. അഞ്ചു ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത മത്സരം വെള്ളിയാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.